Latest News :
...
Home » , , , » ബാബരി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8 ലേക്ക് മാറ്റി സുപ്രീംകോടതി

ബാബരി മസ്ജിദ് തര്‍ക്കം; അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8 ലേക്ക് മാറ്റി സുപ്രീംകോടതി

Written By Muhimmath News on Tuesday, 5 December 2017 | 21:32




ന്യൂഡല്‍ഹി: ബാബരി മസ്ജിദ് നിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഫെബ്രുവരി 8ലേക്ക് മാറ്റി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നാസര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാംലാല വിരാജ്മാന്‍ എന്നിവക്ക് 2.77 ഏക്കര്‍ വരുന്ന ഭൂമി തുല്യമായി പങ്കിട്ടു നല്‍കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്.

അതേസമയം വിഷയത്തിന്റെ സങ്കീര്‍ണ്ണതയും രാഷ്ട്രീയ മാനവും മുന്‍നിര്‍ത്തി കേസ് 2019 ജൂലൈക്ക് ശേഷം പരിഗണിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബലിന്റെ ആവശ്യം കോടതി തള്ളി. ഹര്‍ജികളില്‍ എത്രയും വേഗം വാദം കേള്‍ക്കുമെന്ന് കഴിഞ്ഞ ജൂലൈ 21ന് മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചും വ്യക്തമാക്കിയിരുന്നു.

1992 ഡിസംബര്‍ 6 നാണ് അയോധ്യയിലെ ബാബറി മസ്ജിദ് കര്‍സേവകര്‍ തകര്‍ക്കുന്നത്. പളളി നില്‍ക്കുന്ന സ്ഥലം രാമജന്മ ഭൂമിയാണെന്നും അവിടെ രാമക്ഷേത്രം നിര്‍മിക്കുമെന്നും പ്രഖ്യാപിച്ചാണ് മസ്ജിദ് പൊളിച്ചത്. തുടര്‍ന്ന് 2010ല്‍ അലഹാബാദ് ഹൈക്കോടതി രാംലാല, നിര്‍മോഹി അഖാരക്കും സുന്നി വഖഫ് ബോര്‍ഡിനും ഭൂമി തുല്യമായി വീതിച്ച് നല്‍കിയതോടെയാണ് രാമജന്മ ഭൂമിയുടെ അവകാശ തര്‍ക്കം സുപ്രീംകോടതിയിലെത്തുന്നത്.

കോടതിക്ക് പുറത്ത് കേസ് ഒത്തു തീര്‍ക്കാന്‍ ഇരുകൂട്ടരും നടപടി സ്വീകരിക്കണമെന്ന് 2017 മാര്‍ച്ചില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചകളൊന്നും നടന്നില്ല. തുടര്‍ന്ന് കേസ് നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കി പെട്ടെന്ന് വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എം.പി സുബ്രഹ്മണ്യം സ്വാമി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved