Wednesday, 27 December 2017

ഷൊര്‍ണൂര്‍ നിളാ തീരത്ത് പെയ്തിറങ്ങിയ മാലപ്പാട്ടുകളുടെ ഇശല്‍ പൂമഴ ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി




ഷൊര്‍ണൂര്‍: ഞരളത്ത് കലാശ്രമത്തിന്റെ നേതൃത്വത്തില്‍ ഷൊര്‍ണൂര്‍ ജംഗ്ഷന് സമീപം ഭാരതപ്പുഴയോരത്ത് സംഘടിപ്പിച്ച 'പാട്ടോളം2 ' സംഗീതോത്സവ വേദിയില്‍ മൊഗ്രാല്‍ കലാകാരന്മാരുടെ മാലപ്പാട്ടിലൂടെ പെയ്തിറങ്ങിയ ഇശല്‍ മധുരിമ ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി മാറി. കേരള സംഗീത ലോകത്തെ ഗ്രാമീണ ഗാന ശാഖകളടക്കമുള്ള കലാ സംഗീത ശാഖകളെ കോര്‍ത്തിണക്കിയാണ് 10 രാത്രികള്‍ നീണ്ടു നില്‍ക്കുന്ന പാട്ടോളം സംഗീതോത്സവം സംഘടിപ്പിക്കുന്നത്.കേരള സര്‍ക്കാരിന്റെ സഹകരണത്തോടെ നടക്കുന്ന ഈ കലാമേള രണ്ടാം തവണയാണ് നടക്കുന്നത്. ഡിസംബര്‍ 31 വരെ പരിപാടി നീണ്ടു നില്‍ക്കും. കാസറഗോഡ് ജില്ലയില്‍ നിന്ന് മൊഗ്രാലിലെ ഗായകര്‍ക്കാണ് ഈ കലാവിരുന്നിലേക്ക് രണ്ടാമതും പ്രത്യേക ക്ഷണം ലഭിച്ചത്.


മാപ്പിളപ്പാട്ട് മേഖലയില്‍ ഏറെ ചലനം സൃഷ്ടിച്ച നൂറ്റാണ്ടിന്റെ കാവ്യ പാരമ്പര്യമുള്ള മൊഗ്രാലിന്റ കാവ്യ പെരുമയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു ഈ ക്ഷണം. കമ്പിയും കഴുത്തും, വാലിന്‍മേല്‍ കമ്പിയും, പദവും, ചായലും, ബിരുത്തവുമെല്ലാം ഒത്തിണങ്ങിയ മാലപ്പാട്ടുകളാണ് വേദിയില്‍ മൊഗ്രാല്‍ ഗായകര്‍ അവതരിപ്പിച്ചത്. ഏറെ ശ്രദ്ധേയമായ മാലപ്പാട്ടുകള്‍ പാട്ടോളം സംഗീതോത്സവ വേദിയില്‍ അവതരിപ്പിക്കണമെന്ന പ്രശസ്ത സോപാന സംഗീതജ്ഞനും മുഖ്യ സംഘാടകനുമായ ഞരളത്ത് ഹരിഗോവിന്ദന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മൊഗ്രാലിലെ ഗായകര്‍ ഷൊര്‍ണൂരിലെത്തിയത്. മാപ്പിളപ്പാട്ട് ശാഖയിലെ ഏറെ പുരാതനവും ശ്രദ്ധേയവുമായ മധുരം കിനിയുന്ന മാലപ്പാട്ടുകളുടെ ഈരടികള്‍ തിങ്ങിനിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മലയാളക്കര മാറോടണച്ച കാവ്യങ്ങളായ ഖാളി മുഹമ്മദ് രചിച്ച മുഹ്‌യദ്ദീന്‍ മാല, പ്രശസ്തി നേടിയ നഫീസത്ത് മാല, പ്രശസ്ത കവിയത്രി പി.കെ അലീമ രചിച്ച ചന്ദിരസുന്ദരി മാല, ബദ്ര്‍ മാല, മൊഗ്രാല്‍ കവി അഹ്മദ് ഇസ്മായില്‍ സാഹിബിന്റെ പുതിയ നിക്കാഹ് മാല എന്നീ ഗാനങ്ങളാണ് പാട്ടോളം വേദിയില്‍ അവതരിപ്പിച്ചത്. ഉസ്താദ് കെ.എം അബ്ദുല്‍ റഹ്മാന്‍, എസ്.കെ ഇഖ്ബാല്‍, യൂസഫ് മാസ്റ്റര്‍, ടി.കെ.അന്‍വര്‍, ഖാദര്‍ മൊഗ്രാല്‍ , മുഹമ്മദ് അബ്‌കോ എന്നിവരാണ് മൊഗ്രാല്‍ പാട്ടുസംഘത്തിലുണ്ടായിരുന്നത്. ഞരളത്ത് കലാശ്രമത്തിന്റെ പാട്ടോളം ആദരപത്രം മൊഗ്രാല്‍ കലാകാരന്മാര്‍ക്ക് ചടങ്ങില്‍ വെച്ച് പ്രശസ്ത സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ സമ്മാനിച്ചു.

SHARE THIS

Author:

0 التعليقات: