Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപി എംപിയെ ചോദ്യം ചെയ്തു

കാര്‍ രജിസ്‌ട്രേഷന്‍ തട്ടിപ്പ്; സുരേഷ് ഗോപി എംപിയെ ചോദ്യം ചെയ്തു

Written By Muhimmath News on Thursday, 21 December 2017 | 12:13
























തിരുവനന്തപുരം: പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ചെന്ന കേസില്‍ നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എസ്.പി സന്തോഷ് കുമാറിന് മുമ്പാകെയാണ് അദ്ദേഹം ഹാജരായത്. 

കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുകയും ആര്‍.സി രേഖകള്‍ പരിശോധിക്കുകയും ചെയ്ത അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി. ആഡംബര കാറിന്റെ നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വ്യാജ രേഖകള്‍ ചമച്ച് കാര്‍ രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം അദ്ദേഹത്തില്‍ നിന്ന് ചോദിച്ചറിഞ്ഞത്.

കാര്‍ രജിസ്റ്റര്‍ ചെയ്യാനായി വ്യാജ വിലാസത്തിലുള്ള രേഖകള്‍ ചമച്ചവരെപ്പറ്റിയുള്ള വിവരങ്ങളും സുരേഷ് ഗോപിയില്‍ നിന്ന് ശേഖരിക്കുന്നുണ്ട്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി നല്‍കിയ ഹര്‍ജിയില്‍ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയശേഷം സുരേഷ് ഗോപിയെ വിട്ടയക്കും. എന്നാല്‍, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

കാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി പുതുച്ചേരിയില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ആഡംബര കാറുകള്‍ക്ക് വന്‍തുക നികുതി നല്‍കേണ്ടി വരുമെന്നതിനാല്‍ അതൊഴിവാക്കുന്നതിനാണ് കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്നാണ് ആരോപണം. 

നികുതി വെട്ടിച്ച് വാഹനം രജിസ്റ്റര്‍ ചെയ്തതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. വ്യാജരേഖ ചമക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ക്രൈംബ്രാഞ്ചാണ് കേസെടുത്തത്.
പുതുച്ചേരിയിലാണ് സുരേഷ് ഗോപിയുടെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തത്. ആരോപണം ഉയര്‍ന്നതോടെ വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ സുരേഷ് ഗോപി മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയിരുന്നു. എന്നാല്‍, രേഖകളില്‍ അപാകത കണ്ടതോടെയാണ് ക്രൈംബ്രാഞ്ച് കേസെടുക്കാന്‍ തീരുമാനിച്ചത്. 

അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായ ശേഷം സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ ജാമ്യാപേക്ഷയുമായി മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചേക്കും.
വ്യാജ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved