Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , , » പ്രമുഖ സുന്നീ പണ്ഡിതന്‍ കെ എച്ച് അഹ്മദ് ഫൈസി നിര്യാതനായി

പ്രമുഖ സുന്നീ പണ്ഡിതന്‍ കെ എച്ച് അഹ്മദ് ഫൈസി നിര്യാതനായി

Written By Muhimmath News on Monday, 18 December 2017 | 11:20
























ദുബായ്: ദക്ഷിണ കര്‍ണാടക ബെല്‍ത്തങ്ങാടി താലൂക്കിലെ കക്കിഞ്ച സ്വദേശിയും പ്രമുഖ പണ്ഡിതനും പഴയകാല മതപ്രഭാഷകനുമായ കെ എച്ച് അഹ്മദ് ഫൈസി (66) ദുബായ് ഇറാനി ആശുപത്രിയില്‍ നിര്യാതനായി.
പതിനെട്ട് വര്‍ഷത്തോളമായി ദുബായ് സോണാപൂര്‍ മസ്ജിദില്‍ ഇമാമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

1977 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്നും ഫൈസി ബിരുദമെടുത്ത് കാസര്‍കോട് ജില്ലയിലെ തലയെടുപ്പുള്ള സുന്നീ നേതാവും നിലവില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറിയുമായ ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിക്കൊപ്പം കാസര്‍കോട് കര്‍മണ്ഡലമായി തിരഞ്ഞെടുത്ത കെ.എച്ച്. ഫൈസി പ്രഥമമായി ജോലി തിരഞ്ഞെടുത്തത് നായന്മാര്‍മൂല ജുമാ മസ്ജിദായിരുന്നു. തുടര്‍ന്ന് പൊവ്വല്‍, പൈക്ക,  മൊഗ്രാല്‍ തുടങ്ങിയ ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങില്‍ രണ്ടര ദശാബ്ദക്കാലത്തിലേറെ സേവനമനുഷ്ഠിച്ച അദ്ദേഹം കര്‍ണാടകയിലെ കണ്ണങ്കാര്‍, സാഗര്‍, സുള്ള്യ, കാജൂര്‍ തുടങ്ങിയ പ്രശസ്ത കേന്ദ്രങ്ങളിലും മുദരീസും ഖത്വീബുമായി സേവനം ചെയ്തു. 

സദാ സേവന സന്നദ്ധനും നിഷ്‌കാമ സ്‌നേഹിയും സാന്ത്വന പ്രിയനുമായിരുന്ന അദ്ദേഹത്തിന് വലിയൊരു സുഹൃദ് ബന്ധം കേരള, കര്‍ണാടക, സംസ്ഥാനങ്ങളിലായി പരന്നകിടക്കുന്നുണ്ട്.
ഒന്നര ദശാബ്ദക്കാലത്തിലേറെയായി ഇപ്പോള്‍ പ്രവാസ ജീവിതത്തിലുള്ള അദ്ദേഹത്തിന് അവിടെയും നല്ലൊരു ബന്ധമാണുള്ളത്. 
കാസര്‍കോട്, ദക്ഷിണ കന്നട ജില്ലകളിലെ ഒട്ടുമിക്ക മതസ്ഥാപനങ്ങളുടെയും ഡി.കെ.സി, ഐ.സി.എഫ്. തുടങ്ങിയ സംഘടനകളുടെയും പ്രധാന ഭാഗമായി നിസ്വാര്‍ത്ഥ സേവനം നടത്തിവരുന്ന അദ്ദേഹത്തിന് ജാമിഅ സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍, തൃക്കരിപ്പൂര്‍ മുജമ്മഅ് എന്നീ സ്ഥാപന കമ്മിറ്റികളിലെ പ്രധാന അംഗത്വമോ സാരഥ്യമോ ഉണ്ട്. 

ജില്ലയിലെ എസ്.വൈ.എസ്. തുടങ്ങിയ സുന്നീ സംഘടനകളുടെ രൂപീകരണങ്ങള്‍ക്കും പുരോഗതിക്കും അദ്ദേഹം നല്‍കിയ സേവനം അവിസ്മരണീയമായിരുന്നു.
63 വര്‍ഷം കക്കിഞ്ച ജുമാ മസ്ജിദില്‍ മുഅല്ലിം ആയി സേവനം ചെയ്ത കെ.എച്ച്. ഹൈദര്‍ ഹാജി-ബീഫാത്വിമ ദമ്പതികളുടെ മൂത്ത മകനാണ് കെ.എച്ച്. ഫൈസി. ഒക്ടോബര്‍ 18ന് പിതാവ് മരണപ്പെട്ടപ്പോള്‍ ചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ച് ദുബായിലെത്തി ഒന്നരമാസം തികയുമ്പോഴാണ് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്.

ഒരു സഹോദരന്‍ എട്ടുവര്‍ഷം മുമ്പ് മംഗലാപുരം വിമാനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിനു പുറമെ അബൂബക്കര്‍, അബ്ദുന്നാസര്‍, അബ്ദുല്ലത്വീഫ് (അബൂദാബി). അബ്ദുസ്സലാം (അബൂദാബി), അബ്ദുല്‍ ഹഖീം (അബൂദാബി) എന്നീ സഹോദരന്മാരും സുബൈദ, നഫീസ, മറിയുമ്മ, ഹഫ്‌സ, മൈമൂന, നൂറുന്നിസ, പരേതയായ ആത്വിഖ എന്നീ സഹോദരിമാരുമുണ്ട്. 

ഭാര്യ: ഹഫ്‌സ. മക്കള്‍: നൗഫല്‍ (അബൂദാബി), സിനാന്‍ (അബൂദാബി). ഫര്‍ഹാന, അഷ്‌റീന. 
മയ്യത്ത് ചൊവ്വാഴ്ച രാവിലെ മംഗലാപുരത്ത് എത്തിക്കാനുള്ള ഏര്‍പ്പാടിലാണ് ബന്ധുക്കള്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved