Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , » വിവാഹാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്ക് അറുതിയായില്ല; രാത്രി പുറപ്പെട്ട വരന്‍ മൊഗ്രാലിലെ വധുവിന്റെ വീട്ടിലെത്തിയത് രാവിലെ 7 മണിക്ക്

വിവാഹാഘോഷങ്ങളിലെ ആഭാസങ്ങള്‍ക്ക് അറുതിയായില്ല; രാത്രി പുറപ്പെട്ട വരന്‍ മൊഗ്രാലിലെ വധുവിന്റെ വീട്ടിലെത്തിയത് രാവിലെ 7 മണിക്ക്

Written By Muhimmath News on Monday, 11 December 2017 | 17:16




കുമ്പള :പവിത്രമായ വിവാഹാഘോഷങ്ങളിലെ ആഭാസങ്ങളും, റാഗിങ്ങും തുടര്‍ക്കഥകളായി തുടരുമ്പോള്‍ ജമാഅത്ത് മഹല്ല് കമ്മിറ്റികളുടെ നിസ്സംഗത ഏറെ പ്രതിഷേധത്തിന് കാരണമാവുന്നു.

ഇസ്‌ലാമികാചാരങ്ങള്‍ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് വിവാഹാഘോഷവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഘോഷയാത്രയായി ഒരു നിയന്ത്രണവുമില്ലാതെ വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നതിനു പിറകെ രാത്രി വരനെ സുഹൃത്തുക്കള്‍ എന്ന പേരില്‍ റാഗിങ്ങിന് വിധേയമാക്കുന്ന ചടങ്ങാണ് ഇപ്പോള്‍ ചര്‍ച്ചക്കും പ്രതിഷേധത്തിനും വഴിവെച്ചിരിക്കുന്നത്. വിമര്‍ശനം ഉയരുന്നതാകട്ടെ ജമാഅത്ത് മഹല്ല് കമ്മിറ്റികള്‍ക്ക് നേരെയും.

രണ്ട് ദിവസം മുമ്പ് കുമ്പളയില്‍ നിന്ന് മൊഗ്രാലിലേക്ക് രാത്രി സുഹൃത്തുക്കളുടെ റാഗിങ്ങിന് വിധേയനായി വരന്‍ എത്തിയത് രാവിലെ 7 മണിക്കാണ്. ഇത് മൂലം വധുവിന്റെ വീട്ടുകാര്‍ അനുഭവിച്ച കാത്തിരിപ്പും, വിഷമവും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര വലുതായിരുന്നു. രാത്രിക്കായി ഉണ്ടാക്കി വെച്ച ഭക്ഷണ പലഹാരങ്ങള്‍ പോലും വധുവിന്റെ വീട്ടുകാര്‍ക്ക് കളയേണ്ടി വന്നു.

ജില്ലയില്‍ ഈ അടുത്ത കാലത്തായി വിവാഹാഘോഷങ്ങള്‍ സാമൂഹ്യസംഘര്‍ഷത്തിന്നു തന്നെ വഴി വെച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെടുക്കേണ്ട ജമാഅത്ത് കമ്മിറ്റികളുടെ നിസ്സംഗത ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. 


വിവാഹം പോലെയുള്ള പരിപാവന കര്‍മ്മങ്ങളുടെ പേരില്‍ ഉണ്ടാക്കുന്ന ആഭാസങ്ങളെ കര്‍ശനമായി നിയന്ത്രിക്കണമെന്ന ജമാഅത്തുകളുടെ ആവശ്യം ചെവിക്കൊള്ളാന്‍ യുവതലമുറ തയ്യാറാകാത്തതാണ് ഇത് തുടര്‍ക്കഥകളായി മാറുന്നതെന്നാണ് ആക്ഷേപം.

ഇസ്ലാം പവിത്രമായി കാണുന്ന വിവാഹത്തെ ദൂര്‍ത്ത് കൊണ്ടും, അനാചാരങ്ങള്‍ കൊണ്ടും മലീമസമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഇതിന് വിവാഹ നിശ്ചയ സമയത്ത് തന്നെ ഇരുവീട്ടുകാരും തീരുമാനങ്ങളെടുക്കാനും തയ്യാറാകണമെന്ന ആവശ്യം ഇപ്പോള്‍ വീണ്ടും ശക്തമാവുകയാണ്. ഇതിനു ജമാഅത്ത് മഹല്ല് കമ്മിറ്റികള്‍ മുന്‍കൈ എടുക്കണമെന്നാണ് ആവശ്യം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved