Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » കരുണ കാത്ത് ഒരു കുടുംബം; നട്ടെല്ല് വളയുന്ന അപൂര്‍വ്വ രോഗവുമായി മുനവ്വര്‍

കരുണ കാത്ത് ഒരു കുടുംബം; നട്ടെല്ല് വളയുന്ന അപൂര്‍വ്വ രോഗവുമായി മുനവ്വര്‍

Written By Muhimmath News on Tuesday, 19 December 2017 | 10:25

ചെര്‍ക്കള: നട്ടെല്ല് വളയുന്ന അപൂര്‍വ്വരോഗം ബാധിച്ച പത്തുവയസ്സുകാരന്‍ സുമനസ്സുകളുടെ സഹായം കാത്തിരിക്കുന്നു. 

നായന്മാര്‍മൂല, പെരുമ്പളക്കടവ് ഖലീഫനഗറിലെ റഫീഖ്-നസീമ ദമ്പതികളുടെ മകന്‍ മുനവ്വറാണ് നെഞ്ചിന്റെ ഇടതുഭാഗം മുന്നോട്ടുതള്ളി നില്‍ക്കുന്ന രോഗം മൂലം വിഷമിക്കുന്നത്. നട്ടെല്ലു വളഞ്ഞ നിലയിലുള്ള മുനവ്വറിനു ഇടതു കൈക്കും സ്വാധീനമില്ല. കോഴിക്കോടു മുതല്‍ ബംഗ്‌ളൂരു വരെ നിരവധി ആശുപത്രികളില്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നു വിലപിക്കുകയാണ് മാതാപിതാക്കള്‍. 

ബംഗളൂരുവിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ അടുത്തകാലത്തായി നടത്തിയ പരിശോധനയില്‍ നട്ടെല്ലിനു സ്റ്റീല്‍ ഇടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ഭാരിച്ച ചികിത്സാ ചിലവ് താങ്ങാന്‍ ഈ നിര്‍ദ്ധന കുടുംബത്തിനു കഴിയുന്നില്ല. നസീമയുടെ സഹോദരന്റെ വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. കുട്ടിയുടെ ചികിത്സക്കായി സുമനസ്സുകള്‍ കനിയുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. 

കര്‍ണാടക മടിക്കേരി സ്വദേശിയായ റഫീഖ് 18 വര്‍ഷം മുമ്പ് കൂലിപ്പണി തേടിയാണ് കാസര്‍കോട്ടെത്തിയത്. അണങ്കൂരിലെ നിര്‍ധന കുടുംബത്തിലെ അംഗമാണ് ഭാര്യ നസീമ. ഇവര്‍ക്ക് മൂന്ന് മക്കളാണുള്ളത്. നാലാംതരം വിദ്യാര്‍ഥിനിയായ മൂത്തമകള്‍ മടിക്കേരിയില്‍ ബന്ധുക്കളുടെ സഹായത്തോടെയാണ് പഠിക്കുന്നത്. രണ്ടാമത്തെ മകനാണ് മുനവ്വര്‍.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടികളില്‍ മുനവ്വറിന്റെ ചികിത്സാ സഹായത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇനി സുമനസ്സുകളുടെ കനിവിലാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. 
സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നസീമയുടെ പേരില്‍ കാനറാബാങ്ക് വിദ്യാനഗര്‍ ശാഖയിലെ അക്കൗണ്ട് നമ്പര്‍: 4204108000433ല്‍ സഹായം നിക്ഷേപിക്കാം. ഐ.എഫ്.എസ്.കോഡ് :സി എന്‍ ആര്‍ ബി 0004204.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved