Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » ജറുസലേം; ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്ക് തിരിച്ചടി

ജറുസലേം; ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്ക് തിരിച്ചടി

Written By Muhimmath News on Friday, 22 December 2017 | 10:15
























യുനൈറ്റഡ് നേഷന്‍സ്: ജറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഏകപക്ഷീയ തീരുമാനത്തിനെതിരെ ലോകം ഒന്നിച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കക്ക് കനത്ത തിരിച്ചടി. 

തങ്ങള്‍ക്കെതിരായ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ട്രംപും യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യങ്ങള്‍ക്കുള്ള ധനസഹായമടക്കം നിര്‍ത്തിവെക്കുമെന്ന ഭീഷണികള്‍ക്ക് വഴങ്ങാന്‍ പക്ഷേ ഭൂരിപക്ഷം രാജ്യങ്ങളും തയാറായില്ലെന്നാണ് വോട്ടെടുപ്പ് ഫലം വെളിപ്പെടുത്തുന്നത്.

പൊതുസഭയില്‍ വോട്ടിങ് പൂര്‍ത്തിയായപ്പോള്‍ സഖ്യകക്ഷികളായ വന്‍ശക്തി രാജ്യങ്ങളടക്കം അമേരിക്കയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന കാഴ്ചയായിരുന്നു ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത്.

193 അംഗ പൊതുസഭയില്‍ 21 രാജ്യങ്ങള്‍ അടിയന്തര യോഗത്തിനെത്തിയിരുന്നില്ല. ഹാജരായ 172 രാജ്യങ്ങളില്‍ ഇന്ത്യയടക്കം 128 രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. അമേരിക്ക, ഇസ്രായേല്‍ എന്നിവയെ കൂടാതെ അയര്‍ലന്‍ഡ്, ഹോണ്ടുറസ്, ഗ്വാട്ടമാല, നഊറു, പലാവു, ടോഗോ, മൈക്രോനേഷ്യ എന്നീ രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ സഖ്യകക്ഷി രാജ്യങ്ങളടക്കം അമേരിക്കക്കെതിരെ വോട്ട് രേഖപ്പെടുത്തി. കാനഡ, ആസ്‌ട്രേലിയ എന്നിവയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

ട്രംപ് തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍ രക്ഷാസമിതിയില്‍ തിങ്കളാഴ്ച അവതരിപ്പിച്ച പ്രമേയം 15ല്‍ 14 അംഗരാജ്യങ്ങളും അംഗീകരിച്ചെങ്കിലും യു.എസ് വീറ്റോ ചെയ്തിരുന്നു. തുടര്‍ന്ന് വിഷയം പൊതുസഭയില്‍ ചര്‍ച്ചചെയ്യണമെന്ന് അറബ് രാജ്യങ്ങളും തുര്‍ക്കിയും ഉള്‍പ്പെട്ട ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍ ആവശ്യമുന്നയിച്ചു. ഇതേ തുടര്‍ന്നായിരുന്നു  ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്.

വോട്ടെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചയില്‍ പല രാജ്യങ്ങളുടെ പ്രതിനിധികളും രൂക്ഷമായ ഭാഷയിലാണ് ട്രംപിന്റെ തീരുമാനത്തെ വിമര്‍ശിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved