കാസര്‍കോട്: മാനവ സൗഹൃദം മനുഷ്യനന്മക്കെന്ന പൊലിമയുടെ സന്ദേശം പട്ട്ലയില് മാത്രമല്ല ബാധകമാകേണ്ടത്, കാസര്‍കോടും കഴിഞ്ഞ് കേരളം മൊത്തവും അതിലപ്പുറം, രാജ്യത്തോളം, വിശ്വത്തോളം പൊലിമ ഉയര്‍ത്തിപ്പിടിച്ച മാനവ സന്ദേശം ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്
പറഞ്ഞു .
കണക്ടിംഗ് പട്ല മുന്‍കൈ എടുത്ത് കൊണ്ട് സംഘടിപ്പിച്ച രണ്ട് മാസത്തോളം നീണ്ടു നിന്ന പട്ട്ല നാട്ടുത്സവമായ പൊലിമയുടെ സമാപനാഘോഷ ചടങ്ങ് ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
മനുഷ്യന് സമാധാനമാണാവശ്യം. ശാന്തതയും സൗഹൃദവും നിലനില്‍ക്കണം. ലോകത്ത് പക്ഷെ, മറിച്ചാണ് കൂടുതല്‍ കേട്ട് കൊണ്ടിരിക്കുന്നത്, കാണുന്നതും. ഏത് പ്രവാചകനും പറഞ്ഞത് നന്മ മാത്രമാണ്. മനുഷ്യസ്നേഹത്തിന്റെ ശക്തമായ ഉത്ഘോഷങ്ങളാണ് ഋഷിവര്യന്മാര് നടത്തിയത്. അവരില്‍ നിന്ന് നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളുക. അവരുടെ സേവനങ്ങള്‍ പ്രകീര്‍ത്തിക്കുക. പിന്‍പറ്റുക. ജനാധിപത്യം തുറന്ന സംവിധാനമാണ്. ഭരണാധികാരികള്‍ ഇവിടെ താത്കാലിക സംവിധാനവും. അവരാകട്ടെ വന്നും പോയ്ക്കൊണ്ടുമിരിക്കും. സാധാരണക്കാരന്റെ ഓരം ചേര്‍ന്ന് നടക്കാനായാല്‍ മാത്രമയാളെ ഭരണാധികാരി എന്ന് പറയാം. ഉള്ളവനെ വീണ്ടും വീണ്ടും തൃപ്തിപ്പെടുത്താന്‍ ഭരണാധികാരി എന്തിന് ? മന്ത്രി ചോദിച്ചു.
കേരള സര്‍ക്കാറിന് വേണ്ടി പൊലിമയെയും പൊലിമയുടെ പട്ലയെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു . മന്ത്രി അത് പറഞ്ഞു നിര്‍ത്തുമ്പോള്‍ ജനങ്ങള്‍ ആര്‍പ്പുവിളികളോടെ, കയ്യടിച്ചു സ്വീകരിച്ചു. പൊലിമ മുഖ്യ രക്ഷാധികാരി എം. എ. മജീദ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അസ്ലം മാവില സ്വാഗതവും കണ്‍വീനര്‍ എം.കെ. ഹാരിസ് നന്ദിയും പറഞ്ഞു.
സായാഹ്ന സാംസ്ക്കാരികപ്പൊലിമ രണ്ടാം സെഷന് എന്‍. എ . നെല്ലിക്കുന്ന് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ഒരു ഗ്രാമം മുഴുവന്‍ ഒരുമയോടെ ആഘോഷിക്കുന്ന പൊലിമപ്പെരുന്നാള് കേരളം മുഴുവന്‍ ഉണ്ടാകണം. പൊലിമയില്‍ ഐക്യവും സൗഹൃദവും എന്നും നിലനിര്‍ത്താന്‍ നമുക്കാകണമെന്ന് എന്‍. എ. നെല്ലിക്കുന്ന് പറഞ്ഞു.
മധുര് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വൈ. പ്രസിഡന്റ് ദിവാകര, വാര്‍ഡ് മെമ്പര്‍ എം. എ. മജീദ്, സി. എച്ച്. അബുബക്കര്‍ (പ്രസിഡന്റ് , പി ടി എ പട്ല ജി എച്ച് എസ് എസ് ), സൈദ് കെ. എം. (ചെയര്മാന് , എസ എം സി , പട്ല ജി എച്ച് എസ് എസ് ), പി. പി. ഹാരിസ്, കൊപ്പളം കരീം, ഉസ്മാന് കപ്പല്‍, അസ്ലം പട്ല, ഖാദര്‍ അരമന തുടങ്ങിയവര്‍ സംസാരിച്ചു. അസ്ലം മാവില സ്വാഗതവും റാസ പട്ല നന്ദിയും പറഞ്ഞു.
രണ്ട് ദിവസങ്ങള്‍ നീണ്ട് നിന്ന പൊലിമ സമാപനാഘോഷത്തില്‍ എക്സിബിഷന്, കുക്കറി ഷോ, കമ്പവലി, നാടന്‍ കളികള്‍, നാട്ടുകൂട്ടം, ആദരവുകള്‍, അനുമോദനങ്ങള്‍, സംഗീത സദസ്സുകള്‍, കുട്ടികളുടെ വിവിധ പ്രോഗ്രാമുകള്‍, പൊലിമ സദ്യ, ഇശല്‍ പൊലിമ, സമ്മാന പൊലിമ, ടെക്ക് മീറ്റ്, ബാച്ച്സ്മീറ്റ്, പട്ലേസ്, മൈലാഞ്ചി പൊലിമ, സ്ത്രീകളുടെ വിവിധ മത്സരങ്ങള്‍, കൊങ്കാട്ടം, ഫാഷന്‍ ഷോ, പുള്ളറെ പൊലിമ, മാജിക് ഷോ, പൊലിമാദരവ്, ഉപഹാരപ്പൊലിമ, കലാപരിപാടികള്‍, മൊഗാ ഇശല്‍ പൊലിമ തുടങ്ങിയവ നടന്നു. ആയിരങ്ങള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ഒരുക്കി ബ്ലൂസ്കൈ നേതൃത്വം നല്കിയ വെടിക്കെട്ടോടെ പൊലിമയുടെ സമാപനം കുറിച്ചു.
Post a Comment