Latest News :
Home » , , , , » ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രിം കോടതി അനുമതി

ട്രംപിന്റെ യാത്രാ വിലക്കിന് സുപ്രിം കോടതി അനുമതി

Written By Muhimmath News on Tuesday, 5 December 2017 | 11:03

വാഷിങ്ടണ്‍: പ്രതിഷേധങ്ങള്‍ക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊണ്ടു വന്ന യാത്രാ വിലക്കിന് സുപ്രിം കോടതിയുടെ അനുമതി. ആറ് മുസ്‌ലിം ഭുരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ നടപടിക്കാണ് അനുമതി ലഭിച്ചത്. പരിഷ്‌കരിച്ച യാത്രാ വിലക്കിന് അനുമതി നല്‍കണമെന്ന ട്രംപിന്റെ ആവശ്യം  കോടതി അംഗീകരിച്ചു. വൈറ്റ് ഹൗസിന് താത്കാലികാശ്വാസമാണ് കോടതി നടപടി.

രാജ്യത്തെ വിവിധ കീഴ്‌കോടതികളില്‍ ട്രംപിന്റെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളില്‍ വാദം നടന്നുകൊണ്ടിരിക്കെയാണ് യാത്രാവിലക്കിന് സുപ്രിം കോടതി അനുമതി നല്‍കിയിരിക്കുന്നത്. കേസുകള്‍ വേഗം തീര്‍ക്കണമെന്ന് കീഴ്‌ക്കോടതികള്‍ക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കി.

ഇറാന്‍, ലിബിയ, സിറിയ, യെമന്‍, സൊമാലിയ, ഛാഡ്, ഉത്തര കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യു.എസില്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. മൂന്നു തവണ പരിഷ്‌കരിച്ചതാണ് നിലവിലെ നിയമം.

നേരത്തെ കോടതി ഇടപെടലിനെ തുടര്‍ന്ന് നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്.  ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത് ട്രംപിന് കനത്ത തിരിച്ചടിയായി. ജനുവരിയിലാണ് ആദ്യ യാത്രവിലക്ക് പ്രഖ്യാപിച്ചത്. പിന്നീട് മാര്‍ച്ചില്‍ ഇത് പുതുക്കി പുതിയ ഉത്തരവ് ഇറക്കി. ഒക്ടോബറില്‍ ഹവായ് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണ്‍ വിലക്ക് നടപ്പിലാക്കുന്നത് തടഞ്ഞ് ഉത്തരവിറക്കി. സര്‍ക്കാര്‍ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് അന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് ട്രംപ് സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

മേരിലാന്റിലേയും ഫെഡറല്‍ കോടതിയും ഉത്തരവിന് സ്റ്റേ നല്‍കിയിരുന്നു. ഹവായിയിലേയും മേരിലാന്റിലേയും ഫെഡറല്‍ കോടതികള്‍ നല്‍കിയ സ്‌റ്റേ ഉത്തരവുകള്‍ എടുത്തു കളഞ്ഞുകൊണ്ടാണ് ഇപ്പോള്‍ സുപ്രിം കോടതി യാത്രാവിലക്കിന് അനുമതി നല്‍കിയിരിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved