Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി വളപട്ടണം പോലീസ് സ്റ്റേഷനും

ഇന്ത്യയിലെ മികച്ച 10 പോലീസ് സ്റ്റേഷനുകളില്‍ ഒന്നായി വളപട്ടണം പോലീസ് സ്റ്റേഷനും

Written By Muhimmath News on Sunday, 7 January 2018 | 17:38




കണ്ണൂര്‍ : ഇന്ത്യയിലെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളില്‍ ഒന്ന് കണ്ണൂരിലേത്. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പോലീസ് സ്റ്റേഷനാണ് രാജ്യത്തെ മികച്ച പത്ത് പോലീസ് സ്റ്റേഷനുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഒമ്പതാം സ്ഥാനമാണ് വളപട്ടണത്തിന് ലഭിച്ചത്. കേരളത്തില്‍ നിന്നും പട്ടികയില്‍ ഉള്‍പ്പെട്ട ഏക സ്റ്റേഷനും വളപട്ടണമാണ്. ക്രമസമാധാന പാലനത്തില്‍ പിറകിലാണ് കണ്ണൂര്‍ എന്ന ആക്ഷേപത്തിനിടെയാണ് ജില്ലയില്‍ നിന്ന് തന്നെ ഒരു പോലീസ് സ്റ്റേഷന്‍ നേട്ടത്തിന് അര്‍ഹമായതെന്നതും ശ്രദ്ധേയമാണ്.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഡല്‍ഹിയിലാണ് മികച്ച പോലീസ് സ്റ്റേഷനുകള്‍ പ്രഖ്യാപിച്ചത്.

കേസുകളുടെ എണ്ണം, അന്വേഷണം, കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. മണല്‍ കടത്തിനെതിരായ നടപടികളും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയും മികച്ചതാണെന്ന് കേന്ദ്രം വിലയിരുത്തി. വിശേഷ ദിവസങ്ങളില്‍ നിര്‍ധനരെയും അനാഥരെയും സഹായിക്കാന്‍ എസ് ഐ ശ്രീജിത് കൊടേരിയും പോലീസുകാരും നടത്തിയ പ്രവര്‍ത്തനങ്ങളും അംഗീകരിക്കപ്പെട്ടു. 1905 ല്‍ സ്ഥാപിക്കപ്പെട്ട വളപട്ടണം സ്റ്റേഷനിലെ 38ാമത്തെ സിഐ ആയി എ കൃഷ്ണനും 144ാമത്തെ എസ് ഐ ആയി ശ്രീജിത് കൊടേരിയുമാണ് ചുമതലയില്‍ ഉള്ളത്.

കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനും അവസാന റൗണ്ട് വരെ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അവസാന പത്തില്‍ എത്താന്‍ സാധിച്ചില്ല. ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് വീതം സ്റ്റേഷനുകള്‍ പട്ടികയിലുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved