Latest News :
Home » , , , , » അതിജീവനത്തിന്റെ പ്രതീകം; മര്‍കസ് സമ്മേളനത്തിലേക്ക് അന്തു പൊയ്യത്ത്ബയലും

അതിജീവനത്തിന്റെ പ്രതീകം; മര്‍കസ് സമ്മേളനത്തിലേക്ക് അന്തു പൊയ്യത്ത്ബയലും

Written By Muhimmath News on Wednesday, 3 January 2018 | 20:51

മഞ്ചേശ്വരം: സോഷ്യല്‍ മീഡിയയില്‍ സജീവമുള്ളവര്‍ക്ക് അന്തു പൊയ്യത്ത്ബയലിനെ അറിയാതിരിക്കില്ല. സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സമ്മേളനങ്ങളും മറ്റു പരിപാടികളും വരുമ്പോള്‍ ഓണ്‍ലൈനില്‍ അതിന്റെ വിജയത്തിനായി പോസ്റ്റുകളും വാക്കുകളുമായി നിറഞ്ഞുനില്‍ക്കുന്നയാള്‍. പക്ഷേ അധികമാരും അറിയാത്ത ഒരു വേദനയുടെ കഥ കൂടിയുണ്ട് അന്തുവിന്. കഴിഞ്ഞ 20 വര്‍ഷമായി അരയ്ക്കു താഴെ ഒരു ചലനവുമില്ലാതെ നിത്യകിടപ്പിലാണ് അന്തു. 1998ല്‍ തെങ്ങില്‍ കയറുന്നതിനിടയില്‍ താഴെ വീഴുകയും കഴുത്തിന് താഴോട്ട് നാഡി തളര്‍ന്ന് കിടപ്പിലാവുകയുമായിരുന്നു. അന്ന് മംഗളൂരുവിലും പിന്നീട് ഉഡുപ്പിയിലും മാസങ്ങളോളം ആശുപത്രി വാസം. നിരവധി സര്‍ജറികള്‍. വ്യത്യസ്ത ചികിത്സകള്‍. പക്ഷേ ശരീരത്തിന്റെ സ്വാധീനം തിരിച്ചുകിട്ടിയില്ല. അരയ്ക്കു താഴെ പൂര്‍ണമായി 
 സ്വാധീനം നഷ്ടപ്പെടുകയും  ചെയ്തതോടെ വീട്ടിലെ കട്ടിലില്‍ ഒരേ കിടപ്പിലായി പിന്നീടുള്ള ജീവിതം.

ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായ സമയത്താണ് ഓണ്‍ലൈനില്‍ തനിക്കറിയാവുന്ന നിലയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അത് അതിജീവനത്തിന്റെ ഊര്‍ജ്ജം നല്‍കി. ആയിരങ്ങള്‍ അന്തുവിനെ അടുത്തറിഞ്ഞു.

ഇതിനിടയില്‍ പ്രത്യേക നിലയില്‍ ഒരു കൊച്ചുവീട് ഹൊസങ്കടിയിലെ ഒരു മാന്യസഹോദരന്‍ പണികഴിപ്പിച്ചു നല്‍കി. അതിന്റെ ഉദ്ഘാടനം ആരും ക്ഷണിക്കാതെ തന്നെ ശൈഖുനാ കാന്തപുരം എ പി ഉസ്താദ് രണ്ടുവര്‍ഷം മുമ്പ് ചെയ്തുകൊടുത്തു. അന്നുമുതല്‍ തുടങ്ങിയതാണ് ഉസ്താദിന്റെ മര്‍കസ് ഒന്ന് കാണണമെന്ന ആഗ്രഹം. കിടന്നിടത്തുനിന്ന് അനങ്ങാന്‍ കഴിയാത്ത അന്തു കാസര്‍കോട്ട് വിട്ട് സംസ്ഥാനത്ത് എവിടെയും പോയിട്ടില്ല. അതിനിടെ എ പി ഉസ്താദ് ജില്ലയില്‍ വന്നപ്പോള്‍ അന്തുവിന്റെ വീട്ടിലെത്തി ആശ്വാസം ചൊരിഞ്ഞിരുന്നു. അതോടെ എങ്ങിനെയും മര്‍കസിലെത്തണമെന്ന പ്രാര്‍ഥന മാത്രമായി പിന്നീട്

ഒടുവില്‍ വ്യാഴാഴ്ച മര്‍കസില്‍ നടക്കുന്ന ദിക് ര്‍ ഹല്‍ഖയിലേക്ക് കൂട്ടുകാരുടെ സഹകരണത്തോടെ കാസര്‍കോട് ജില്ലാ എസ് വൈ എസ് ആംബുലന്‍സില്‍ അന്തു പുറപ്പെടുകയാണ്. ഈ യാത്രയില്‍ മര്‍കസിലെ ഉസ്താദുമാരെ കാണുകയും സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്യുന്നതോടൊപ്പം സഅദിയ്യ, സിറാജുല്‍ ഹുദാ സ്ഥാപനങ്ങളും സന്ദര്‍ശിക്കണം. താജുല്‍ ഉലമയെയും നൂറുല്‍ ഉലമയെയും സിയാറത്ത് ചെയ്യണം. സ്‌നേഹജനങ്ങളുടെ പ്രാര്‍ഥനയാല്‍ ഇതെല്ലാം നടക്കുമെന്നാണ് അന്തു പ്രതീക്ഷിക്കുന്നത്.

അന്തുവിന്റെ വീട്ടിലെത്താത്ത സുന്നീ നേതാക്കള്‍ വിരളമായിരിക്കും. എ പി ഉസ്താദിനു പുറമെ പൊസോട്ട് തങ്ങള്‍, അലിക്കുഞ്ഞി ഉസ്താദ്, ഖലീല്‍ തങ്ങള്‍, പൊന്മള ഉസ്താദ്, പേരോട് ഉസ്താദ്, കൂറ്റമ്പാറ ദാരിമി,ബേക്കല്‍ ഉസ്താദ്, അബ്ബാസ് ഉസ്താദ് മഞ്ഞനാടി, സയ്യിദ് ശഹീര്‍ തങ്ങള്‍, സയ്യിദ് ജലാല്‍ തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍,

അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, ഉജിര തങ്ങള്‍ 
 പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങി സുന്നീ പ്രാസ്ഥാനിക രംഗത്തെ പല പ്രമുഖരും അന്തുവിന്റെ വീട്ടില്‍ പലപ്പോഴായി വന്നിട്ടുണ്ട്.

കിടപ്പിലായി ജീവിതപ്രതീക്ഷയറ്റവര്‍ക്ക് വിസ്മയവും അതിജീവനമന്ത്രം നല്‍കുന്നതുമാണ് അന്തുവിന്റെ ജീവിതം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved