Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , » പത്തരകിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

പത്തരകിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Sunday, 14 January 2018 | 14:49




നീലേശ്വരം: നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച പത്തരകിലോ കഞ്ചാവുമായി നീലേശ്വരം തൈക്കടപ്പുറത്തെ പ്രവാസി യുവാവിനെ കൊച്ചി പറവൂരില്‍ വെച്ച് ആലുവ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നീലേശ്വരം തൈക്കടപ്പുറത്തെ ദൈനബി മന്‍സിലില്‍ ആരിഫ്(27)ആണ് അറസ്റ്റിലായത്.

എറണാകുളം റേഞ്ച് ഐജി പി വിജയന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ പോലീസ് മേധാവി ഏ വി ജോര്‍ജ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി കെ ബി പ്രഫുല്ല ചന്ദ്രന്‍, നോര്‍ത്ത് പറവൂര്‍ സിഐ ജി എസ് ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി ആരിഫിനെ അറസ്റ്റ് ചെയ്തത്.

കണ്ണന്‍കുളങ്ങര അമ്പലത്തിന് സമീപം വെച്ച് പോലീസ് സംഘം ഇയാള്‍ സഞ്ചരിച്ച കാര്‍ തടയുകയായിരുന്നു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയാണ് ചെയ്തത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പാലക്കാട് രജിസ്‌ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ആരിഫില്‍ നിന്ന് പിടികൂടിയ കഞ്ചാവിന് കേരളത്തില്‍ രണ്ടരലക്ഷം രൂപ വില വരും. ഇത് ഗള്‍ഫിലേക്ക് കടത്തിയാല്‍ വന്‍ തുക ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ആരിഫിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

കഞ്ചാവ് വേട്ട സംഘത്തില്‍ നോര്‍ത്ത് പറവൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, ജൂനിയര്‍ എസ്‌ഐ കെ ആര്‍ ബിജു, എസ്‌ഐ പി ടി ജോയി, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, പി ജെ ബിജു, സുനില്‍, സിവില്‍ ഉദ്യോഗസ്ഥരായ ലോഹിതാക്ഷന്‍, ബിജു, അരുണ്‍ എന്നിവരുമുണ്ടായിരുന്നു.

നോര്‍ത്ത് പറവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ആരിഫിനെ റിമാന്റ് ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved