Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ മരണപ്പെട്ടതിന് തൊട്ടടുത്ത ദിവസം ഇ കെ വിഭാഗം സുന്നീ നേതാവ് അബ്ദുര്‍റഹ്മാന്‍ കല്ലായി ചന്ദ്രിക പത്രത്തില്‍ എഴുതി: ' സമസ്തയുടെ പുനരേകീകരണം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു. ഇരു വിഭാഗത്തിലുമുള്ള പണ്ഡിതന്മാരോട് വിനീതമായി ഉണര്‍ത്തട്ടെ. ശൈഖുനാക്ക് നാം നിര്‍മിക്കുന്ന ഏറ്റവും ഉചിതമായ സ്മാരകം ഇരു സമസ്തകളുടെയും മാന്യമായ പുനരേകീകരണമാണ്. മൂന്ന് നാള്‍ മുമ്പ് ഒരു ദിവസം ശൈഖുനയെ സന്ദര്‍ശിച്ചപ്പോള്‍ യോജിപ്പിനെക്കുറിച്ച് ദീര്‍ഘമായി അദ്ദേഹം സംസാരിച്ചിരുന്നു. അവിടുന്ന് സമ്മതിച്ചാല്‍ ശ്രമിച്ചുനോക്കാമെന്ന് ഈ വിനീതന്‍ അറിയിച്ചപ്പോള്‍ മാന്യമായ ഒരു യോജിപ്പ് നടക്കുന്നത് സമുദായത്തിന് ഗുണം ചെയ്യുമെന്നാണ് അദ്ദേഹം പ്രത്യുത്തരം നല്‍കിയത്. (ചന്ദ്രിക1996, ആഗസ്റ്റ് 30)

തുടര്‍ന്ന് പാണക്കാട് ചെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി തങ്ങള്‍, ഉമറലി തങ്ങള്‍, സാദിഖലി തങ്ങള്‍ തുടങ്ങി കുഞ്ഞാലിക്കുട്ടിയോടു വരെ ഈ അന്ത്യാഭിലാഷം പങ്കുവെച്ചതായും അബ്ദുര്‍റഹ്മാന്‍ കല്ലായി എഴുതിയിട്ടുണ്ട്. ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്തയും സുന്നികളുടെ ഐക്യത്തിനായി ആ കാലം മുതല്‍ തന്നെ സന്നദ്ധത അറിയിക്കുകയും ചില ഉമറാക്കളുടെ ശ്രമഫലമായി ചര്‍ച്ചകള്‍ ഏറെ മുന്നോട്ട് പോകുകയും ചെയ്തിരുന്നു. ആ ശ്രമം ഇന്നും തുടരുകയാണല്ലോ.

മുസ്‌ലിം സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമാണെന്നവകാശപ്പെടുന്ന സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും മര്‍ഹും ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ നിര്‍ദേശമുണ്ടായിട്ട് പോലും ഇരു സമസ്തയുടെയും യോജിപ്പിന് വേണ്ടി ആത്മാര്‍ഥമായ ഒരു ശ്രമം എന്തുകൊണ്ടാണ് ഉണ്ടാവാതെ പോയത്? ഇപ്പോള്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും കാന്തപുരം ഉസ്താദും ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്യുകയും നാലംഗങ്ങള്‍ വീതമുള്ള സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടും സുന്നീ ഐക്യത്തെ ഔപചാരികമായെങ്കിലും ഒന്ന് സ്വാഗതം ചെയ്യാന്‍ പോലും രാഷ്ട്രീയ നേതൃത്വം തയ്യാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്.

പ്രത്യേകിച്ച് മുജാഹിദുകള്‍ ആദര്‍ശപരമായി ഭിന്നിച്ച് ചിതറിയപ്പോള്‍ ഊണും ഉറക്കവുമുപേക്ഷിച്ച് അവരെ ഒന്നിപ്പിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ നേതാക്കള്‍ സുന്നികളുടെ യോജിപ്പിനോട് ഒരു തരം അലസവും മ്ലാനവുമായ സമീപനം സ്വീകരിക്കുന്നത് എന്തുകൊണ്ടാകും? ഐ എന്‍ എല്‍ അടക്കമുള്ള രാഷ്ട്രീയ സംഘടനകളും സാമാന്യ ജനവും സുന്നീ ഐക്യനീക്കത്തെ സസന്തോഷം സ്വാഗതം ചെയ്തപ്പോള്‍, മുസ്‌ലിം ലീഗ് അനാവശ്യമായി ഒരുള്‍ഭയം വെച്ചുപുലര്‍ത്തുകയും പട്ടിക്കാട് സമ്മേളനത്തില്‍ വെച്ച് തന്നെ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തതിലൂടെ ലീഗ് സലഫീ ബാധയില്‍ നിന്ന് മുക്തമായിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

സമുദായത്തിന്റെ പൊതു പ്ലാറ്റ്‌ഫോമായി ലീഗ് നിലകൊള്ളുകയും സമുദായാംഗങ്ങളുടെ ഭൗതികാഭിവൃദ്ധിക്ക് വേണ്ടി പക്ഷഭേദമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ലീഗുമായി ഒരു മതകീയ പ്രസ്ഥാനമെന്ന നിലക്ക് ഇരു വിഭാഗം സമസ്തക്കും വിയോജിക്കേണ്ടതായി വരില്ല. എന്നാല്‍, പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനത്തിരിക്കുന്ന ചിലര്‍ സുന്നികളെ ഭിന്നിപ്പിക്കാനും സലഫിസം ഒളിച്ചുകടത്താനുനും നടത്തുന്ന ചരടുവലികളോടാണ് സുന്നികള്‍ക്ക് പ്രതിഷേധമുള്ളത്.

സമുദായ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരെ പോലും കബളിപ്പിച്ച് സുന്നീ പണ്ഡിതന്മാരെ തേജോവധം ചെയ്യാന്‍ തിരശ്ശീലക്ക് പിന്നിലിരുന്ന് സലഫിസ്റ്റുകള്‍ ശ്രമിച്ചതിന് എമ്പാടും തെളിവുകളുണ്ട്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരെ പോലും ഈ വിധം ലീഗിന്റെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലൂടെ സലഫീ ആശയക്കാര്‍ അവഹേളിച്ചത് ഒരു കാലത്തെ ചരിത്രമാണ്. ലീഗിലൂടെ മുജാഹിദുകള്‍ ആദര്‍ശ പ്രചാരണം ശക്തമാക്കിയപ്പോള്‍ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ കോണ്‍ഗ്രസുമായി സഹകരിക്കുകയും വടകരയിലടക്കം കെ കരുണാകരനുമായി രാഷ്ട്രീയ വേദി പങ്കിടുകയും കോണ്‍ഗ്രസിന് വേണ്ടി വോട്ടഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിന്റെയൊക്കെ ചരിത്ര രേഖ കൈവശമുണ്ട്.

ഇതിനെ വിമര്‍ശിച്ചുകൊണ്ട് ലീഗ് എഴുത്തുകാരനും വഹാബീ സഹയാത്രികനുമായ എം സി വടകര എഴുതി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഖിറാഅത്തും ഫാത്തിഹയും ഓതാന്‍ തുടങ്ങി. കാശ് കൊടുത്താല്‍ വാലാട്ടുന്ന ആര്‍ത്തിമോഹികളായ ചില വാടക മൗലാനമാര്‍ നീളക്കുപ്പായങ്ങളുമായി കോണ്‍ഗ്രസ് സ്റ്റേജില്‍ ഉപവിഷ്ടരായി. ഒരു വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രത്തിലെ പൊതുതിരഞ്ഞെടുപ്പിനേക്കാള്‍ ജനശ്രദ്ധ പിടിച്ചുപറ്റി. കുറ്റിച്ചിറയില്‍ സുന്നീ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നബിദിന യോഗം, നബിയുടെ മദ്ഹുകള്‍ വിവരിക്കാനും ഇന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ മുസ്‌ലിംകളുടെ കടമ എന്തെന്ന് വിവരിക്കാനുമായിരുന്നു വിളിച്ചുകൂട്ടിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യലാണ് മുസ്‌ലിംകളുടെ കടമയെന്ന് യോഗത്തിലെ മുഖ്യ പ്രാസംഗികനായ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു. അതിനാവശ്യമായ ആയത്തുകളും അദ്ദേഹം കൊണ്ടുവന്നിരുന്നു. പ്രസംഗം മൂത്ത് അദ്ദേഹം കാടുകയറി. അദ്ദേഹം പറഞ്ഞ മുഴുവന്‍ കാര്യങ്ങളും അച്ചടിക്കാന്‍ കൊള്ളാവുന്നവയായിരുന്നില്ലെങ്കിലും തമ്മില്‍ ഭേദപ്പെട്ട ഒരു വാചകമിതാ 'സീതിയുടെയും ഉപ്പിയുടെയും സി എച്ച് മുഫ്തിയുടെയും ബാഫഖീ നീളക്കുപ്പായത്തിന്റെയും മുസ്‌ലിം ജനാബത്താണ്, മുസ്‌ലിം ജമാഅത്തല്ല മുസ്‌ലിം ലീഗ്. (സി എച്ച് മുഹമ്മദ് കോയ ജീവചരിത്രം പേജ് 297)

നോക്കുക, മര്‍ഹും ശംസുല്‍ ഉലമയെ പണമോഹി, വാലാട്ടി, നീളക്കുപ്പായക്കാരന്‍ തുടങ്ങിയ പദപ്രയോഗങ്ങളിലൂടെ അവഹേളിക്കുകയും മഹാനവര്‍കള്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളെയടക്കം തെറി വിളിക്കുകയും ചെയ്തുവെന്നാണ് ഇവിടെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ഈ പുസ്തകത്തിന് മര്‍ഹും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ അവതാരിക എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. ഇ കെയെ അറിയുന്ന ആരും അദ്ദേഹം സയ്യിദന്മാര്‍ക്കെതിരെ ഇങ്ങനെ പറയുമെന്നോ ശിഹാബ് തങ്ങള്‍ ഇ കെക്ക് എതിരായി ഇത്തരം പരാമര്‍ശങ്ങള്‍ കണ്ടുകൊണ്ട് തന്നെ അവതാരിക എഴുതിയെന്നോ വിശ്വസിക്കാന്‍ തരമില്ല. പാര്‍ട്ടിയുടെ ചെലവില്‍ സുന്നീ നേതാക്കളെ അതിവിദഗ്ധമായി അവഹേളിക്കുകയായിരുന്നു സലഫികള്‍. ഇത്തരം നീക്കങ്ങളില്‍ പ്രതിഷേധിക്കുന്നതും പ്രതികരിക്കുന്നതും ലീഗിന്റെ രാഷ്ട്രീയ അസ്ഥിത്വം ചോദ്യം ചെയ്യലായി കാണരുത്. ഇതിന്റെ പേരില്‍ സുന്നികള്‍ ഐക്യപ്പെടുന്നതില്‍ അസഹിഷ്ണുത പ്രകിപ്പിക്കുകയും ചെയ്യരുത്.

മുസ്‌ലിം മഹല്ലുകളിലും കുടുംബങ്ങളിലും അവരുടെ ആരാധനകളിലുമെല്ലാം കടുത്ത ഭിന്നിപ്പും ഛിദ്രതയുമാണ്ടാക്കാന്‍ നേതൃത്വം നല്‍കിയ വഹാബീ നേതാക്കളെ നവോത്ഥാന നായകന്മാരാക്കി ചിത്രീകരിക്കാനുള്ള ശ്രമവും പാര്‍ട്ടിയെ മറയാക്കി ഇവിടെ നടന്നു.
അധികാരത്തില്‍ പങ്കാളിത്തം ലഭിച്ച കാലം മുതല്‍ സുന്നത്ത് ജമാഅത്തിനെ തളര്‍ത്താനും സലഫിസത്തെ വളര്‍ത്താനും ലീഗിലെ സലഫീ ധാരയിലുള്ള നേതാക്കള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, സുന്നികളായ പലരും നിസ്സഹായരായോ നിര്‍വികാരരായോ അവ നോക്കിക്കാണുക മാത്രമായിരുന്നു.

1960 ലെ നിയമസഭാ സ്പീക്കര്‍ പദവിയിലൂടെയാണ് സമുദായ രാഷ്ട്രീയ പ്രസ്ഥാനത്തിന് അധികാരത്തില്‍ പങ്കാളിത്തം ലഭിക്കുന്നത്. അന്നാണ്, കേരള വഖ്ഫ് ബോര്‍ഡ് രൂപവത്കരിക്കുന്നത്. നൂറ് ശതമാനം വഖ്ഫ് സ്വത്തുക്കള്‍ സുന്നികളുടേതായിട്ടും അന്ന് രൂപവ്തകരിച്ച ബോര്‍ഡിലെ അംഗങ്ങള്‍ വഹാബികളോ വഹാബീ സഹയാത്രികരോ ആയിരുന്നു. ഇതിനെതിരെ സയ്യിദ് ബാഫഖി തങ്ങളുടെ പാണ്ടികശാലയില്‍ വെച്ച് ചേര്‍ന്ന് പ്രമേയം പാസാക്കിയതായി അവിഭക്ത സമസ്ത പുറത്തിറക്കിയ അന്‍പതാം വാര്‍ഷിക സുവനീറില്‍ കാണാം.
പിന്നീട് അറബി ഭാഷാ പഠനത്തിനായി പാഠപുസ്തക കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ മുഴുവന്‍ അംഗങ്ങളും സലഫിസ്റ്റുകളായിരുന്നു. ഇതിന്റെ ഫലമായി 20 വര്‍ഷത്തിലേറെ കാലം നിരവധി സലഫീ ആശയമുള്ള പാഠഭാഗങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സുന്നികളുടെ മക്കളെ പഠിപ്പിക്കുന്ന സാഹചര്യമുണ്ടായി.

അറബി അധ്യാപകരെ സൃഷ്ടിക്കാനുള്ള ഓറിയന്റല്‍ അറബിക് കോളജുകള്‍ പൂര്‍ണമായും സലഫിസ്റ്റുകള്‍ക്ക് പതിച്ചുനല്‍കി. ഇന്നുള്ള മിക്ക സലഫീ നേതാക്കളും ഈ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഉത്പന്നങ്ങളാണ്. ഈ നിലപാടിനോടാണ് സുന്നികള്‍ക്ക് പ്രതിഷേധമുള്ളത്. ഇത് ലീഗിനെ എതിര്‍ക്കലായി വ്യഖ്യാനിക്കുന്നതിന് പകരം സുന്നികളോടും നീതി പുലര്‍ത്താന്‍ തയ്യാറാവുകയും അവരെയും ഐക്യത്തിന്റെയും യോജിപ്പിന്റെയും പാതയിലേക്ക് എത്തിക്കുകയുമായിരുന്നില്ലേ ലീഗ് നേതൃത്വം ചെയ്യേണ്ടിയിരുന്നത്? പക്ഷേ, അവിടെ സുന്നികള്‍ ഭിന്നിച്ചിരിക്കണം എന്ന സലഫികളുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്.

സുന്നികള്‍ ഐക്യത്തെക്കുറിച്ച് ചിന്തിക്കുകയോ ചര്‍ച്ചകള്‍ നടത്തുകയോ ചെയ്താല്‍ ചന്ദ്രികയില്‍ ഒളിഞ്ഞിരിക്കുന്ന വഹാബികളും സോഷ്യല്‍ മീഡിയയിലെ മുഖംമൂടിയണിഞ്ഞ സലഫികളും തമ്മിലടിപ്പിക്കാന്‍ ശ്രമിക്കും. ഏറ്റവുമൊടുവില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്ന് തന്നെ സുന്നികള്‍ യോജിക്കുന്നതിനെതിരെയുള്ള നീരസം നാം കാണുകയുണ്ടായി.

ഈ സന്ദര്‍ഭത്തില്‍ ഇരു വിഭാഗം സുന്നികളും ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയക്കാരുടെ ചൂണ്ടയില്‍ നാം ചാടിക്കൊത്തി ഇരകളാകരുത്. അവരുടെ വാക്കുകള്‍ കേട്ട് ഐക്യനീക്കം പൊളിഞ്ഞെന്ന് പറഞ്ഞ് വീണ്ടും പരസ്പരം ചെളിവാരി എറിയരുത്. സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സമുദായത്തില്‍ നാമുണ്ടാക്കുന്ന വൃണം നമുക്കുണക്കാന്‍ കഴിയില്ല. ക്ഷമയോടെ കാത്തുനില്‍ക്കുക. ബുദ്ധിപരമായി കരുക്കള്‍ നീക്കുക. ഹഖിന്റെ അഹ്‌ലുകാര്‍ ഐക്യപ്പെടുക തന്നെ ചെയ്യും. ഇന്‍ഷാഅല്ലാഹ്.

-റഹ്മത്തുല്ലാഹ് സഖാഫി എളമരം

Leave A Reply