Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , » ചീമേനി പി വി ജാനകി വധം: കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി

ചീമേനി പി വി ജാനകി വധം: കേസിന്റെ അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി

Written By Muhimmath News on Monday, 1 January 2018 | 12:54

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ട പ്രധാനാധ്യാപിക പി വി ജാനകിയെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തില്‍ നിന്നും എസ് പി ഒഴികെയുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പിന്‍മാറി. പോലീസിന്റെ അന്വേഷണത്തിനുപുറമെ ക്രൈംബ്രാഞ്ച് എസ് പി ഡോ. ടി പി ശ്രീനിവാസിന്റെ നേതൃത്വത്തിലും ജാനകിവധക്കേസില്‍ സമാന്തര അന്വേഷണം നടന്നുവരികയായിരുന്നു. ക്രൈംബ്രാഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരെല്ലാം ഇപ്പോള്‍ അന്വേഷണത്തില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്.

എസ് പി മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും നിലവില്‍ അന്വേഷണം നടത്തുന്നത്. ഇതോടെ അന്വേഷണച്ചുമതല പൂര്‍ണമായും പോലീസില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡാണ് ഈ കേസില്‍ അന്വേഷണം നടത്തുന്നത്. 

കണ്ണൂര്‍ റേഞ്ച് ഐ ജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തില്‍ കുറ്റാന്വേഷണത്തില്‍ പ്രമുഖരായ ഉദ്യോഗസ്ഥരും പോലീസിനെ സഹായിക്കുന്നുണ്ട്. എന്നാല്‍ കൊലപാതകം നടന്ന് ഒരുമാസമാകാറായിട്ടും പ്രതികളെക്കുറിച്ച് പോലീസിന് ഒരു സൂചനയും ലഭിക്കാത്തതില്‍ ജനങ്ങള്‍ ആകെ നിരാശരും രോഷാകുലരുമാണ്. ജാനകിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ജനങ്ങളുടെ തീരുമാനം.

യു ഡി എഫും ബി ജെ പിയും നേരത്തെ സമര പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനുപുറമെ സിപിഎം പ്രാദേശിക നേതൃത്വവും സമരത്തിനിറങ്ങുകയാണ്. ഇതിന്റെ ഭാഗമായി സിപിഎം നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്ക് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കും. അതേസമയം യുഡിഎഫും ബിജെപിയും ജാനകി വധക്കേസില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സിപിഎമ്മിനെയാണ്. 

പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകം തെളിയിക്കാന്‍ പോലീസിനും ആഭ്യന്തര വകുപ്പിനും സാധിക്കാത്തത് ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്ന സിപിഎമ്മിന്റെ കഴിവുകേടും അനാസ്ഥയുമായാണ് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നത്. ജാനകി വധക്കേസില്‍ രാഷ്ട്രീയ എതിരാളികള്‍ മുതലെടുപ്പ് നടത്തുന്ന അവസരം ചെറുക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും സമരത്തിനിറങ്ങുന്നത്. കൂടാതെ നാട്ടിലെ വിവിധ സാമൂഹ്യസംഘടനകളും സമരത്തിനൊരുങ്ങിയിട്ടുണ്ട്.

രാത്രി ഒമ്ബതു മണിയോടുകൂടി നടന്ന കൊലപാതകം മണിക്കൂറുകള്‍ക്കുള്ളില്‍ നാടറിഞ്ഞിട്ടും പ്രതികളെക്കുറിച്ചുള്ള സൂചനയോ ആയുധങ്ങളോ മറ്റുതെളിവുകളോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ആദ്യ ഘട്ടത്തില്‍ അന്യസംസ്ഥാനക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നതെങ്കിലും അതിനു മതിയായ തെളിവുകള്‍ കിട്ടാതിരുന്നതിനിടെ തുടര്‍ന്ന് സംശയം കൊല്ലപ്പെട്ട ജാനകിയുടെ അടുത്ത ബന്ധുക്കളിലേക്കു വരെ നീങ്ങിയിരുന്നു. ജാനകിയുടെ വീടുമായി ബന്ധമുള്ളവരെയും ബന്ധുക്കളെയും അടക്കം നിരവധി പേരെ ഇതിനകം പോലീസ് ചോദ്യം ചെയ്തുവെങ്കിലും ഒരു തുമ്ബും ലഭിച്ചിട്ടില്ല.

ഞായറാഴ്ച രാവിലെ മുതല്‍ പുലിയന്നൂരില്‍ കേന്ദ്രീകരിച്ച പോലീസ് സംഭവം നടന്ന ദിവസം പുലിയന്നൂര്‍ റെയ്ഞ്ചില്‍ വന്ന ഫോണ്‍ കോള്‍ പരിശോധിച്ച് 50 പേരില്‍ നിന്നും മൊഴിയെടുത്തിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved