Latest News :
Home » , , , » ജിത്തുവിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല; കത്തിച്ചശേഷം അടര്‍ത്തിമാറ്റിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ജിത്തുവിന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല; കത്തിച്ചശേഷം അടര്‍ത്തിമാറ്റിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Written By Muhimmath News on Friday, 19 January 2018 | 11:36
തിരുവനന്തപുര: കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ അമ്മ കൊന്ന് കത്തിച്ച സംഭവത്തിലെ ദുരൂഹത മാറുന്നില്ല. കൊലനടത്തിയതും കത്തിച്ചതും ജയ ഒറ്റയ്ക്കാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയെങ്കിലും അതിന് ജയ പറയുന്ന കാരണം വിശ്വസിച്ചിട്ടില്ല.

പയ്യനെ അബദ്ധത്തില്‍ ആരോ കൊന്നു. അതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഒളിപ്പിച്ചു. കുട്ടിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയതും പത്ര പരസ്യം നല്‍കിയും മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ടാണ്. പറഞ്ഞു പഠിപ്പിച്ചതു പോലെയാണ് ജയമോള്‍ മൊഴി നല്‍കുന്നത്. മറ്റാരും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് അമ്മ പറയുന്നതിനാല്‍ തുടര്‍ നടപടികളും അസാധ്യമാകുന്നു. ശാസ്ത്രീയ തെളിവ് കിട്ടിയാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

ഭര്‍ത്താവിന്റെ വീട്ടുകാരുമായി നിലനിന്നിരുന്ന സ്വത്ത് തര്‍ക്കമാണ് എല്ലാത്തിനും കാരണമെന്ന നിലപാടിലാണ് തുടക്കം മുതല്‍ ജയ. എന്നാല്‍ സ്വത്തുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും മകനുമായി ഉണ്ടായിരുന്നില്ലെന്ന് ജോബിന്റെ അച്ഛന്‍ പറയുന്നു. ജയയ്ക്ക് മാനസിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്നാണ് ഭര്‍ത്താവ് ജോബ് പറയുന്നത്. എന്നാല്‍ ജോബിന്റെ നിലപാടിനെ അയല്‍ക്കാര്‍ പോലും അംഗീകരിക്കുന്നില്ല. അതേസമയം ജയമോളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ജയമോള്‍ പറയുന്നതൊന്നും വിശ്വസനീയമല്ലെന്ന് പൊലീസും പറയുന്നു. ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റുന്നതല്ല ഈ കുറ്റകൃത്യം. പൊലീസ് ചോദ്യം ചെയ്ത ട്യൂട്ടോറിയല്‍ അദ്ധ്യാപകന്‍ നിരപരാധിയാണ്. അതുകൊണ്ട് തന്നെ മറ്റൊരാളുടെ ഇടപെടലും സംശയിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെ ഒരിക്കല്‍ പോലും മകനെ കൊലപ്പെടുത്തിയതില്‍ ആ അമ്മയ്ക്ക് കുറ്റബോധം തോന്നിയില്ല. അടുക്കളയിലെ സ്ലാബിലിരുന്ന ജിത്തുവിനെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്ന് കൂസലില്ലാതെയാണ് ജയ അന്വേഷണ സംഘത്തോട് സമ്മതിച്ചത്.

പിന്നീട് കുട്ടി താഴെ വീഴുകയും തുടര്‍ന്ന് മൃതദേഹം വലിച്ചിഴച്ച് കൊണ്ടുപോയി കത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി വിവരിച്ചു. മൊഴി പഠിച്ച് പറയും പോലെ കള്ളം പറയുകയാണെന്ന സംശയത്തില്‍ ഉറങ്ങാന്‍ അനുവദിക്കാതെ മറിച്ചും തിരിച്ചും ചോദ്യങ്ങള്‍ നീണ്ടു. ഉദ്യോഗസ്ഥര്‍ മാറി മാറി പുലര്‍ച്ചെ വരെ ചോദ്യം ചെയ്തിട്ടും ആദ്യം നല്‍കിയ മൊഴിയില്‍ നിന്ന് മാറ്റമുണ്ടായില്ല. മൃതദേഹം വെട്ടി മുറിച്ചിട്ടില്ലെന്ന് ഇവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. കത്തിയ ശേഷം ശരീരഭാഗങ്ങള്‍ അടര്‍ന്ന് മാറിയതാണെന്നുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക നിരീക്ഷണങ്ങള്‍ ഉച്ചയോടെ പുറത്തുവന്നതോടെ ജയയുടെ മൊഴി വിശ്വാസത്തിലെടുക്കാമെന്ന നിഗമനത്തിലെത്തുകയായിരുന്നു. വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പിന് കുരീപ്പള്ളിയിലെ വീട്ടിലെത്തിച്ചു.

വീട്ടില്‍ കൊല നടന്നത് രാത്രി ഏഴ് മണി കഴിഞ്ഞ ശേഷമാണ്. അച്ഛനായ ജോബ് 9 മണിയോടെ വീട്ടിലെത്തി. അതുകൊണ്ട് തന്നെ ഇത്രയും ദാരുണമായ കൊല അച്ഛന്‍ അറിഞ്ഞില്ലെന്ന് പറയുന്നതും പൊലീസിന് വിശ്വസിക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ ജോബിനെ വിശദമായി പൊലീസ് ചോദ്യം ചെയ്‌തേക്കും. കള്ളക്കഥകളുണ്ടാക്കാന്‍ ജോബ് കുട്ടുനിന്നോ എന്നാകും പരിശോധിക്കുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved