Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » , , , , » പെണ്‍കുട്ടിയെ സ്റ്റോപ്പിലിറക്കാത്ത 'മിന്നല്‍' ജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തു

പെണ്‍കുട്ടിയെ സ്റ്റോപ്പിലിറക്കാത്ത 'മിന്നല്‍' ജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തു

Written By Muhimmath News on Thursday, 18 January 2018 | 10:41

കോഴിക്കോട്: അര്‍ധരാത്രി പെണ്‍കുട്ടിയെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ നിറുത്താതെ പോയ കെഎസ്ആര്‍ടിസി മിന്നല്‍ ബസ്സിലെ ജീവനക്കാര്‍ക്കെതിരെ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിപ്രകാരമാണ് കേസ്. ബസ് ജീവനക്കാര്‍ മോശമായി സംസാരിച്ചുവെന്നും പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ട്. 

രണ്ടു ദിവസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. രാത്രി എട്ടര മണിക്ക് പാലയിലെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്ന് പയ്യോളിയിലെ വീട്ടിലേക്ക് എടിസി 234 കെഎസ്ആര്‍ടിസി ബസില്‍ കയറിയതായിരുന്നു വിദ്യാര്‍ഥിനി. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത ടിക്കറ്റ് കോഴിക്കോട് വരെയായിരുന്നു ഉണ്ടായിരുന്നത്. ബസ് കാസര്‍ഗോഡ് വരെയുണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്ന് കോഴിക്കോട് കഴിഞ്ഞപ്പോള്‍ വിദ്യാര്‍ഥിനി പയ്യോളിക്കുള്ള ടിക്കറ്റ് ആവശ്യപ്പെട്ടു. ഇത് മിന്നല്‍ ബസാണെന്നും കണ്ണൂരിലേക്കുള്ള ടിക്കറ്റ് എടുക്കണമെന്നും കണ്ടക്ടര്‍ അറിയിച്ചു. എന്നാല്‍ നൂറ്റിപതിനൊന്ന് രൂപ നല്‍കി വിദ്യാര്‍ഥിനി അടുത്ത സ്റ്റേജായ കണ്ണൂരേക്ക് ടിക്കറ്റ് എടുത്തു. എന്നാല്‍ ടിക്കറ്റ് നല്‍കിയെങ്കിലും പയ്യോളിയില്‍ നിറുത്തില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ കടുംപിടുത്തം തുടര്‍ന്നു. 

രാത്രിയില്‍ തനിക്കിറങ്ങേണ്ട സ്റ്റോപ്പിനു പകരം ഒന്നര മണിക്കൂര്‍ കൂടി സഞ്ചരിച്ച് 55 കിലോമീറ്റര്‍ അകലെ ബസ്സിറങ്ങേണ്ടി വരുമെന്നായപ്പോള്‍ പെണ്‍കുട്ടി വിവരം പയ്യോളിയില്‍ തന്നെ കാത്തു നിന്ന പിതാവിനെ മൊബൈല്‍ വഴി വിഷയം ധരിപ്പിച്ചു. ഇദ്ദേഹം ഉടന്‍ പയ്യോളി പോലിസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. 

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനും പിതാവും ചേര്‍ന്ന് പയ്യോളിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ബസ്സിന് കൈകാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോയി. ഉടന്‍ തന്നെ പയ്യോളി പോലിസ് മൂരാട് ട്രാഫിക്ക് ഡ്യൂട്ടിയിലുള്ള പോലിസുകാരോട് ബസ് തടയാന്‍ ആവശ്യപ്പെട്ടു. അവിടെയും ബസ് നിര്‍ത്തിയില്ല. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം നല്‍കി. 

തുടര്‍ന്ന് ദേശീയപാതയില്‍ കുഞ്ഞിപ്പള്ളിയില്‍ വച്ച് ചോമ്പാല പോലിസ് വാഹനം കുറുകെയിട്ട് ബസ് തടയുകയായിരുന്നു. രക്ഷിതാവ് കുഞ്ഞിപ്പള്ളിയില്‍ എത്തുമ്പോഴേക്കും ബസ് വിദ്യാര്‍ഥിനിയെ ഇറക്കി പോയിരുന്നു. സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ രാത്രി പത്ത് മണി കഴിഞ്ഞാല്‍ സ്വകാര്യ ബസ് ഉള്‍പ്പെടെയുള്ളവ ഏത് സ്ഥലത്തും നിര്‍ത്തണമെന്ന മോട്ടോര്‍വാഹന നിയമം നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ 'മിന്നല്‍' സര്‍വീസാണിതെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയുടെ സുരക്ഷാപ്രശ്‌നം പോലും കണക്കിലെടുക്കാതെ ചട്ടത്തില്‍ കടിച്ചുതൂങ്ങിയത്.

ഇതിനിടെ മിന്നല്‍ ബസ്സിനെ ജീ്പ്പ് കുറുകെയിട്ട് തടഞ്ഞ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയ പോലിസിനെതിരെ സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം കെഎസ്ആര്‍ടിസി ഫാന്‍സ് വ്യാപകമായ പരിഹാസവും ട്രോളുകളും ഇറക്കി. 

പെണ്‍കുട്ടിയുടെ പ്രവൃത്തി പയ്യോളിത്തരമാണെന്നും സ്റ്റോപ്പില്ലാത്തിടത്ത് നിറുത്തണമെന്നാവശ്യപ്പെടുന്ന ആളുകളെ പയ്യോളികള്‍ എന്നു വിളിക്കണമെന്നുമൊക്കെയായിരുന്നു പരിഹാസം. ചട്ടമല്ല മനുഷ്യത്വമാണ് വലുതെന്നും പെണ്‍കുട്ടിയോട് മനുഷ്യത്വമില്ലായ്മ കാണിച്ച ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മറുവിഭാഗവും സോഷ്യല്‍മീഡിയയില്‍ പ്രചാരണമാരംഭിച്ചു. രാത്രിയാത്രയ്ക്കിടെ സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിറുത്തണമെന്ന മോട്ടോര്‍വാഹനനിയമത്തിലെ ചട്ടവും ഇവര്‍ ചൂണ്ടിക്കാട്ടി. ഈ തര്‍ക്കത്തിനൊടുവിലാണ് ചട്ടമല്ല മനുഷ്യത്വം തന്നെയാണ് വലുതെന്ന സന്ദേശം നല്‍കിക്കൊണ്ട് പോലിസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved