Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » പൂര്‍വ്വപിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികള്‍ കോഴിക്കോട്ട്

പൂര്‍വ്വപിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികള്‍ കോഴിക്കോട്ട്

Written By Muhimmath News on Saturday, 6 January 2018 | 12:03

കോഴിക്കോട്; അറുനൂറ്റി ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തില്‍ അടക്കം ചെയ്ത പൂര്‍വ്വപിതാവിന്റെ ചരിത്രം തേടി ചൈനീസ് അതിഥികള്‍ നഗരത്തില്‍. മര്‍കസ് റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെത്തിയ ചൈനയില്‍ നിന്നുള്ള മാമിന്‍യോങ് ഇസ്മാഈലാണ് കോഴിക്കോട് നഗരത്തിലെ ചീനേടത്ത് മഖാമില്‍ അടക്കം ചെയ്തിട്ടുള്ള ചൈനീസ് സൂഫിയുടെ ചരിത്രം തിരിച്ചറിയുന്നത്.

എ.ഡി 1433ല്‍ ഇവിടെ ഖബറടക്കിയെന്ന് വിശ്വസിക്കപ്പെടുന്ന ഈ സൂഫിആരാണ് എന്ന് ചരിത്രരേഖകളില്‍ കൃത്യമായ വിവരങ്ങളില്ല. എന്നാല്‍ മിങ് രാജവംശത്തിന്റെ സമകാലികനായ സെന്‍ഹേ ആണ് ഇതെന്ന് ഇവര്‍ പറയുന്നു. ഹാജി മഹ്മൂദ് ശംസുദ്ദീന്‍ എന്നാണ് സെന്‍ഹേ എന്നറിയപ്പെടുന്ന ഇവരുടെ പേര്. നയതന്ത്രജ്ഞനും, നാവികനും, സഞ്ചാരിയുമായിരുന്ന സെന്‍ഹേ 1433ല്‍ തന്റെ യാത്രാമധ്യേ അറബിക്കടലില്‍ വെച്ച് മരണപ്പെടുകയും അങ്ങനെ കോഴിക്കോട് കപ്പലടുപ്പിച്ച് ഇവിടെ ഖബറടക്കിയതാവാമെന്നുമാണ് ഇവര്‍ പറയുന്നത്.

1371ല്‍ ചൈനയിലെ യൂനാന്‍ പ്രവിശ്യയില്‍ ജനിച്ച മാഹേ ആണ് പില്‍ക്കാലത്ത് സെന്‍ഹേ(ചെന്‍ഹേ) എന്നറിയപ്പെട്ടത്. പൂര്‍വ്വ മിങ് രാജവംശത്തിലെ യൂങ്‌ലി ചക്രവര്‍ത്തിയാണ് സെന്‍ഹേ എന്ന സ്ഥാനപ്പേര് നല്‍കിയത്. മാഹേക്ക് പത്ത് വയസ്സുള്ളപ്പോള്‍ മിങ് സൈനികര്‍ തടവില്‍ പിടിക്കുകയും യാന്‍സൂദി രാജകുമാരന്റെ സേവകനായി നിയമിതനാവുകയും ചെയ്തു എന്നാണ് ചരിത്രം. 

വളരെ വേഗത്തില്‍ തന്നെ അവര്‍ക്കിടയില്‍ നല്ല സൗഹൃദം സ്ഥാപിക്കപ്പെട്ടു. യാന്‍സൂദി പിന്നീട് മിങ് രാജവംശത്തിന്റെ യൂങ്‌ലി ചക്രവര്‍ത്തിയായി. യൂങ്‌ലിയുടെ കൂടെ മംഗോളിയക്കാര്‍ക്കെതിരെ പടനയിച്ച മാഹേ ചക്രവര്‍ത്തിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി. യൂനാന്‍ പ്രവിശ്യ വടക്കന്‍ യുവാന്‍ രാജവംശത്തിന്റെ ഭാഗമായിരുന്ന മംന്‍ഗോളിയക്കാരില്‍ നിന്നും മോചിപ്പിക്കാന്‍ സാധിച്ചത് മാഹേയുടെ സാന്നിധ്യം കാരണമാണെന്ന് ചക്രവര്‍ത്തി വിശ്വസിച്ചിരുന്നുവത്രെ.

മികച്ച നയതന്ത്രജ്ഞനായിരുന്ന സെന്‍ഹേ നല്ലൊരു നാവികനും പടത്തലവനും കൂടിയായിരുന്നു. കപ്പല്‍ സാങ്കേതികവിദ്യയില്‍ സെന്‍ഹേക്കുണ്ടായിരുന്ന മികവ് മിങ് രാജവംശത്തിന് വലിയ മുതല്‍ക്കൂട്ടായി. സൈനികാവശ്യങ്ങളേക്കാള്‍ കൂടുതല്‍ വ്യാപാരനയതന്ത്ര ആവശ്യങ്ങള്‍ക്കായാണ് ഉപയോഗപ്പെടുത്തിയത്. 1403ലാണ് സെന്‍ഹേയുടെ ആദ്യ സഞ്ചാരം. ജാവനീസ് ദ്വീപുകള്‍ ചുറ്റി ആ യാത്രയില്‍ തന്നെ സെന്‍ഹേ കേരളത്തിലെത്തിയിട്ടുണ്ട്.

ബുഖാറയില്‍ നിന്ന് യൂനാന്‍ പ്രവിശ്യയിലെത്തിയ സയ്യിദ് ശംസുദ്ദീന്‍ അല്‍ ബുഖാരിയുടെ രണ്ടാം തലമുറയിലാണ് സെന്‍ഹേയുടെ ജനനം. സയ്യിദ് പ്രവാചക കുടുംബ പരമ്പര പ്രകാരം മുപ്പത്തിയൊന്നാമത്തെ പുത്രനണ് സെന്‍ഹേ. മരണശേഷം കോഴിക്കോട് ഖബറടക്കപ്പെട്ടെങ്കിലും വസ്ത്രങ്ങളും മറ്റും ചൈനയിലെത്തിക്കുകയും അവിടെ ഒരു സ്മാരകം പണികഴിപ്പിക്കുകയും ചെയ്തു. പിന്നീട് ആ സ്മാരകം ഇസ്‌ലാമിക വാസ്തുവിദ്യാരീതി പ്രകാരം പുതുക്കിപ്പണിതു. 

പില്‍ക്കാനത്ത് ആ സ്മാരകം സെന്‍ഹേയുടെ ഖബറിടമായി അറിയപ്പെട്ടു തുടങ്ങിയെങ്കിലും കുടുംബ രേഖകള്‍ പറയുന്നത് സെന്‍ഹേ കോഴിക്കോട് അന്ത്യവിശ്രമം കൊള്ളുന്നു എന്നാണ്. ചീലിക്കോ എന്ന് രേഖകളില്‍ കാണുന്ന നാട് കേരളമാണെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.
മാമിന്‍യോങിനൊപ്പം മലേഷ്യ അന്താരാഷ്ട്ര ഇസ്ലാമിക സര്‍വ്വകലാശാലയില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ ലിയൂചുവാങ് യൂസുഫ ഹൗവെന്‍ഹൂയ് ബദറുദ്ദീന്‍ എന്നിവരും അതിഥികളായി എത്തിയിട്ടുണ്ട്. 

ഈ ചരിത്രം കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്ന് ലിയൂചുവാങ് ആവശ്യപ്പെടുന്നു. കേരളവും ചൈനയും തമ്മിലുണ്ടായിരുന്ന വ്യാപാര ലയതന്ത്രജ്ഞ ബന്ധങ്ങലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാകും ഇതെന്ന് ഹൗവെന്‍ഹൂയ് പ്രത്യാശിക്കുന്നു. സെന്‍ഹേയുടെ പേര് അറബി, ചൈനീസ്, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി രേഖപ്പെടിത്തിയ ഫലകം മഖാമില്‍ സ്ഥാപിക്കണമെന്ന് മഖാം അധികൃതരോട് ഇവര്‍ ആവശ്യപ്പെട്ടു. മര്‍കസ് റൂബിജൂബിലിയുടെ അന്താരാഷ്ട്ര സമാധാന സമ്മേളനം അടക്കമുള്ള വിവിധ സെഷനുകള്‍ സംബന്ധിച്ച് ഇവര്‍ മടങ്ങും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved