മണ്ണാര്‍ക്കാട്: പ്രണയംനടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. കാസര്‍കോട് മുല്ലശ്ശേരി സൗഫീഖ് മന്‍സലില്‍ മുഹമ്മദ് റഷീദിനെയാണ് (29) മണ്ണാര്‍ക്കാട് പോലീസ് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തത്.
മംഗലാപുരത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട മണ്ണാര്‍ക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയംനടിച്ച ഇയാള്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു. വ്യാജ പേരിലാണ് ഇയാള്‍ പെണ്‍കുട്ടിയുമായി അടുത്തതെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണ്മാനില്ലായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുള്ള മാമ്പ്ര, എസ്.ഐ. വിപിന്‍ കെ. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.