Latest News :
...
Home » , , » മെട്രോ ഹോട്ടല്‍ ഉടമയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 2.60 ലക്ഷം രൂപ കവര്‍ന്നു

മെട്രോ ഹോട്ടല്‍ ഉടമയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 2.60 ലക്ഷം രൂപ കവര്‍ന്നു

Written By Muhimmath News on Monday, 29 January 2018 | 17:26



കാസര്‍കോട്: ഹോട്ടലുടമയും കുടുംബവും താമസിക്കുന്ന പുലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച. 2,60,000 രൂപയും ബാങ്ക് രേഖകളും എ.ടി.എം കാര്‍ഡും കവര്‍ന്നു. നഗരത്തിലെ മെട്രോ ഹോട്ടല്‍ ഉടമ കോഴിക്കോട് സ്വദേശി ബാവയും മകന്‍ ജംഷീറും കുടുംബവും താമസിക്കുന്ന പുലിക്കുന്നിലെ സെറീന അപ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. ബന്ധുവിന്റെ കല്ല്യാണത്തിന് ബാവയും മകനും കുടുംബവും കോഴിക്കോട് പന്തീരംകാവിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു.


ഇരുനില ക്വാര്‍ട്ടേഴ്‌സിലെ താഴത്തെ നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് കവര്‍ച്ച. മേശവലിപ്പില്‍ ഒരു ബാഗില്‍ പണവും മറ്റൊരു ബാഗില്‍ ബാങ്ക് രേഖകളും എ.ടി.എം കാര്‍ഡുകളുമടക്കം സൂക്ഷിച്ചു വെച്ചതായിരുന്നു. മാസാവസാനമായതിനാല്‍ ജീവനക്കാര്‍ക്ക് കൊടുക്കാനുള്ള ശമ്പളത്തുകയും ഹോട്ടലിന്റെ വാടകയുമായിരുന്നു ബാഗില്‍. 



വീട്ടില്‍ മുളക് പൊടി വിതറിയ നിലയിലും കണ്ടെത്തി. അയല്‍വാസികളാണ് വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ ആദ്യം കണ്ടത്. ഇവര്‍ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാവ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ എസ്.ഐ. അജിത്കുമാര്‍, പ്രൊബേഷണല്‍ എസ്.ഐ. റൗഫ്, എ.എസ്.ഐ. ജോണി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തി. പൊലീസ് നായ മണം പിടിച്ച് റോഡ് വരെ ഓടിയെങ്കിലും കവര്‍ച്ചാ സംഘത്തെ കുറിച്ച് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved