കാസര്‍കോട്: ഇസ്ലാമിക് എജ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ സിലബസ് അനുസരിച്ച് മദ്സാപഠനം നടക്കുന്ന മദ്റസകളില്‍ സമ്മേളനം സംഘടിപ്പിക്കുന്നു. മദ്റസാ മുഅല്ലിംകളുടെ കൂട്ടായ്മയായ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ 8862 കേന്ദ്രങ്ങളില്‍ സമ്മേളനം നടക്കും. ധര്‍മം നശിക്കരുത്, ലോകം നിലനില്‍ക്കണം എന്ന പ്രമേയമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.
ബാധ്യതകള്‍ മറക്കുന്ന സമൂഹം, ലഹരിയുടെ ആലസ്യത്തിലകപ്പെട്ട നവലോകം, സംരക്ഷിക്ക പ്പെടാത്ത വാര്‍ധക്യം, ടെക്നോളജിയിലൂടെ വളര്‍ച്ചയില്‍ അപകടങ്ങളില്‍ ചെന്നുചാടുന്ന കൗമാരം തുടങ്ങി അധര്‍മം എല്ലാ മേഖലയേയും ആപാദചൂഡം ഗ്രസിച്ച സാഹചര്യത്തിലാണ് ബോധവല്‍ക്കരണം ലക്ഷ്യം വെച്ച് എസ്.ജെ.എം. മദ്റസ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളന ഭാഗമായി മുഴുവന്‍ മദ്റസകളിലും മസ്ലിസുന്നിസാഅ് കുടുംബ സംഗമവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടക്കും.
സമ്മേളനത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികളേയും രോഗികളായ അധ്യാപകരേയും സഹായിക്കുന്ന കാരുണ്യ ഹസ്തവും യോഗ്യരായ മാനേജ്മെന്റ് അംഗങ്ങളെ ആദരിക്കലും അധ്യാപകര്‍ക്ക് ബഹുമതിയും നല്‍കും.
സംസ്ഥാനത്ത് 14 ജില്ലകളിലും ജനുവരി 10 ബുധനാഴ്ച ജില്ലാതല ഉദ്ഘാടനം നടക്കും. കാസര്‍കോട് ജില്ലാതല ഉദ്ഘാടനം കുമ്പള റൈഞ്ചിലെ കൊടിയമ്മ ശിബിലി നഗര്‍ മദ്റസയില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. എസ്.ജെ.എം. ജില്ലാ പ്രസിഡന്റ് അശ്റഫ് സഅദി ആരിക്കാടി അധ്യക്ഷത വഹിക്കും.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ മുഖ്യ പ്രഭാഷണം നടത്തും. കേരള മുസ്ലീം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എ. അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി സ്വാദിഖ് ആവളം പ്രസംഗിക്കും. ഖലീല്‍ ഹിമമി സഖാഫി, ഉസ്മാന് സഖാഫി തലക്കി, മമ്മാലി അന്തുഞ്ഞി, അബ്ദുള്ള പുതിയപുര, അബ്ദുള്ള ഹാജി, അബ്ദുസ്സലാം, അബ്ദുറഹീം സംബന്ധിക്കും.
ജനുവരി 17ന് മുഴുവന്‍ റൈഞ്ചുകളിലും റൈഞ്ച്തല ഉദ്ഘാടനം നടക്കും. കാസര്‍കോട് റൈഞ്ച് - സി.എം. മടവൂര്‍ സ്മാരക മദ്റസ പെരിയടുക്കം, പരപ്പ - മിഫ്ത്താഹുല്‍ ഉലൂം മദ്റസ കമ്മാടം, തൃക്കരിപ്പൂര്‍ - ഹയാത്തുല്‍ ഇസ്ലാം മദ്റസ വെള്ളച്ചാല്‍, കുണിയ - നജാത്തുല്‍ ഈമാന്‍ മദ്റസ കുണിയ, പെരുമ്പട്ട - നുസ്റത്തുല്‍ ഇസ്ലാം മദ്റസ പോത്താംകണ്ടം, കാഞ്ഞങ്ങാട് - ബുസ്താനുല്‍ ആരിഫീന്‍ സുന്നി സെക്കന്ററി മദ്റസ, കുമ്പള - മുനീറുല്‍ ഇസ്ലാം മദ്റസ മൈമൂന്‍ നഗര്‍, മഞ്ചേശ്വരം - മനാറുല്‍ ഹിദായ മദ്റസ ബജ്ജങ്കള, ബദിയടുക്ക - മുനവ്വിറുല് ഇസ്ലാം മദ്റസ തുപ്പക്കല്ല്, പുത്തിഗെ - രിഫാഈയ്യ മദ്റസ സുബൈക്കട്ട, ബേഡകം - നൂറാനിയ്യ മദ്റസ കുണ്ടംകുഴി, ദേളി- സിറാജുല്‍ ഹുദാ മദ്റസ കട്ടക്കാല്‍, ദേലംപാടി - തര്‍ബിയ്യത്തുല്‍ ഇസ്ലാം മദ്റസ എടോണി, പൈവളിഗെ - തഖ്വീമുല്‍ ഖുര്‍ആന്‍ മദ്റസ ചിപ്പാര്‍, വൊര്‍ക്കാടി - ഹിദായത്തുസ്സിബ്യാന്‍ സുന്നി മദ്റസ ദൈഗോളി.
പത്രസമ്മേളനത്തില്‍ അശ്റഫ് സഅദി (പ്രസിഡന്റ് എസ്.ജെ.എം. ജില്ല), ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (ജനറല്‍ സെക്രട്ടറി എസ്.ജെ.എം. ജില്ല), ഇല്ല്യാസ് കൊറ്റുമ്പ (സെക്രട്ടറി എസ്.ജെ.എം. ജില്ല), അബ്ദുലതീഫ് മൗലവി (സെക്രട്ടറി എസ്.ജെ.എം. ജില്ല), അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് (സെക്രട്ടറി, എസ്.ജെ.എം. ജില്ല) പങ്കെടുത്തു.