തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ച് ദുബൈ ജാസ് ടൂറിസം മാനേജിങ് ഡയറക്ടര്‍ ഹസന് ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്ന ചവറ എം.എല്‍.എ എന്‍.വിജയന്‍പിള്ളയുടെ മകന് ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിനെ തുടര്‍ന്നാണ് പിന്മാറ്റം. കരുനാഗപ്പള്ളി സബ്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാനായിരുന്നു പത്രസമ്മേളനം വിളിച്ചിരുന്നത്.