Latest News :
Home » , , , » ഫ്യൂച്ചര്‍ സ്പാര്‍ക്കും കാസര്‍കോട് സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററും പ്രവര്‍ത്തനം തുടങ്ങി

ഫ്യൂച്ചര്‍ സ്പാര്‍ക്കും കാസര്‍കോട് സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററും പ്രവര്‍ത്തനം തുടങ്ങി

Written By Muhimmath News on Thursday, 8 February 2018 | 19:43
കാസര്‍കോട്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ടപ് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതിയായ ഫ്യൂച്ചര്‍ സ്പാര്‍ക്കിന്റെ സംസ്ഥാന തല ഉദ്ഘാടനവും കാസര്‍കോട്ടെ ആദ്യ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററിന്റെ ഉദ്ഘാടനവും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട്ട് നിര്‍വഹിച്ചു.


കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഇന്‍കുബേറ്റര്‍ പദ്ധതി നടപ്പാക്കുന്നത്. ഭാവി സാങ്കേതിക വിദ്യയിലെ ആശയാവതരണം, കണ്ടുപിടുത്തം, നിര്‍മ്മാണം തുടങ്ങിയവയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ഫ്യൂച്ചര്‍ സ്പാര്‍ക്കിന്റെ ലക്ഷ്യം.\വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതിക വിദ്യകളില്‍ വിവിധ പരിശീലന കളരികള്‍ ഇതിന്റെ ഭാഗമായി നടന്നു. അഞ്ച് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിക്കുക.

സംസ്ഥാനവ്യാപകമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതി വഴി 10,000 വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കണക്കുകൂട്ടല്‍.

കാസര്‍കോട് ജില്ലയുടെ മികവിനെ പുറത്തേക്ക് കൊണ്ടുവരാന്‍ ഇന്‍കുബേഷന്‍ സെന്ററിലൂടെ സാധിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി സര്‍ക്കാര്‍ പദ്ധതികള്‍ കാസര്‍കോട്ട് തുടക്കം കുറിച്ചതിനു ശേഷമാണ് തെക്കന്‍ കേരളത്തിലേക്ക് കൊണ്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു.


സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നൂതന കണ്ടുപിടുത്ത സംസ്‌കാരം കൊണ്ടു വരാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമിക്കുന്നതെന്ന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സ്‌കൂളുകള്‍ക്കായി തുടങ്ങിയ ഇത്തരത്തിലുള്ള ആദ്യ സംവിധാനമാണ് ഫ്യൂച്ചര്‍ സ്പാര്‍ക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ട് തുടങ്ങുന്ന ഈ യഞ്ജം കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ കളക്ടര്‍ ജീവന്‍ ബാബു, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സെക്രട്ടറി നന്ദകുമാര്‍, അംഗം ഷാനവാസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇജിസി ബഷീര്‍ സ്വാഗതം പറഞ്ഞു.

ടിസിഎസ് ഇന്നൊവേഷന്‍ ഹബ്ബിന്റെ തലവന്‍ റോബിന്‍ ടോമി, സാങ്കേതികവിദ്യയിലെ നൂതനകണ്ടുപിടുത്തങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. ഇരുന്നൂറോളം കുട്ടികള്‍ പരിപാടിയില്‍ സംബന്ധിച്ചു.


മലബാറിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോഴിക്കോടും കാസര്‍കോടും കേന്ദ്രീകരിച്ച് ചതുര്‍ദിന സമ്മേളനം സംഘടിപ്പിച്ചത്. നിക്ഷേപകര്‍, വിഭവദാതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെ ഒരേ വേദിയിലെത്തിച്ച് ആശയസംവാദവും വാണിജ്യ ചര്‍ച്ചകളും സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഐഡിയ ഡേ-യോടു കൂടി അഞ്ചാം തിയതി ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യ മൂന്നു ദിനം കോഴിക്കോടാണ് നടന്നത്. സീഡിംഗ് കേരള, സര്‍ക്കാര്‍ വകുപ്പുകളുടെ ഇ-സേവന ആവശ്യങ്ങള്‍ മുന്‍ നിറുത്തിയ ഡിമാന്‍ഡ് ഡേ, കേരളത്തിലെ ആദ്യ മൊബൈല്‍ ഇന്‍കുബേറ്ററായ മൊബൈല്‍ ടെന്‍എക്‌സ് ഹബിന്റെ ഉദ്ഘാടനം തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികള്‍. ഗൂഗിള്‍ ഇന്ത്യ മേധാവി രാജന്‍ ആനന്ദനടക്കമുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു.

യെസ് ബാങ്കാണ് പരിപാടിയുടെ ബാങ്കിംഗ് പാര്‍ട്ണര്‍.Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved