പെരിയ: ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ(60)യെ കൊന്ന കേസിലെ മുഖ്യപ്രതി സുള്ള്യ അജ്ജാവര ഗുളുംബ ഹൗസിലെ അസീസി (30)നെ കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹിം സാഹസികമായി വലയിലാക്കി. ഇന്നലെ വൈകിട്ട് സുള്ള്യയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ മടിക്കേരി റോഡിലെ അറന്തോട് കാട്ടില്‍ വെച്ചാണ് അസീസിനെ പിടിച്ചത്. കാസര്‍കോട് സി.ഐ. അബ്ദുല്‍ റഹിം കേസില്‍ പ്രതിയായ അസീസ് കടന്നുപോകുന്ന മൊബൈല്‍ ടവറുകള്‍ പരിശോധിച്ച് വരികയായിരുന്നു. അറന്തോടുള്ളതായി ഇന്നലെ രാവിലെയാണ് വ്യക്തമായത്. സി.ഐ.യുടെ നേതൃത്വത്തില്‍ ഉച്ചയോടെ സംഘം പുറപ്പെട്ടിരുന്നു. അസീസിന്റെ ടവര്‍ ലൊക്കേഷന്‍ വ്യക്തമായതോടെ കാട് പൊലീസ് വളഞ്ഞു. തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വിട്ടില്ല. സി.ഐ.ക്കും സി.ഡി. പാര്‍ട്ടിയിലെ നാരായണനും മുറിവേറ്റു. ഇരുവരും ചികിത്സ തേടിയതായാണ് വിവരം.
പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി കൊലക്കേസുമായും അസീസിന് ബന്ധമുളളതായാണ് സംശയിക്കുന്നത്. 2017 ജനുവരി 13നാണ് ദേവകി കൊല്ലപ്പെട്ടത്. ദേവകിയെ കൊന്നതും സുബൈദയെ കൊന്നതും സമാനരീതിയിലാണ്. 2011ല്‍ പൂഞ്ചാര്‍കട്ട തണ്ണീര്‍പന്ത ഗ്രാമത്തിലെ ഖദീജുമ്മയെ(35) കഴുത്ത് ഞെരിച്ച് കൊന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും അസീസ് പ്രതിയാണ്. കൂടാതെ സുള്ള്യയിലെയും വടകരയിലെയും കവര്‍ച്ചാ കേസുകളിലും അസീസിനെ അന്വേഷിച്ച് വരികയായിരുന്നു.
കഴിഞ്ഞമാസം 17ന് ഉച്ചക്ക് ഒരു മണിയോടെയാണ് സുബൈദ കൊല്ലപ്പെട്ടത്. അഞ്ചരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയായിരുന്നു സുബൈദയെ വീടിനകത്ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം വീട് പൂട്ടി താക്കോല്‍ തെക്കില്‍ പുഴയില്‍ എറിയുകയായിരുന്നു. പിറ്റേന്ന് ഒരു ബന്ധു സുബൈദയുടെ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയ നിലയില്‍ കണ്ടത്. മൊബൈലില്‍ വിളിച്ചപ്പോള്‍ അകത്ത് നിന്ന് ശബ്ദം കേട്ടതിനാല്‍ നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കൊല നടന്ന വിവരം അറിയുന്നത്.
പടഌകുഞ്ചാര്‍ കോട്ടക്കണ്ണിയിലെ അബ്ദുല്‍ ഖാദര്‍ (26), പടഌകുതിരപ്പാടിയിലെ ബാവ അസീസ് (23)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും റിമാണ്ടിലാണ്. കേസിലെ നാലാംപ്രതി മാന്യയിലെ ഹര്‍ഷാദി (30)ന് വേണ്ടി തിരച്ചില്‍ തുടരുന്നു.