Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » അതിരുപത കുംഭകോണം; കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കും

അതിരുപത കുംഭകോണം; കര്‍ദിനാളിനെതിരെ ക്രിമിനല്‍ കേസെടുക്കും

Written By Muhimmath News on Monday, 12 March 2018 | 12:44

കൊച്ചി: അങ്കമാലി അതിരുപത ഭൂമി കുംഭകോണത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, മോണ്‍.സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. കര്‍ദ്ദിനാളിനും സംഘത്തിനുമെതിരെ കേസെടുക്കാമെന്ന നിയമോപദേശം ഇതിനകം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ പോലീസിന് കൈമാറി.

കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജിയുമായി നീങ്ങുന്ന പശ്ചാത്തലത്തിലാണ് കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. 

എറണാകുളം റേഞ്ച് ഐ.ജി മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കുക. കേസെടുത്തില്ലെങ്കില്‍ അത് കോടതിയലക്ഷ്യ നടപടിയാകുമെന്ന് ജസ്റ്റീസ് കമാല്‍ പാഷയുടെ ബെഞ്ച് വിധിയില്‍ വ്യക്തമാക്കിയിരുന്നു.

കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. എ.ജി നല്‍കിയ നിയമോപദേശവും കോടതി വിധിയും പരിശോധിച്ച ശേഷമാണ് ഡി.ജി.പി കേസെടുക്കാമെന്ന് ഉപദേശം നല്‍കിയത്. കര്‍ദ്ദിനാള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി കേസെടുക്കുന്നതോടെ ഭൂമി വിവാദം പുതിയ തലത്തിലേക്ക് കടക്കും.

ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. അതുപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved