Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

പറയുന്നത് ഭരണകൂടത്തിന്റെ ഭീകരതക്കൊപ്പം നിന്ന് അറിഞ്ഞോ അറിയാതെയോ നാം നാടുകടത്തിയ മഅ്ദനിയെന്ന പച്ച മനുഷ്യനെക്കുറിച്ചാണ്. അതെ രണ്ട് പതിറ്റാണ്ടായിരിക്കുന്നു, വികലാംഗനായ ആ മനുഷ്യജീവിയെ നാം കല്‍തുറുങ്കിലടച്ചിട്ട്. 1998 മാര്‍ച്ച് 31നാണ് അതിന് ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം കോഴിക്കോട് മുതലക്കുളത്ത് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരില്‍ ആദ്യമായി അറസ്റ്റ് ചെയ്യുന്നത്. കലൂരിലെ വസതിയില്‍ നിന്നും അര്‍ധരാത്രിയില്‍ അറസ്റ്റ് ചെയ്ത ആ മനുഷ്യനെ കണ്ണൂര്‍ ജയിലിലടച്ചെങ്കിലും നാല് ദിവസം പിന്നിട്ടപ്പോള്‍ 1998ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് നമ്മുടെ നിയമപാലകര്‍ കോയമ്പത്തൂര്‍ പോലീസിന് കൈമാറുകയായിരുന്നു. ദേശീയ സുരക്ഷാ നിയമപ്രകാരമടക്കം പിന്നീട് പല തരം കേസുകളില്‍പ്പെടുത്തി ആ മനുഷ്യന്റെ ജീവിതത്തിന്റെ ഒരു പതിറ്റാണ്ടോളം കാലം പരോള്‍ പോലും നിഷേധിച്ച് കോയമ്പത്തൂല്‍ സെന്‍ട്രല്‍ ജയിലിന്റെ ഇരുമ്പഴിക്കുള്ളിലിട്ട് പീഡിപ്പിച്ചു. ഈ കാലത്ത് അദ്ദേഹം കയറാത്ത കോടതികളില്ലായിരുന്നു. മുട്ടാത്ത ഭരണകൂടസ്ഥാപനങ്ങളില്ലായിരുന്നു.

എന്നാല്‍ രാജ്യത്തെ ഒരു ന്യായാധിപനും ഒരു ഭരണാധികാരിയും ദയയുടെ ഒരു നോട്ടത്തിന്റെ ആനുകൂല്യം പോലും നല്‍കിയില്ല. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ അദ്ദേഹം തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ച് നിരപരാധിയായി പുറത്തേക്ക് വന്നു. അന്ന് നമ്മുടെ ഭരണകൂടവും നീതിന്യായ സ്ഥാപനങ്ങളും ആ മനുഷ്യന്റെ മുന്നില്‍ തോറ്റുപോകുകയായിരുന്നു. ഇനിയൊരിക്കലും ഒരു നിരപരാധിയും പീഡിപ്പിക്കപ്പെടരുതെന്ന് ആഗ്രഹിച്ച നാം, ഒരു പൗരന്റെ മുന്നിലും നമ്മുടെ ഭരണകൂടവും നീതിപീഠങ്ങളും ഉത്തരം മുട്ടരുതെന്നാഗ്രഹിച്ച നാം മഅ്ദനിയെന്ന മനുഷ്യനെ മനസ്സറിഞ്ഞ് സ്വീകരിച്ചു. ആ സ്വീകരണത്തില്‍ തനിക്ക് എപ്പോഴോ പറ്റിയ പദപ്രയോഗങ്ങളുടെ അപക്വത തിരിച്ചറിഞ്ഞ മഅ്ദനി മനസ്സറിഞ്ഞ് ഖേദം പ്രകടിപ്പിച്ചു.

എന്നാല്‍, ഏറെനാള്‍ അദ്ദേഹത്തെ പുറംലോകത്തെ വായു ശ്വസിച്ച് ജീവിക്കാന്‍ നമ്മുടെ ഭരണകൂടം അനുവദിച്ചില്ല. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ നിരപരാധിയായി പുറത്ത് വന്ന മഅ്ദനിയെ 2010 ആഗസ്റ്റ് പതിനേഴിന് ബെംഗളൂരു സ്‌ഫോടനക്കേസില്‍ വീണ്ടും പ്രതിചേര്‍ത്ത് നാടുകടത്തുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ നമുക്ക് കഴിഞ്ഞുള്ളൂ. ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് പോലും പറയാനാകുമെന്ന് തോന്നുന്നില്ല. കാരണം അത്രമേല്‍ ദുര്‍ബലമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ നിരത്തുന്നത്. ഇനി അഥവാ മഅ്ദനി കുറ്റക്കാരനാണെങ്കില്‍ കൂടി അദ്ദേഹം അനുഭവിക്കേണ്ട ശിക്ഷ ഇതിനകം തന്നെ അനുഭവിച്ചുകഴിഞ്ഞു. എന്നാല്‍ മഅ്ദനിയെന്ന മനുഷ്യന്റെ കാരാഗൃഹവാസം രണ്ട് പതിറ്റാണ്ടോടടുക്കുമ്പോള്‍ സമകാലിക സംഭവങ്ങള്‍ ചിലത് നമ്മെ തുറിച്ച് നോക്കുന്നുണ്ട്.

പലര്‍ക്കും കിട്ടുന്ന ആനുകൂല്യങ്ങള്‍ മഅ്ദനിക്ക് മാത്രം ഇനിയും നിഷേധിക്കപ്പെടുന്ന രാഷ്ട്രീയം അപകടകരമായ ചിലസൂചനകള്‍ നമുക്ക് നല്‍കുന്നുണ്ട്. മഅ്ദനിയുടെ രാഷ്ട്രീയത്തോടും നിലപാടുകളോടും നമുക്ക് വിയോജിക്കാം, പക്ഷേ, വസ്തുതകളോട് മുഖം തിരിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണെന്ന് ആര്‍ക്കാണ് പറയാനാകുക. നമ്മുടെ പോലീസും അയല്‍ സംസ്ഥാന പോലീസുമൊക്കെ അരിച്ചുപെറുക്കിയിട്ടും മഅ്ദനി പഠിച്ച സ്ഥാപനങ്ങളിലോ, പുസ്തകങ്ങളിലോ പരമതവിദ്വേഷ പരാമര്‍ശങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. മഅ്ദനിയുടെ സ്ഥാപനത്തില്‍ നിന്നോ, അദ്ദേഹം പഠിച്ച സ്ഥാപനങ്ങളില്‍ നിന്നോ ആരും ആട് മേയ്ക്കാന്‍ നാട് വിട്ട കഥയും ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ നമ്മുടെ സമുദായ രാഷ്ട്രീയ സംഘടന തയ്യാറായില്ല, എന്നല്ല അദ്ദേഹം തീവ്രവാദിയാണെന്ന് പല തവണ പറയുകയും ചെയ്തു. ആ മനുഷ്യനെ അവര്‍ വല്ലാതെ ഭയക്കുന്നുവെന്നാണ് ഇത് പറഞ്ഞുതരുന്നത്. പുസ്തകങ്ങളിലൂടെ കുരുന്നുകളില്‍ സങ്കുചിത ചിന്തകള്‍ കുത്തിനിറക്കുന്ന, സത്രീകളെയും പൂര്‍വസൂരികളെയും പരമപുച്ഛത്തോടെ നോക്കിക്കണ്ട് പ്രസംഗിക്കുകയും മതസ്പര്‍ദക്ക് മരുന്നിട്ടുകൊടുക്കുയും ചെയ്യുന്നവര്‍ക്ക് വേണ്ടി, അവരുടെ 'മനുഷ്യാവകാശങ്ങള്‍ക്ക്' വേണ്ടി വാ തോരാതെ സംസാരിക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളൂ, നിങ്ങള്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ മരണത്തെ നോക്കിക്കഴിയുന്ന മഅ്ദനിയെന്ന മനുഷ്യജീവിയെക്കാണുന്നുണ്ടോ?

നമ്മള്‍ മനുഷ്യത്വത്തെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും കലപില കൂട്ടുമ്പോള്‍ ആ മനുഷ്യന്‍ നമുക്ക് മുന്നില്‍ മരിച്ചുകൊണ്ടിരിക്കുന്നത് നാം കാണാതെ പോകുന്നതെന്തുകൊണ്ടായിരിക്കാം? മഅ്ദനിയെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യയും കുടുംബവും ഒന്നടങ്കം വേട്ടയാടപ്പെടുകയായിരുന്നു. അപ്പോഴെല്ലാം മുസ്‌ലിം ലീഗടക്കമുള്ളവര്‍ കാണിച്ചത് 'അള്‍ട്രാ സെക്യുലറിസ'മാണ്. എന്നാല്‍, എം എം അക്ബറിന്റെയും ശംസുദ്ദീന്‍ പാലത്തിന്റെയും ജൗഹര്‍ മുനവ്വറിന്റെയും കാര്യത്തില്‍ സെക്യുലറിസമൊന്നും അവര്‍ക്ക് പ്രശ്‌നമായില്ല. അവിടെയാണ് മഅ്ദനിയുടെ കാര്യത്തില്‍ വേട്ടക്കാരനെയും ഒറ്റുകാരനെയും സംശയിക്കപ്പെടുന്നത്.

സമുദായ രാഷ്ട്രീയ നേതൃത്വം എല്‍ സി ഡി വെച്ച് പത്രസമ്മേളനം നടത്തിയും നിയമസഭയില്‍ മറ്റ് മതസംഘടനകളുടെ അസ്തിത്വം പോലും പണപ്പെടുത്തിയും നടത്തുന്ന വിറളിപൂണ്ട വെപ്രാള പ്രസംഗങ്ങളുണ്ടല്ലോ ഇതൊക്കെ തീവ്രവാദത്തിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ജനാധിപത്യത്തിന്റെ ഇടനാഴിയിലൂടെ വഴിയൊരുക്കലല്ലാതെ മറ്റെന്താണ്? മനുഷ്യാവകാശത്തിനും മതസ്വാതന്ത്യത്തിനും സെലക്ടീവായ നിലപാടെടുക്കുമ്പോള്‍ നിങ്ങളുടെ മാനദണ്ഡങ്ങള്‍ക്കപ്പുറത്താകും മഅ്ദനി. ഒറ്റക്കെട്ടായി ഫാസിസത്തെ പ്രതിരോധിക്കേണ്ട കാലമാണെന്ന് നിങ്ങള്‍ ഒറ്റെക്കെട്ടായി പറയുമ്പോള്‍, മഅ്ദനി പുറത്തിറങ്ങരുത്. കാരണം മഅ്ദനി പുറത്തിറങ്ങിയാല്‍ അദ്ദേഹം ഇനിയും ഫാസിസത്തിനെതിരെ ശബ്ദിക്കും. മനുഷ്യജീവനുകള്‍ക്കപ്പുറത്ത് രാഷ്ട്രീയാധികാരങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരോട് വേദമോതിയിട്ടൊരുകാര്യമില്ലെന്നറിയാം. അതുകൊണ്ട് തന്നെ അവര്‍ രാഷ്ട്രീയം കളിക്കട്ടെ, സ്വതാത്പര്യങ്ങള്‍ സംരക്ഷിക്കട്ടെ, നമുക്കിതൊക്കെ കണ്ട് നില്‍ക്കാം.

എങ്കിലും പ്രതികരണശേഷി അശേഷമെങ്കിലും ബാക്കിയുള്ള മനുഷ്യരോടായി പറയുകയാണ്; യുവത്വം മുഴുവന്‍ ജയിലിലടക്കപ്പെട്ട ഒരു ഭര്‍ത്താവിന്റെ, ഒരു പിതാവിന്റെ, രോഗബാധിതരായ മാതാപിതാക്കളുടെ മകന്റെ, നിരവധി കുട്ടികളുടെ തണലായിരുന്ന ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഇരുപത് വര്‍ഷം ഇരുമ്പഴിക്കുള്ളിലകപ്പെട്ടെന്നറിഞ്ഞിട്ടും നമ്മളുടെ മനസ്സിന് കുലുക്കമില്ലെങ്കില്‍, പ്രതികരിക്കാനാകുന്നില്ലെങ്കില്‍ നമ്മള്‍ ഇനിയും മനുഷ്യാവകാശത്തെക്കുറിച്ചും സഹജീവി സ്‌നേഹത്തെക്കുറിച്ചും എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല.

പിറന്ന നാട്ടില്‍ നിന്ന് ഭരണകൂടത്തിന്റെ ചെലവില്‍ നാട്കടത്തപ്പെട്ട ആ മനുഷ്യന് ബാധിക്കാവുന്ന അസുഖങ്ങളെല്ലാം ഇതിനകം ബാധിച്ചിട്ടുണ്ട്. ഒറ്റക്കാലില്‍ പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത ആ മനുഷ്യന്റെ കാഴ്ച പോലും രോഗം കവര്‍ന്നെടുത്തിരിക്കുന്നു. തടവറ നല്‍കിയ രോഗങ്ങള്‍ മരുന്നുകള്‍ ഭക്ഷിച്ച് പ്രതിരോധിക്കുന്ന ആ മനുഷ്യന്റെ മെലിഞ്ഞൊട്ടിയ ശരീരത്തിനുള്ളില്‍ പതറാത്ത ഒരു മനസ്സ് മാത്രമാണ് ബാക്കിയുള്ളത്. ഇനിയും നിശബ്ദമായി തുടരുന്ന നമ്മുടെ നാവുകള്‍ രോഗത്തോട് മല്ലിട്ട് ആശുപത്രിയില്‍ തള്ളിനീക്കുന്ന ആ മനുഷ്യന്റെ കാര്യത്തില്‍ എന്നാണ് അലസ്യം വിട്ടുണരുക?

മുനീര്‍ കുമരംചിറ

(കടപ്പാട്: സിറാജ്)


Leave A Reply