Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ജസീമിന്റെ മരണം ട്രെയിന്‍ തട്ടി; സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Tuesday, 6 March 2018 | 17:15


ബേക്കല്‍:  ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ജാഫര്‍ കളനാട്ടെ ഫരീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജസീമിന്റെ (15) മരണം ട്രെയിനിടിച്ചാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതോടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ കഞ്ചാവ് കൈവശം വെച്ചതിനും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നല്‍കിയതിനും ഉപയോഗിച്ചതിനും കേസെടുത്ത് അറസ്റ്റു ചെയ്തു.

കളനാട്ടെ സമീര്‍ (20), വിനീഷ് എന്ന ബബ്ലു (20), ജസീമിന്റെ സുഹൃത്തും സഹപാഠിയുമായ 16 കാരന്‍ എന്നിവരെയാണ് ബേക്കല്‍ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.വ്യാഴാഴ്ച വൈകിട്ട് ജസീം മറ്റുള്ളവര്‍ക്കൊപ്പം കളനാട് റെയില്‍പ്പാളത്തിനടുത്തെത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അവിടെ നേരത്തെ തന്നെ വിനീഷും സമീറും എത്തിയിരുന്നു. ഇവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നവനാണ് സമീര്‍. 250 രൂപ കൊടുത്ത് കഞ്ചാവ് വാങ്ങി മൂന്നുപേരും സ്ഥിരമായി ഇരിക്കുന്നിടത്തേക്ക് പോയി. കഞ്ചാവ് ചുരുട്ടാനുള്ള പ്രത്യേക തരം കടലാസ് മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്. ജസീമും കൂട്ടുകാരിലൊരാളും 200 മീറ്ററോളം അകലേക്ക് നടന്നുചെന്ന് കടലാസ് സൂക്ഷിച്ച ഇടത്തെത്തി. എന്നാല്‍ അവിടെ കടലാസുണ്ടായിരുന്നില്ല.
തിരികെ റെയില്‍പ്പാളത്തിലൂടെ നടന്നു. ജസീം നടന്നത് ഇരുട്രാക്കുകളുടെയും നടുവിലൂടെയും കൂട്ടുകാരന്‍ ട്രാക്കിന്റെ ഓരംചേര്‍ന്നുമാണ്. മൊബൈല്‍ നോക്കിക്കൊണ്ടാണ് ജസീം നടന്നതെന്നും പോലീസ് പറഞ്ഞു. 7.45 മണിയോടെ മംഗളൂരു ഭാഗത്തുനിന്നുമെത്തിയ മലബാര്‍ എക്‌സ്പ്രസ് ജാസീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം കണ്ട കൂട്ടുകാരന്‍ സമീറിന്റെയും വിനീഷിന്റെയുമടുത്തെത്തി കാര്യം പറഞ്ഞു. മൂവരും ചേര്‍ന്ന് തീവണ്ടിയിടിച്ച ഭാഗത്തെല്ലാം തിരഞ്ഞു. അതിനിടെ സമീറിനോട് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന രണ്ടുപേരെത്തി. അവരോടും കാര്യം പറഞ്ഞു. ഏറെസമയം തിരഞ്ഞെങ്കിലും ജസീമിനെ കണ്ടെത്താനായില്ല. പിന്നീട് ഇവരെല്ലാം വീട്ടിലേക്കു പോയി.

തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയെന്നറിഞ്ഞപ്പോള്‍ സമീറിനോട് കഞ്ചാവ് വാങ്ങാനെത്തിയ രണ്ടുപേരാണ് ഇക്കാര്യമെല്ലാം നാട്ടുകാരോടു പറഞ്ഞത്. ഈ വിവരം കിട്ടിയതോടെയാണ് മൂന്നുപേരെയും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചത്. ജസീമിനൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ കൂട്ടുകാരന്‍ കഞ്ചാവുപയോഗിക്കില്ലെന്ന് വ്യക്തമായതായും അതുകൊണ്ടാണ് അറസ്റ്റു ചെയ്യാതെ വെറുതെ വിട്ടതായും പോലീസ് പറഞ്ഞു.
അറസ്റ്റിലായ 16 കാരനെ കാസര്‍കോട് ജുവനൈല്‍ കോടതിയിലും മറ്റു രണ്ടുപേരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിലും ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved