Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » കോട്ടപ്പുറം പാലം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

കോട്ടപ്പുറം പാലം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Saturday, 10 March 2018 | 19:38

നീലേശ്വരം: ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ്  ഗ്രാമപഞ്ചായത്തുകളെ നീലേശ്വരം നഗരവുമായി ബന്ധിപ്പിച്ച് സ്റ്റിമുലസ് പാക്കേജിലുള്‍പ്പെടുത്തി തേജസ്വിനി പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച കോട്ടപ്പുറം പാലത്തിന്റെ ഉദ്ഘാടനം 11ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ്  മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. റവന്യൂഭവന നിര്‍മ്മാണ വകുപ്പ്  മന്ത്രി ഇ.ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എംപി എന്നിവര്‍ മുഖ്യാതിഥികളാകും. എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, നീലേശ്വരം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, മുന്‍ എംഎല്‍എ മാരായ കെ.കുഞ്ഞിരാമന്‍, കെ പി സതീഷ് ചന്ദ്രന്‍, വിവിധ രാഷ്ട്രീയകക്ഷി പ്രിതിനിധികള്‍ സംബന്ധിക്കും.


പാലം ഗതാഗതത്തിന് വിട്ടുകൊടുക്കുന്നതോടെ ദേശീയപാതയ്ക്ക് സമാന്തരമായി നീലേശ്വരം മുതല്‍ പയ്യന്നൂര്‍ തീരദേശപാതയും നിലവില്‍വരും. 296 മീറ്റര്‍ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളം കൂടിയ റോഡുപാലമാണിത്. ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ട്. പാലത്തിന് അച്ചാംതുരുത്തി ഭാഗത്ത് 120 മീറ്ററും കോട്ടപ്പുറം 60 മീറ്ററും നീളത്തില്‍ സമീപ റോഡുകളും നിര്‍മിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയായ ഗാബിയം വാള്‍ കൊണ്ടാണ് സമീപറോഡിന്റെ സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇരുമ്പുകമ്പിവലയില്‍ കരിങ്കല്ലുകൊണ്ടാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. 2010 ജൂണ്‍ 17ന് അന്നത്തെ എല്‍ ഡി എഫ് മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി പി ജെ ജോസഫാണ് പാലത്തിന് തറക്കല്ലിട്ടത്. മടക്കര മത്സ്യബന്ധന തുറമുഖം, വിനോദസഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, കുളങ്ങാട്ട് മല, പ്രസിദ്ധമായ കോട്ടപ്പള്ളി മഖാം, നെല്ലിക്കാതുരുത്തി കഴകം, കോട്ടപ്പുറം പള്ളി, വൈകുണ്ഠ ക്ഷേത്രം, നീലേശ്വരം തളിയില്‍ ക്ഷേത്രം മന്ദംപുറത്ത് കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും. ചെറുവത്തൂര്‍ മടക്കര ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് നീലേശ്വരം നഗരത്തിലേക്ക്  വളരെ എളുപ്പത്തില്‍ എത്തിപ്പെടാനും കഴിയും. നിലവില്‍ ചെറുവത്തൂര്‍ വഴിയാണ് ഈ ഭാഗങ്ങളിലുള്ള ആളുകള്‍ നീലേശ്വരം നഗരത്തില്‍ എത്തുന്നത്. പള്ളിക്കര റെയില്‍വെ ഗേറ്റില്‍ കൂടി കുടുങ്ങുന്നതോടെ അനുഭവിക്കുന്ന ദുരിതത്തിനാണ് കോട്ടപ്പുറം പാലം യാഥാര്‍ത്ഥ്യമാകുന്നോടെ അവസാനമാകുന്നത്.

വികസനത്തിന് പാലം മുതല്‍ക്കൂട്ടാകും. കൂടാതെ ചെറുവത്തൂര്‍, പടന്ന, വലിയപമ്പ് പിലിക്കോട്, തൃക്കരിപ്പൂര്‍ തുടങ്ങിയ പഞ്ചായത്തുകളുടെ സമഗ്രവികസനത്തിനും പാലം വഴിയൊരുക്കും. 22 കോടി രൂപയുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആദ്യം പാലം പ്രവൃത്തി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി.ടി മത്തായി കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡിന് സബ് കോണ്‍ട്രാക്ട് നല്‍കുകയും ചെയ്തു. എന്നാല്‍ പ്രവൃത്തിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇയാളെ മാറ്റുകയും പ്രവൃത്തി ജി.എം എഞ്ചിനീയേഴ്‌സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇങ്ങനെ കരാറുകാരനെ ഇടയ്ക്കു മാറ്റേണ്ടി വന്നതും പുതിയ കരാറുകാരനെ ഏല്‍പിച്ചതില്‍ വന്ന സാങ്കേതികമായ കാലതാമസവുമാണ് പ്രധാനമായും നിര്‍മാണം വൈകാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്വാറി സമരം, പ്രതികൂല കാലാവസ്ഥയില്‍ പുഴയില്‍ പൈലിങ് ചെയ്യാനെടുത്ത അധിക സമയം എന്നിവയും വൈകാന്‍ കാരണമായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved