Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , , , » ജോര്‍ദാന്‍ രാജാവിന് ഇന്ത്യന്‍ സംസ്‌കൃതി പ്രഘോഷിച്ചു കാന്തപുരത്തിന്റെ അറബി കവിത സമ്മാനിച്ചു

ജോര്‍ദാന്‍ രാജാവിന് ഇന്ത്യന്‍ സംസ്‌കൃതി പ്രഘോഷിച്ചു കാന്തപുരത്തിന്റെ അറബി കവിത സമ്മാനിച്ചു

Written By Muhimmath News on Friday, 2 March 2018 | 10:36

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ സംസ്‌കൃതിയുടെയും  പാരമ്പര്യത്തിന്റെയും സൗകുമാര്യത വിവരിച്ചും അറേബിയയിലെ പ്രവാചക കുടുംബത്തില്‍ പിറന്ന  അബ്ദുല്ല രണ്ടാമന്‍ രാജാവിനെ സ്വാഗതം  ചെയ്തും   അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ എഴുതിയ അറബി കവിത ജോര്‍ദാന്‍ രാജാവിന് സമ്മാനിച്ചു. 

ന്യൂ ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച രാജാവിന്റെ പ്രഭാഷണത്തിന് മുമ്പ് നടന്ന മതരാഷ്ട്രീയ മേഖലയിലെ പ്രധാനപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയിലാണ് കാന്തപുരം കവിത ആലപിച്ചതും സമ്മാനിച്ചതും. അര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ അബ്ദുല്ല രണ്ടാമന്‍ രാജാവ്, പ്രധാന മന്ത്രി നരേന്ദ്ര മോഡി, ഇരുരാജ്യങ്ങളിലെയും അംബാസിഡര്‍മാര്‍, എം.എ യൂസുഫലി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

          അറബിയില്‍ കാന്തപുരം ആലപിച്ച കവിതയില്‍ വൈവിധ്യങ്ങളുടെ രാജ്യത്തേക്ക് ജോര്‍ദാന്‍ രാജാവിനെ ഹാര്‍ദ്ദവമായി ക്ഷണിക്കുന്ന വരികളാണ് ഉള്ളത്.  നയതന്ത്ര ബന്ധത്തിലും അന്താരാഷ്ട്ര സമാധാനം ക്രമപ്പെടുത്തുന്നതിലും  അദ്വിതീയ പങ്കുവഹിക്കുന്ന ജോര്‍ദാന്‍ രാജാവിനോടു  ഇന്ത്യയുടെ മണ്ണില്‍ മുസ്‌ലിംകളും മറ്റു മതവിശ്വാസികളും സൗഹൃദത്തോടെ കഴിയുന്നതിനെപ്പറ്റി വിവരിക്കുന്നു. കവിതയുടെ ആശയം തുടര്‍ന്ന് എം.എ യൂസുഫലി പ്രധാനമന്ത്രിക്കും മറ്റു പ്രതിനിധികള്‍ക്കും വിവരിച്ചു നല്‍കി.
      ലോകത്തെ മതവിശ്വാസികള്‍ക്കിടയില്‍ നിലനില്‍ക്കേണ്ടത് ഐക്യത്തിന്റെയും പരസ്പര്യത്തിന്റെയും സന്ദേശങ്ങളാണെന്ന ബോധ്യത്തോടെ ധൈഷണികവും നയതന്ത്രപരവുമയ ഇടപെടലുകള്‍ നടത്തുന്ന അബ്ദുല്ല രാജാവിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ കാന്തപുരം പ്രശംസിച്ചു. സിറിയയിലെ സംഘര്‍ഷങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ രാജാവിന്റെ നേതൃത്വത്തില്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ , എല്ലാ അര്‍ത്ഥത്തിലും ശ്രമിക്കുന്നുണ്ടെന്നും മധ്യേഷ്യയില്‍ സമാധാനം പൂര്‍വ്വാധികം  ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം  പറഞ്ഞു. 
മുസ്‌ലിം ലോകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സര്‍ഗാത്മകവും പണ്ഡിതോചിതവുമായ നിലപാടുകള്‍ രൂപെടുത്താനും വേണ്ടി ജോര്‍ദാന്‍ രാജാവിന്റെ കീഴില്‍ സ്ഥാപിച്ച ദി റോയല്‍ ആലുല്‍ ബൈത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആക്റ്റീവ് മെമ്പര്‍ ആണ് കാന്തപുരം. വിവിധ വര്‍ഷങ്ങളില്‍ ജോര്‍ദാനില്‍ നടന്ന ആ സഭയുടെ അക്കാദമിക സെമിനാറുകളില്‍ കാന്തപുരം പങ്കെടുക്കുകയും പ്രബന്ധം അവതരിപ്പിക്കുകയും രാജാവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. 

    ശേഷം പതിനൊന്നു മണിക്ക്  വിജ്ഞാന്‍ ഭവന്‍ പ്രധാന ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളന  വേദിയില്‍ അബ്ദുല്ല രാജാവിനും പ്രധാന മന്ത്രിക്കും നേരെ അടുത്തായിട്ടായിരുന്നു  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഇരിപ്പിടം. വേദിയില്‍ വെച്ചും രാജാവുമായും പ്രധാനമന്ത്രിയുമായും അദ്ദേഹം സംസാരിച്ചു.

      മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് കോഴിക്കോട് മര്‍കസ് ചെയര്‍മാനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ദേശീയ തലത്തില്‍ ലഭിച്ച ഈ സ്വീകാര്യത.
       സിറിയയിലെ നിരപരാധികളായ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ അബ്ദുല്ല രാജാവിനോട് നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ഇടപെടലുകള്‍ മധ്യേഷ്യയില്‍ സമാധാനം ശക്തപ്പെടുത്തുന്നതിനു കാരണമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. 

മര്‍കസ് വൈസ് പ്രിന്‍സിപ്പള്‍  ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഇന്തോ അറബ് കള്‍ച്ചറല്‍ മിഷന്‍ സെക്രട്ടറി അമീന്‍ ഹസ്സന്‍ സഖാഫി എന്നിവര്‍ സമ്മേളനത്തില്‍ കാന്തപുരത്തെ അനുഗമിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved