Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യം ശക്തമാകുന്നു

നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യം ശക്തമാകുന്നു

Written By Muhimmath News on Sunday, 4 March 2018 | 10:47


നീലേശ്വരം: നീലേശ്വരം നഗരത്തിലും പരിസരങ്ങളിലും തീ പിടിത്തം ശക്തമായതോടെ നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ വേണമെന്നാവശ്യം ശക്തമാകുന്നു. ഏതാണ്ട് ഒരേസമയത്ത് അടുത്തടുത്ത രണ്ടിടങ്ങളിലുണ്ടായ തീപിടിത്തം അഗ്‌നിരക്ഷാസേനയെ വട്ടംകറക്കി. ചായ്യോം നരിമാളത്തും നീലേശ്വരം ബ്ലോക്ക് ഓഫിസിനു സമീപവുമാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം തീപിടിച്ചത്. ചോയ്യംകോട് സിംസ് ഹൗസിലെ ശശീന്ദ്രന്റെ റബര്‍ തോട്ടത്തിലാണ് അടിക്കാടിനും പുല്ലിനും തീപിടിച്ചത്. ഈ ഭാഗത്തുകൂടി വൈദ്യുത ലൈന്‍ വലിച്ചിട്ടുണ്ടെങ്കിലും ചാര്‍ജ് ചെയ്തിട്ടില്ല. സിഗരറ്റ് കുറ്റിയില്‍ നിന്നു തീ പടര്‍ന്നെന്നാണു നിഗമനം. 

കാഞ്ഞങ്ങാട് അസി സ്റ്റേഷന്‍ ഓഫിസര്‍ ഗോപാലകൃഷ്ണന്‍ മാവില, ലീഡിങ് ഫയര്‍മാന്‍ കെ എ മനോജ്കുമാര്‍, ഫയര്‍മാന്മാരായ പി കെ പ്രജീഷ്, കെ ശ്രീജിത്ത്, സി സന്തോഷ്, ഡ്രൈവര്‍ സുനില്‍ജോര്‍ജ്, ഹോംഗാര്‍ഡ് കെ രമേശന്‍ എന്നിവര്‍ എത്തി തീയണച്ചുകൊണ്ടിരിക്കെ പുത്തരിയടുക്കത്തുനിന്നു തീവിളിയെത്തി. കാഞ്ഞങ്ങാട് സ്റ്റേഷനില്‍ നിന്നു വിവരം നല്‍കിയതനുസരിച്ച് ഇവിടെ തൃക്കരിപ്പൂര്‍ അഗ്‌നിരക്ഷാസേന കുതിച്ചെത്തി. ഷോര്‍ട് സര്‍ക്യൂട്ട് മൂലമാണു തീ പടര്‍ന്നതെന്നു പറയുന്നു. സ്റ്റേഷന്‍ ഓഫിസര്‍ പി സതീഷ്, ലീഡിങ് ഫയര്‍മാന്‍ പി പ്രസാദ്, ഫയര്‍മാന്മാരായ കെ ഗോപി, വി വി ലിനേഷ്, ഇ ഷിജു, ഡ്രൈവര്‍ ടി രഘു, ഹോംഗാര്‍ഡ് എ എസ്സ ന്തോഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്നു തീയണച്ചു.

നീലേശ്വരം നഗരസഭയിലും കിനാനൂര്‍ കരിന്തളം പഞ്ചായത്തിലും വേനല്‍ക്കാലങ്ങളില്‍ ദിവസം തോറും തീപിടിത്തം പതിവാണ്. നീലേശ്വരത്ത്  അഗ്‌നിരക്ഷാനിലയം അനുവദിക്കണമെന്ന ആവശ്യപെട്ട് നീലേശ്വരം നഗരസഭ ഭരണ സമിതി പ്രമേയം അവതരിപ്പിച്ചു സര്‍ക്കാറിലേക്ക് അയച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. നീലേശ്വരത്ത് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നമ്മുടെ നീലേശ്വരം കൂട്ടായ്മ മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved