Latest News :
...
Home » » നീലേശ്വരത്ത് റെയില്‍വേ യാര്‍ഡിന് വേണ്ടി ജനകീയകൂട്ടായ്മ

നീലേശ്വരത്ത് റെയില്‍വേ യാര്‍ഡിന് വേണ്ടി ജനകീയകൂട്ടായ്മ

Written By Muhimmath News on Sunday, 4 March 2018 | 11:26


നീലേശ്വരം: ഇരുപത്താറ് ഏക്കര്‍ ഭൂമി റെയില്‍വേക്ക് സ്വന്തമായുള്ള നീലേശ്വരത്ത്, പിറ്റ് ലൈന്‍ സ്ഥാപിച്ച് റെയില്‍വേ യാര്‍ഡ് യാഥാര്‍ഥ്യമാക്കണമെന്ന് ജനകീയകൂട്ടായ്മ ആവശ്യപ്പെട്ടു. നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1987-88 എസ്.എസ്.എല്‍.സി. ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ റെയില്‍വേ വികസനം ലക്ഷ്യമിട്ട് ജനകീയ കൂട്ടായ്മ പ്രവര്‍ത്തിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ മുന്നോട്ടുവെച്ച, നീലേശ്വരത്തെ ജനസംഖ്യക്കും നഗരസഭ എന്ന പദവിക്കും പാരമ്പര്യത്തിനും അര്‍ഹതപ്പെട്ട രീതിയില്‍ കൂടുതല്‍ തീവണ്ടികളുടെ സ്റ്റോപ്പ് ഇതിനകം നേടിയെടുക്കാന്‍ ജനകീയകൂട്ടായ്മ നടത്തിയ ശ്രമങ്ങളിലൂടെ സാധിക്കുകയുണ്ടായി. ഇപ്പോള്‍ ലഭ്യമായ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഇന്റര്‍സിറ്റി എന്നിവയ്ക്കുപുറമേ, രണ്ട് തീവണ്ടികള്‍ക്ക് കൂടി സ്റ്റോപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനകീയകൂട്ടായ്മ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. 

റെയില്‍വേ പ്ലാറ്റ്‌ഫോറം ഉയര്‍ത്തുക, റിസര്‍വേഷന്‍ കൗണ്ടര്‍ നിര്‍മിക്കുക, ശൗചാലയസമുച്ചയം നിര്‍മിക്കുക, കിഴക്കേ പ്ലാറ്റ്‌ഫോമിലും പ്ലാറ്റ്‌ഫോമിലേക്കുള്ള വഴിയിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, വിശാലമായ പാര്‍ക്കിങ് സ്ഥലം തുടങ്ങിയ ആവശ്യങ്ങള്‍ റിച്ചാര്‍ഡ് ഹേ എം.പി., സുരേഷ് ഗോപി എം.പി., ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ഇടപെടലിലൂടെ ആറുമാസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകുമെന്നാണ് കരുതുന്നത്. സുരേഷ് ഗോപി എം.പി. അനുവദിച്ച ശൗചാലയത്തിന് മാര്‍ച്ച് മാസത്തില്‍ തറക്കല്ലിടും. ജില്ലയിലേക്ക്, കണ്ണൂരില്‍ നിര്‍ത്തിയിടുന്ന തീവണ്ടികള്‍ നീട്ടാനും കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കാനും നീലേശ്വരത്ത് റെയില്‍വേ യാര്‍ഡ് അനുവദിക്കുന്നതിലൂടെ സാധ്യമാകും. മംഗളൂരു, കണ്ണൂര്‍ റെയില്‍വേസ്റ്റേഷനുകള്‍ സ്ഥലപരിമിതിമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഇതിലൂടെ പരിഹാരമാകും. കാണിയൂര്‍ പാതയുടെ ഓപ്പറേറ്റിങ് സ്റ്റേഷനായും നീലേശ്വരത്തെ സൗകര്യം ഉപയോഗപ്പെടുത്തിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിലും അധികം ബുദ്ധിമുട്ടുണ്ടാകില്ല.

ഏപ്രില്‍ മാസത്തില്‍ തന്നെ സാധ്യതാപഠനം നടത്തി റെയില്‍വേയുടെ സ്ഥലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പുതിയ കെട്ടിടവും റെയില്‍വേ യാര്‍ഡും നിര്‍മിക്കാന്‍ ആവശ്യമായ തുക കേന്ദ്ര ബജറ്റില്‍ നീക്കിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കാന്‍ നീലേശ്വരം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എന്‍.സദാശിവനെ ചുമതലപ്പെടുത്തി. പ്രസിഡന്റ് നന്ദകുമാര്‍ കോറോത്ത് അധ്യക്ഷതവഹിച്ചു. എ.വി.പദ്മനാഭന്‍, എ.വി.സതീശന്‍, നിതിന്‍ ഭക്ത, രജീഷ് കോറോത്ത്, സുമതി ഹരി, സുനന്ദ, കെ.വി.സുനില്‍രാജ്, കെ.വി.പ്രിയേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved