നീലേശ്വരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവില്‍ നീലേശ്വരം പള്ളിക്കര റോഡ് പാലം യാതാര്‍ഥ്യമാകുന്നു. പാലത്തിന്റെ ടെണ്ടര്‍ അംഗീകരിച്ചതായി നാഷ്ണല്‍ ഹൈവേ ചീഫ് എഞ്ചീനിയര്‍ ആശിഷ് ദ്വിവേദി അറിയിച്ചു. കൊച്ചിയിലെ ഇ കെ കെ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണു ടെണ്ടര്‍ ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ ആദ്യത്തെ ആറു വരി പാതയോട് കൂടിയ മേല്‍പാലമാണു പള്ളിക്കരയില്‍ യാഥാര്‍ത്ഥ്യമാവുന്നത്. ഏപ്രില്‍ 15ന് പണി തുടങ്ങാനാവുമെന്ന് നാഷ്ണല്‍ ഹൈവേ വിഭാഗം അറിയിച്ചു. കരാര്‍ ഒപ്പിട്ട് 650 ദിവസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തീകരിക്കണമെന്നും ദേശീയപാത അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പള്ളിക്കരയില്‍ മേല്‍പാലം നിര്‍മാണത്തിനായി പി.കരുണാകരന് എംപിയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ രാപകല്‍ സമരം വിജയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ടെന്‍ഡര്‍ നടപടി ഇഴഞ്ഞു നീങ്ങുന്നതു പ്രതിഷേധമുയര്‍ത്തിയിരുന്നു. 60 കോടിയോളം രൂപ ചെലവില്‍ നിര്‍മിക്കുന്ന ആറ് വരി മേല്‍പാലത്തിന്റെ ടെന്‍ഡര്‍ കഴിഞ്ഞ ദിവസമാണ് തുറന്നത്. സാങ്കേതിക പ്രശ്നങ്ങള്‍ തടസ്സമായപ്പോള്‍ പി.കരുണാകരന് എംപി ഇടപെട്ടാണ് നീക്കങ്ങള്‍ വേഗത്തിലാക്കിയത്. ടെന്‍ഡര്‍ തുറക്കുന്നതു മൂന്നു തവണ നീട്ടിവച്ചിരുന്നു.നീക്കങ്ങളും പ്രഖ്യാപനങ്ങളും കടലാസില്‍ ഒതുങ്ങിയെന്ന നിലയും വന്നിരുന്നു. 52.67 കോടി രൂപ ചെലവില്‍ നിലവിലുള്ള റെയില്‍വേ ഗേറ്റിന് മുകളിലായി 45 മീറ്റര്‍ വീതിയിലും 780 മീറ്റര്‍ നീളമുള്ള മേല്‍പാലത്തിനാണ് രൂപരേഖ തയാറാക്കിയിട്ടുള്ളത്. പാളത്തിന്റെ കിഴക്കുഭാഗത്തുള്ള കാര്യങ്കോട് ചീറ്റക്കാല്‍ വളവ് ഒഴിവാക്കിയാണ് പാലം പണിയുക. ഇതിനായി സമീപന റോഡില്‍ പുതിയ പാലവും രൂപരേഖയിലുണ്ട്. പ്രാദേശികമായുള്ള ഗതാഗത തടസ്സം ഒഴിവാക്കാന്‍ മേല്‍പാലത്തിനു കീഴെ സമീപന റോഡും ഉണ്ടാക്കും. ചാത്തമത്ത് റോഡ് കഴിഞ്ഞ് നിലവിലുള്ള റോഡിന് കിഴക്കുമാറിയാണ് മേല്‍പ്പാലത്തിന്റെ സമീപന റോഡ് ചേരുക. പാളത്തിന് പടിഞ്ഞാറ് ഭാഗത്ത് പള്ളിക്കരയില്‍ പാലരെക്കീഴില്‍ അമ്പലം ഒഴിവാക്കി നീലേശ്വരം താലൂക്ക് ആശുപത്രി റോഡ് കഴിഞ്ഞ ഉടനെയാണ് മേല്‍പ്പാലത്തിലേക്കുള്ള സമീപനറോഡ് തുടങ്ങുക.