Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , » മൃതദേഹം ബംഗാളിലെത്തിക്കാന്‍ പണമില്ല; നാട്ടുകാര്‍ റോഡിലിറങ്ങി സ്വരുകൂട്ടിയത് അരലക്ഷം

മൃതദേഹം ബംഗാളിലെത്തിക്കാന്‍ പണമില്ല; നാട്ടുകാര്‍ റോഡിലിറങ്ങി സ്വരുകൂട്ടിയത് അരലക്ഷം

Written By Muhimmath News on Friday, 9 March 2018 | 10:56
























തിരുവനന്തപുരം: സുഹൃത്തിന്റെ മൃതദേഹം ബംഗാളിലെത്തിക്കാന്‍ വലഞ്ഞവര്‍ക്ക് സഹായഹസ്തവുമായി നാട്ടുകാര്‍. ബംഗാളിലെ മാല്‍ഡ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ആംബുലന്‍സിന് വാടക നല്‍കാന്‍ പണമില്ലാതെ വന്നപ്പോള്‍ നാട്ടുകാരും ഒപ്പമുണ്ടായിരുന്നവരും റോഡിലിറങ്ങി കൈനീട്ടുകയായിരുന്നു. മൃതദേഹം മുറിയില്‍ സൂക്ഷിച്ചശേഷം ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തിയിട്ടായിരുന്നു ഇത്. നാലുമണിക്കൂറോളം നീണ്ട പരിശ്രമത്തിലൂടെ 50,000 രൂപയോളം ഇവര്‍ സമാഹരിച്ചു.

കാര്‍ത്തികപ്പള്ളി പുളിക്കീഴ് പാലത്തിന് സമീപം താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി മോണ്ടു (27)വിന്റെ മൃതദേഹമാണ് പണമില്ലാത്തതിനാല്‍ നാട്ടിലെത്തിക്കാന്‍ സാധിക്കാതിരുന്നത്. പത്തോളം ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം താമസിച്ചിരുന്ന മോണ്ടുവിനെ ബുധനാഴ്ച രാത്രി നെഞ്ചുവേദനയുണ്ടായപ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചേ ഹരിപ്പാട് ഗവ. ആശുപത്രിയിലാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുകൊടുത്തു.

ആംബുലന്‍സില്‍ മൃതദേഹം പുളിക്കീഴില്‍ കൊണ്ടുവന്നപ്പോഴേക്കും സമയം രണ്ടരയായിരുന്നു. ബംഗാളിലേക്ക് പോകാന്‍ പണമില്ലാത്തതിനാല്‍ മൃതദേഹം മുറിയില്‍ വച്ചശേഷം ഒപ്പമുണ്ടായിരുന്നവര്‍ നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. എല്ലാവരും ചേര്‍ന്ന് വാഹനങ്ങള്‍ കൈകാട്ടി നിര്‍ത്തി സഹായം ചോദിച്ചു. കച്ചവടക്കാരും താമസക്കാരുമെല്ലാം സഹായവുമായി എത്തിയതോടെ അരലക്ഷം രൂപയോളം സ്വരുക്കൂട്ടാനായി.

ബംഗാളിലേക്കുള്ള ആംബുലന്‍സ് വാടക 83,000 രൂപയോളമാകും. ബാക്കിത്തുക മോണ്ടുവിന്റെ ബന്ധുക്കള്‍ നല്‍കാമെന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി ഏഴുമണിയോടെ മൃതദേഹവുമായി ആംബുലന്‍സ് ബംഗാളിലേക്ക് തിരിച്ചു. മൈക്കാട് പണിക്കാരനായിരുന്ന മോണ്ടു ആറുവര്‍ഷമായി കേരളത്തിലാണ്. നാട്ടില്‍ ഭാര്യയും ഒന്നരവയസ്സുള്ള കുഞ്ഞുമുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved