Latest News :
...
Home » , » വീപ്പക്കുള്ളിലെ ജഡം; ശകുന്തളയെ കൊന്നത് മകളുടെ കാമുകന്‍

വീപ്പക്കുള്ളിലെ ജഡം; ശകുന്തളയെ കൊന്നത് മകളുടെ കാമുകന്‍

Written By Muhimmath News on Wednesday, 14 March 2018 | 10:49

കൊച്ചി: ഉദയംപേരൂര്‍ മാങ്കായി കവല തേരക്കല്‍ കടവില്‍ വീട്ടില്‍ ദാമോദരന്റെ ഭാര്യ ശകുന്തള (50) യുടെ മൃതദേഹം പ്ലാസ്റ്റിക് വീപ്പയില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങി. ശകുന്തളയെ കൊന്നത് എരൂര്‍ സ്വദേശിയായ സജിത്താണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. 

ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിറ്റേന്ന് സജിത്തിനെ പൊട്ടാസ്യം സയനേഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി ഏഴിന് തലകീഴായി കൈകാലുകള്‍ മടക്കി വീപ്പയില്‍ കയറ്റിയ ശേഷം കോണ്‍ക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പില്‍ ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയത്.
ശകുന്തളയുടെ മകള്‍ അശ്വതിയുമായി സജിത്തിന് ബന്ധമുണ്ടായിരുന്നു. ഇതിനെ ശകുന്തള എതിര്‍ത്തിരുന്നു. ഇതാണ് ശകുന്തളയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. ശകുന്തളയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തുക്കളുടെ സഹായത്തോടെയാണ് സജിത്ത് മൃതദേഹം വീപ്പയിലാക്കിയ ശേഷം കായലില്‍ എറിഞ്ഞത്. ശകുന്തളയുടെ മകള്‍ അശ്വതിയുടെ ഡി.എന്‍.എ പരിശോധിച്ചതില്‍ നിന്നാണ് മരിച്ചത് ശകുന്തളയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.

ഉദയംപേരൂര്‍ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളര്‍ത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടര്‍ന്ന് മകനും മകളുമൊത്ത് വാടകവീടുകളില്‍ മാറി മാറി താമസിച്ചു. ഇതിനിടെ മകന്‍ പ്രമോദ് ബൈക്ക് അപകടത്തില്‍പ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മകളുമായി പിണങ്ങിയ ശകുന്തള ഒറ്റയ്ക്കായി താമസം. പിന്നീടാണ് ശകുന്തള കൊല്ലപ്പെട്ടത്. 

വീപ്പയിലെ മൃദേഹത്തില്‍ തിരിച്ചറിയാവുന്ന ഒരു സൂചനയുമില്ലായിരുന്നു. കളമശേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അഡീഷണല്‍ പ്രൊഫസര്‍ എ.കെ. ഉന്മേഷ് ജഡത്തിലെ കണങ്കാലില്‍ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച അധികം പഴക്കമില്ലാത്ത പിരിയാണിയും അതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയ ബാച്ച് നമ്പറും കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഇത്തരം സ്‌ക്രൂ ഒരു വര്‍ഷത്തിനുള്ളില്‍ എറണാകുളത്ത് ഉപയോഗിച്ച എല്ലാവര്‍ക്കും പിന്നാലെ പോലീസ് പോയി. ഒടുവില്‍ തൃപ്പൂണിത്തുറ വിജയകുമാര മേനോന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയ ആറ് പേരില്‍ അന്വേഷണം അവസാനിച്ചു. ഇതില്‍ അഞ്ചുപേരെയും പോലീസ് കണ്ടെത്തി. ആറാമത്തെയാളായിരുന്നു ശകുന്തള. രണ്ട് വര്‍ഷം മുന്പ് ശകുന്തള സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയിരുന്നു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved