Friday, 27 April 2018

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ആലംബഹീനരുടെ ആത്മീയ നായകന്‍


ആത്മീയതയും വിദ്യാഭ്യാസ പ്രവര്‍ത്തനവും ആതുര സേവനവും ജീവിത വ്രതമാക്കിയ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ വേര്‍പിരിഞ്ഞ് ഒരു വ്യാഴവട്ടക്കാലം പിന്നിടുന്നു.. ഒരു പണ്ഡിതനും ആത്മീയ നായകനു മുണ്ടാവേണ്ട സവിശേഷണങ്ങളെല്ലാം സമ്മേളിച്ച വ്യക്തിയായിരുന്നു തങ്ങള്‍..നന്മയുടെയും നേരിന്റയും നാമ്പുകള്‍ നട്ടുപിടിപ്പിക്കാന്‍  എത്രയേറെ കഷ്ടനഷ്ങ്ങള്‍ സഹിക്കാനും എത്രദൂരം സഞ്ചരിക്കാനും  തയ്യാറായിരുന്നു ആ കര്‍മ്മയോഗി.

കാരിരുമ്പിനെ വെല്ലുന്ന ആത്മീയ കരുത്തും നിശ്കളങ്കതയും തഖ്‌വയിലധിഷ്ടതമായ ജീവിതവും ലക്ഷ്യം വെക്കുന്നതെല്ലാം നിശ്പ്രയാസം നേടിയെടുക്കാനും അതിജീവിക്കാനും സാധിച്ചു. പാവങ്ങളുടെ തോഴനായി, അശണരുടെ അഭയമായി, ആലംബഹീനരുടെ ആശ്വാസമായി, അനാഥരുടെ കൈതാങ്ങായി, രോഗികളുടെ ശാന്തി ദൂതനായി, നിര്‍ധനരുടെയും നിസ്സഹായരുടെയും ആശ്രയിടമായി മാറി ത്വാഹിര്‍ തങ്ങള്‍. ത്വാഹിര്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം വിശുദ്ധവും വെണ്‍മ നിറഞ്ഞതുമായിരുന്നു അവിടുത്തെ ജീവിതം.

നീണ്ട കാലത്തെ ജീവിതമൊന്നും പറയാനില്ലെങ്കിലും ജീവിച്ച കാലം മത സമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ രംഗത്തെ പ്രശോഭിതമായി അടയാളപ്പെടുത്തി. സമൂഹത്തിന് മാര്‍ഗ്ഗ ദര്‍ശനത്തിന്റെയും മാതൃകാജീവിതത്തിന്റെയും അനേകമനേകം സന്ദേശങ്ങള്‍ കൈമാറി.
ജാതിമത വര്‍ഗ്ഗ വര്‍ണ്ണ വൈജാത്യമില്ലാതെ സര്‍വ്വരുടെയും ആദരവും അംഗീകാരവും നേടിയെടുക്കാനായത് തന്റെ കറ കളഞ്ഞ വ്യക്തിത്വവും  മാതൃകാപരമായ ജീവിതവും കൊണ്ട് മാത്രമാണ്. 

വിജ്ഞാനത്തോടും അദ്ധ്യാപനത്തോടുമുണ്ടായ അവാച്യമായ അഭിവാഞ്ചയും നിസ്വാര്‍ത്ഥമായ താല്‍പര്യവും പാണ്ഡിത്യത്തിന്റെ ഉത്തുംഗ ഗിരിമയാക്കി. ഒരു വിദ്യാര്‍ത്ഥിയെപ്പോലെ ജിജ്ഞാസയോടെയും അനുസരണയോടെയുമുള്ള ചലനം. ആരെയും  വെറുക്കാത്ത പഴിക്കാത്ത ജീവിതം. സൗമ്യവും ലാളിത്യവും എളിമയും കൈമുതലാക്കി നിറ പുഞ്ചിരിയോടെയുള്ള ജീവിത യാത്രയില്‍ മാറ്റങ്ങളുടെ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചു.. മുഹിമ്മാത്തിന്റെ പിറവിയും പുരോഗതിയുടെ പാതയിലുള്ള ജൈത്രയാത്രയും ഇതിലൊന്നാണ്.

ആദര്‍ശരംഗത്ത് അണു അളവ് വിട്ട് വീഴ്ചയോ അനുനയമോയില്ല  മതാശയങ്ങളെ  മാറ്റി മറിക്കുന്നതിനോടും തീ വ്രവാദത്തിന്റെയും വര്‍ഗ്ഗീയതയുടെയും വിഷം കലര്‍ത്തുന്നതിനോടും  സന്ധിയില്ലാ സമരം ചെയ്തു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാന്ത്വാന സേന രംഗത്തും തങ്ങള്‍ നിറഞ്ഞു നിന്നു.  പശിയടക്കാന്‍ വകയില്ലാത്തവര്‍ക്ക് വീടില്ലാത്തവര്‍ക്ക് മരുന്നില്ലാത്തവര്‍ക്ക് വിദ്യഭ്യാസംമുടങ്ങിയവര്‍ക്ക് ജീവിതം വഴിമുട്ടിയവര്‍ക്ക് എന്നും ഒരു കൈതാങ്ങായി .

പ്രവാചക സ്റ്റേഹത്തില്‍ ചാലിച്ചെടുത്ത അവാച്യവും അവര്‍ണ്ണനീയവുമായ ജീവിതം അവിടുത്തെ നടപ്പിലും വെടുപ്പിലും ചിന്തകളിലും തെളിഞ്ഞു നിന്നു.എന്നും പ്രവാചരാനുരാഗത്തില്‍  സന്തോഷിക്കുകയും വേദനിക്കുകയും ചെയ്തിരുന്ന മനസ്സും സയ്യിദ് ത്വാഹിര്‍ തങ്ങള്‍ക്കുണ്ടായിരുന്നു.


അബുബക്കര്‍ സഅദി നെക്രാജെ


SHARE THIS

Author:

0 التعليقات: