Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , , » ചീഫ് ജസ്റ്റിനെതിരായ ഇംപീച്ച്‌മെന്റ് തള്ളി

ചീഫ് ജസ്റ്റിനെതിരായ ഇംപീച്ച്‌മെന്റ് തള്ളി

Written By Muhimmath News on Monday, 23 April 2018 | 11:04
























ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ എം.വെങ്കയ്യ നായിഡു തള്ളി. അഡ്വക്കേറ്റ് ജനറല്‍ അടക്കമുള്ള നിയമവിദഗ്ധരുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് നായിഡുവിന്റെ തീരുമാനം. 

ഇംപീച്ച്‌മെന്റ് ചെയ്യാനായി പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് നായിഡു വ്യക്തമാക്കി. നോട്ടീസ് തള്ളിയത് ചീഫ് ജസ്റ്റിസിന് കൂടുതല്‍ ആശ്വാസമായിട്ടുണ്ട്. അതേസമയം, നോട്ടീസ് തള്ളിയതോടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിക്കും.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ വെങ്കയ്യ നായിഡുവിനെ സന്ദര്‍ശിച്ചാണ് നോട്ടീസ് കൈമാറിയത്. സി.പി.എം, സി.പി.ഐ, എന്‍.സി.പി, എസ്.പി, ബി.എസ്.പി, ഐ.യു.എം.എല്‍ പാര്‍ട്ടികളും പ്രമേയത്തെ പിന്തുണച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, ഡി.എം.കെ അംഗങ്ങള്‍ പ്രമേയത്തില്‍ ഒപ്പുവച്ചില്ല. 71 പേര്‍ പ്രമേയത്തില്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. അതേസമയം, ഇതില്‍ ആറ് പേര്‍ വിരമിച്ചതിനാല്‍ യഥാര്‍ത്ഥത്തില്‍ 65 പേരുടെ പിന്തുണയേ ഉള്ളൂ. 50 പേരുടെ പിന്തുണയാണ് നോട്ടീസ് അവതരിപ്പിക്കാന്‍ വേണ്ടത്.
ചരിത്രത്തിലാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് പ്രമേയം നല്‍കിയത്. മുമ്പ് മൂന്ന് ജഡ്ജിമാര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയെങ്കിലും അവര്‍ രാജിവച്ചതിനാല്‍ ഒരു ജഡ്ജിയും ഇതുവരെ ഇംപീച്ച്‌മെന്റിലൂടെ പുറത്തായിട്ടില്ല. നോട്ടീസ് അധ്യക്ഷന്‍ തള്ളിയതോടെ കൂടുതല്‍ സങ്കീര്‍ണ നടപടികളിലേക്കാണ് നീങ്ങുന്നത്. 

ഇതിനിടെ, രാജ്യസഭാ അധ്യക്ഷന് കൈമാറിയ നോട്ടീസ് അദ്ദേഹം പരിഗണിക്കുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം പരസ്യപ്പെടുത്തിയത് വിവാദമായി. ഇത് പാര്‍ലമെന്ററി ചട്ടങ്ങളുടെ ലംഘനമാണെന്ന് രാജ്യസഭാ സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. നോട്ടീസ് പരിഗണിക്കുന്നതിന് മുമ്പ് ഉളളടക്കം പരസ്യപ്പെടുത്താന്‍ പാടില്ലെന്നാണ് അംഗങ്ങള്‍ക്കുള്ള ഹാന്റ്ബുക്കിലുള്ളത്. നോട്ടീസ് നല്‍കുന്നതിന് മുമ്പും ശേഷവും കോണ്‍ഗ്രസ്, എന്‍.സി.പി അംഗങ്ങള്‍ നോട്ടീസിലെ ആരോപണങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സഹജഡ്ജിമാരില്‍ ഭൂരിപക്ഷത്തിന്റെയും മുതിര്‍ന്ന അഭിഭാഷകരുടെയും പിന്തുണ ലഭിച്ചതും ചീഫ് ജസ്റ്റിസിന് അനുകൂലമായ ഘടകമാണ്. 

1993ല്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന വി.രാമസ്വാമിക്കെതിരായ ഇടതുപാര്‍ട്ടികളും ബി.ജെ.പിയും ചേര്‍ന്ന് കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയം അന്നത്തെ ലോക്‌സഭാ സ്പീക്കര്‍ റബി റായ് പരിഗണിക്കാന്‍ തീരുമാനിക്കുകയും ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കുകയും ചെയ്തപ്പോള്‍ ജസ്റ്റിസ് രാമസ്വാമിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നും അന്നത്തെ ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved