Latest News :
ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവെച്ചു
Home » , » അനധികൃത താമസക്കാരെ നിയന്ത്രിക്കാന്‍ തവ്തീഖ് മവാഖിഫ് റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കി

അനധികൃത താമസക്കാരെ നിയന്ത്രിക്കാന്‍ തവ്തീഖ് മവാഖിഫ് റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കി

Written By Muhimmath News on Tuesday, 17 April 2018 | 10:10
























അബുദാബി: താമസിക്കുന്നവരുടെ വാടക കരാര്‍ മുനിസിപ്പാലിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന തവ്തീഖും റസിഡന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റിനുള്ള മാവാഖിഫ് റജിസ്‌ട്രേഷനും നിര്‍ബന്ധമാക്കിയതോടെ അബുദാബിയില്‍ ഷെയറിങ് അക്കമൊഡേഷനില്‍ താമസിക്കുന്ന ആയിരക്കണക്കിനു പ്രവാസി താമസക്കാരാണ് പ്രതിസന്ധിയിലാകുന്നത്. 

അനധികൃത താമസക്കാരെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് അബുദാബി മുനിസിപ്പാലിറ്റി തവ്തീഖ് മവാഖിഫ് റജിസ്‌ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയത്.   

അബുദാബി മുനിസിപ്പാലിറ്റിയില്‍ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ മാത്രമെ നിയമാനുസൃതം വാടകക്ക്  താമസിക്കാനാവൂ. അങ്ങിനെയുള്ള കെട്ടിടത്തിലെ വാടക കരാറുകള്‍ മാത്രമാണ് തവ്തീഖ് റജിസ്‌ട്രേഷന്‍ ചെയ്യാനാവൂ. തവ്തീഖ് റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചാലെ വെള്ളം, വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. ജല വൈദ്യുതി കണക്ഷന്‍ വാടക കരാറുകാരന്റെ പേരിലാവുകയും വേണം. വാടക കരാറും ജല വൈദ്യുത ബില്ലും കാണിച്ചാല്‍ മാത്രമെ അവരുടെ പേരിലുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് ലഭിക്കൂ. വെള്ളം, വൈദ്യുതി ചാര്‍ജ് സ്വദേശികള്‍ക്കു വളരെ കുറവാണ്. 

വിദേശികള്‍ക്കു ജല വൈദ്യുത ചാര്‍ജ് നാലിരട്ടിയോളം കൂടുതലായതിനാല്‍ വാടകക്ക്  താമസിക്കുന്ന വിദേശിയുടെ പേരില്‍ തന്നെയാണ് വെള്ളം, വൈദ്യുതി ബില്‍ എന്നതും തവ്തീഖ് റജിസ്‌ട്രേഷന്‍ നടത്തുന്നതോടെ മുനിസിപ്പാലിറ്റിക്ക് ഉറപ്പാക്കാനാവും.

 വാടക കരാറില്‍ ഉള്‍പ്പെടാത്തവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കൊന്നും റസിഡന്റ്‌സ് പെര്‍മിറ്റ് എടുക്കാനാവില്ല. കെട്ടിടത്തില്‍ ഷെയറിങ്ങില്‍ താമസിക്കുന്നവരുടെ വാഹനത്തിനു മവാഖിഫ് റസിഡന്റ്‌സ് പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യാനാവില്ല. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പരിശോധകരെത്തുമ്പോള്‍ 500 ദിര്‍ഹം പിഴ ഈടാക്കും. വീണ്ടും നിയമലംഘനം നടത്തിയാല്‍ പിഴ വര്‍ധിക്കുമെന്നതല്ലാതെ മറ്റൊരു പരിഹാരവും ഇല്ല. 

തവ്തീഖ് റജിസ്‌ട്രേഷനും വെള്ളം, വൈദ്യുതി ബില്ലും മവാഖിഫ് പാര്‍ക്കിങ്ങിനു കര്‍ശനമാക്കിയതുപോലെ വീസാ നടപടിക്രമങ്ങള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനുമെല്ലാം നിര്‍ബന്ധമാണെന്നതും നിയമവിധേയമായ താമസത്തിനു പ്രവാസികളെ പ്രേരിപ്പിക്കുന്നു. അബുദാബി സര്‍ക്കാരിന്റെ 2030 കാഴ്ചപ്പാടിന്റെ ഭാഗമായാണ് അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴില്‍ താമസിക്കുന്നവരുടെ വാടക കരാറുകള്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തവ്തീഖ് സംവിധാനം നിര്‍ബന്ധമാക്കിയത്. തവ്തീഖ് റജിസ്‌ട്രേഷന് 100 ദിര്‍ഹമാണ് മുനിസിപ്പാലിറ്റിയില്‍ റജിസ്‌ട്രേഷന്‍ ഫീസ്. 

എന്നാല്‍ ഈ വര്‍ഷം മുതല്‍ റെഡ് ക്രെസന്റിലേക്കെന്ന പേരില്‍ പുതിയ തവ്തീഖ് റജിസ്‌ട്രേഷനും പുതുക്കുന്നതിനും എത്തുന്ന ഇടപാടുകാരില്‍ നിന്ന് 85 ദിര്‍ഹവും അധികമായി ഈടാക്കുന്നുണ്ട്. അതായത് വാടക കരാര്‍ റജിസ്‌ട്രേഷന്‍ ഇടപാടുകള്‍ക്കു മാത്രം 185 ദിര്‍ഹമാണ് ഈ വര്‍ഷം മുതല്‍ ഈടാക്കുന്നത്.  സ്വദേശികള്‍ക്കു വാഹന പാര്‍ക്കിങ് പെര്‍മിറ്റിനുള്ള മവാഖിഫ് റജിസ്‌ട്രേഷന്‍ സൗജന്യമാണ്. എന്നാല്‍ വിദേശികളുടെ വാഹനത്തിന് ഒരുവര്‍ഷം 800 ദിര്‍ഹം മവാഖിഫ് റജിസ്‌ട്രേഷനു മുനിസിപ്പാലിറ്റിയില്‍ നല്‍കണം. രണ്ടാമത്തെ വാഹനത്തിന് 1200 ദിര്‍ഹവും നല്‍കണം. ഇതു കൂടാതെ മുനിസിപ്പല്‍ ഫീസായി വാര്‍ഷിക വാടകയുടെ 3 ശതമാനവും വിദേശികളില്‍നിന്ന് ഈടാക്കുന്നു. ഒരുലക്ഷം ദിര്‍ഹം വാര്‍ഷിക വാടകയുള്ള കെട്ടിടത്തിലെ താമസക്കാരന്‍ മുനിസിപ്പല്‍ ഫീസായി 3000 ദിര്‍ഹം വെള്ളം, വൈദ്യുത ബില്ലില്‍ 12 തവണകളായി അടക്കണം 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved