Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » കഠുവ സംഭവം പൈശാചികമെന്ന് ഗുട്ടറെസ്; അപലപിച്ച് ഐക്യരാഷ്ട്ര സഭയും

കഠുവ സംഭവം പൈശാചികമെന്ന് ഗുട്ടറെസ്; അപലപിച്ച് ഐക്യരാഷ്ട്ര സഭയും

Written By Muhimmath News on Saturday, 14 April 2018 | 12:25
ജനീവ: ജമ്മു കശ്മീരിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ആശങ്ക പങ്കുവച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഭവത്തെ 'ഭയാനകം' എന്നു വിശേഷിപ്പിച്ച ഗുട്ടെറസ് പീഡനത്തിനു പിന്നിലെ പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്നു നീതിപീഠത്തിനു മുന്നിലെത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു ഗുട്ടെറസിന്റെ വക്താവ്.

ജനുവരി 10നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഠ്വയിലെ രസാന ഗ്രാമത്തിലെ ന്യൂനപക്ഷസമുദായമായ ബഖേര്‍വാല നാടോടി സമൂഹത്തെ ഭയപ്പെടുത്തി ഓടിക്കാനാണു പ്രദേശത്തെ പ്രമാണിയുടെ നേതൃത്വത്തില്‍ കൊലപാതകം ആസൂത്രണം ചെയ്തതെന്നു മജിസ്‌ട്രേട്ട് കോടതിയില്‍ ക്രൈംബ്രാഞ്ച് സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പ്രതികളൊരാള്‍ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്. ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിയാണു പീഡനം നടത്തിയത്.

മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു. 

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. ഇതോടെ രാജ്യവ്യാപക പ്രക്ഷോഭവും ശക്തമായി. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗുട്ടെറസിന്റെ ഇടപെടല്‍.

സംഭവത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ എട്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടു സ്‌പെഷല്‍ പൊലീസ് ഓഫിസര്‍മാരും ഒരു ഹെഡ് കോണ്‍സ്റ്റബിളും ഒരു സബ് ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെയാണിത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved