Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , » നൂറു ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നു, ഒന്നരക്കോടി അനാഥകള്‍ക്ക് സമ്മാനിച്ചു: വിസ്മയ പദ്ധതികളുമായി മര്‍കസ്

നൂറു ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നു, ഒന്നരക്കോടി അനാഥകള്‍ക്ക് സമ്മാനിച്ചു: വിസ്മയ പദ്ധതികളുമായി മര്‍കസ്

Written By Muhimmath News on Thursday, 19 April 2018 | 16:55

കുന്നമംഗലം: മര്‍കസ് നാല്പത്തിയൊന്നാം സ്ഥാപകദിനത്തിന്റെ ഭാഗമായി രാജ്യത്തെ കഷ്ടപ്പാടുകളുടെ മധ്യത്തില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന നൂറു ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്ന പദ്ധതി പ്രഖ്യാപനം പ്രൗഢമായി. ഇന്ത്യയുടെ ഇരുപത്തി രണ്ടു സംസ്ഥാനങ്ങളിലെ  5000 അനാഥകള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ ജീവിത ചെലവുകള്‍ക്കുള്ള ഫണ്ടിന്റെ ഭാഗമായി  ഒന്നരക്കോടി രൂപയും പരിപാടിയില്‍ വിതരണം ചെയ്തു.  പത്തു ലക്ഷം നോട്ടുബുക്കുകളുടെ വിതരണാരംഭത്തിനും പരിപാടി സാക്ഷിയായി. 
നാല് മുഖ്യപദ്ധതികള്‍ നടപ്പിലാക്കിയാണ് നൂറു വില്ലേജുകളെ  പുതിയ വെളിച്ചം നല്‍കി ഏറ്റെടുക്കുന്ന മിഷന്‍ സ്മാര്‍ട്ട് വില്ലേജ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വിദ്യാഭ്യസ സ്ഥാപനങ്ങള്‍ നിര്‍മിച്ചു ആധുനിക വൈജ്ഞാനിക  പദ്ധതികള്‍ അവതരിപ്പിച്ചു നടപ്പിലാക്കുക, സാമൂഹിക സാമ്പത്തിക അവിവൃദ്ധിക്കുള്ള പ്രത്യേക  മിഷനുകള്‍, ഗാര്‍ഹിക-ആരോഗ്യ മേഖലയില്‍ സ്തുത്യര്‍ഹമായി ഇടപെടുക, കാര്‍ഷിക മേഖലയെ ശാക്തീകരിച്ചു ഗ്രാമീണ മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കലും വിഷമയമില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിച്ചു ഗ്രാമീണ ജനതയുടെ ആരോഗ്യ ജീവിതം സാധ്യമാക്കുക എന്നിവയാണ് മര്‍കസ് ഏറ്റെടുക്കുന്ന വില്ലേജുകളില്‍ നടപ്പില്‍ വരുത്തുന്ന പദ്ധതികള്‍. 

        

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പാര്‍ശുവത്കരിക്കപ്പെട്ട രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ വിദ്യഭ്യാസ സാമൂഹിക മുന്നേറ്റം സാധ്യമാക്കുവാന്‍ ക്രിയാത്മകമായി മര്‍കസ് ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിലെയും വടക്കു കിഴക്കന്‍ സംസ്ഥാങ്ങളിലെയും പല ഗ്രാമീണ മേഖലകളും അങ്ങേയറ്റം വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവയാണ്. അത്തരം പ്രദേശങ്ങളിലാണ് സമ്പൂര്‍ണ്ണ നവോഥാനം സാധ്യമാക്കുന്ന പദ്ധതികള്‍ക്ക് മര്‍കസ് ആരംഭം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനാഥക്കുട്ടികള്‍ക്ക് വീട്ടിലിരുന്നു പഠിക്കാന്‍ സൗകര്യം ഒരുക്കി ആവശ്യമായ സാമ്പത്തിക സഹായമായ ഒന്നരക്കോടി രൂപയുടെ വിതരണം വിവിധ ജില്ലകളില്‍ നിന്നെത്തിയ ഓര്‍ഫന്‍ കെയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കാന്തപുരം നിര്‍വഹിച്ചു.

        
ഫലസ്തീന്‍ ഇന്ത്യ മിഷന്‍ ഡെപ്യൂട്ടി അംബാസിഡര്‍ ഡോ. വാഇല്‍ ബത്‌റഹ്കി  മര്‍കസ് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഉപഹാരം അദ്ദേഹം കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സ്മാര്‍ട്ട് വില്ലേജ് പദ്ധതിയുടെ  ലോഞ്ചിങ് ചെന്നൈ ജില്ലാ ജഡ്ജി ജസ്റ്റിസ് സാക്കിര്‍ ഹുസൈന്‍  നിര്‍വ്വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി മര്‍കസ് ദിന പദ്ധതികള്‍ അവതരിപ്പിച്ചു സംസാരിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്താര്‍ ഹസ്രത്ത്, റഷീദ് പുന്നശ്ശേരി, നിയാസ് മാസ്റ്റര്‍  പ്രസംഗിച്ചു. അബൂബക്കര്‍ സഖാഫി പന്നൂര്‍ സ്വാഗതവും  ഉനൈസ് മുഹമ്മദ് നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved