Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , » നീലേശ്വരം പള്ളിക്കര മേല്‍പ്പാലം തറക്കല്ലിടല്‍ മാറ്റി.; സി.പി.എം-ബി.ജെ.പി. തര്‍ക്കത്തെത്തുടര്‍ന്നാണ് മാറ്റിയത്

നീലേശ്വരം പള്ളിക്കര മേല്‍പ്പാലം തറക്കല്ലിടല്‍ മാറ്റി.; സി.പി.എം-ബി.ജെ.പി. തര്‍ക്കത്തെത്തുടര്‍ന്നാണ് മാറ്റിയത്

Written By Muhimmath News on Friday, 13 April 2018 | 18:12

നീലേശ്വരം: ശനിയാഴ്ച നടക്കേണ്ടിയിരുന്ന നീലേശ്വരം പള്ളിക്കര മേല്‍പ്പാലം തറക്കല്ലിടല്‍ മാറ്റി. സി.പി.എം.ബി.ജെ.പി. തര്‍ക്കത്തെത്തുടര്‍ന്നാണ് മാറ്റിയത്.  പള്ളിക്കരയില്‍ നടക്കുന്ന ചടങ്ങില്‍  പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ തറക്കല്ലിടുമെന്നായിരുന്നു പി കരുണാകരന്‍ എം പി അറിയിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ അസൗകര്യം മൂലം തറക്കല്ലിടല്‍ മാറ്റിയെന്നാണ് ഇപ്പോഴത്തെ വിശദീകരണം. മുന്‍നിശ്ചയപ്രകാരം തറക്കല്ലിടല്‍ച്ചടങ്ങില്‍ കേന്ദ്രമന്ത്രിയുടെ പേരുണ്ടായിരുന്നില്ല. ഇതോടെ ബി.ജെ.പി. പ്രാദേശികനേതൃത്വം കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി വിഭാഗം, തറക്കല്ലിടല്‍ച്ചടങ്ങില്‍ കേന്ദ്രപ്രതിനിധി ഉണ്ടാകണമെന്ന് എം.പി.യെ അറിയിച്ചിരുന്നുവെന്നാണ് സൂചന. വിഷയത്തില്‍ വിവാദമുണ്ടാകാതിരിക്കാനാണ് തറക്കല്ലിടല്‍ മാറ്റിവെക്കാന്‍ സംഘാടകസമിതി നിര്‍ബന്ധിതമായത്. 


മേല്‍പ്പാലം വിഷയത്തിലും നീലേശ്വരത്ത് തീവണ്ടികള്‍ക്ക് സ്റ്റോപ്പനുവദിക്കുന്നതിലും നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ വികസനകാര്യത്തിലും നേരത്തേതന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ കൊമ്പുകോര്‍ത്തിരുന്നു. മേല്‍പ്പാലത്തിന്റെ പണി സാങ്കേതികത്വത്തില്‍ കുടുങ്ങി വൈകുന്നതില്‍ പ്രതിഷേധിച്ച് പി.കരുണാകരന്‍ എം.പി. അനിശ്ചിതകാല ഉപവാസമിരുന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടികള്‍ വേഗത്തിലായത്. എന്നാല്‍ പണി വൈകാന്‍ കാരണം എം.പി.യാണെന്നാണ് ബി.ജെ.പി. നേതൃത്വം ആരോപിച്ചിരുന്നത്. ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചതായി അടുത്തിടെ എം.പി. അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയായും റെയില്‍വേ മന്ത്രാലയം സമയക്രമം പ്രഖ്യാപിക്കുകയോ തീവണ്ടി നിര്‍ത്തിത്തുടങ്ങുകയോ ചെയ്തിട്ടില്ല. ഇതും സി.പി.എം.-ബി.ജെ.പി. പോരിനെത്തുടര്‍ന്നാണെന്നാണ് വിലയിരുത്തല്‍. 


ദേശീയപാതയില്‍ ഗോവ കഴിഞ്ഞാലുള്ള ഏക റെയില്‍വേ ഗേറ്റാണ് പള്ളിക്കരയിലേത്. 52.67 കോടി രൂപയാണ് മേല്‍പ്പാലത്തിനായി വകയിരുത്തിയത്. ടെന്‍ഡര്‍ ലഭിച്ച് 45 ദിവസത്തിനകം പണി തുടങ്ങണമെന്നും 650 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നുമാണ് വ്യവസ്ഥ. എന്നാല്‍ തറക്കല്ലിടല്‍ നീളുന്നതോടെ പണി തുടങ്ങുന്നതും നീളും. പി.കരുണാകരന്‍ എം.പി യുടെ സമ്മര്‍ദ്ദ ഫലമായി ഇന്റര്‍സിറ്റി എക്‌സ്പ്രസ്, യശ്വന്ത്പുര്‍ വണ്ടികള്‍ക്ക് നീലേശ്വരത്ത് സ്റ്റോപ്പനുവദിച്ചതായിരുന്നെങ്കിലും ബി ജെ പി യുടെ സമ്മര്‍ദ്ദ ഫലമായി വണ്ടികള്‍ ഇതുവരെ നിര്‍ത്തി തുടങ്ങിയില്ലെന്ന് സി പി എം ആരോപിക്കുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved