Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , , » സൗദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും ഇസ്‌ലാം മതം മാത്രമേയുള്ളൂവെന്നും കിരീടാവകാശി

സൗദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും ഇസ്‌ലാം മതം മാത്രമേയുള്ളൂവെന്നും കിരീടാവകാശി

Written By Muhimmath News on Monday, 9 April 2018 | 11:13
റിയാദ്: സൗദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും ഇസ്‌ലാം മതം മാത്രമേയുള്ളൂവെന്നും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. ഇറാനും മുസ്‌ലിം ബ്രദര്‍ഹുഡും ഭീകരസംഘടനകളും തിന്മയുടെ ത്രയമാണെന്നും അദ്ദേഹം വിശദീകരിച്ചു. അമേരിക്കയിലെ 'ദ അറ്റ്‌ലാന്റിക്' മാസികക്ക് അനുവദിച്ച ദീര്‍ഘമായ അഭിമുഖത്തിലാണ് സൗദി കിരീടാവകാശിയുടെ പരാമര്‍ശം.

ഇസ്‌ലാമിനെ കുറിച്ച് ചോദിച്ചുകാണ്ട് തുടങ്ങിയ ലേഖകന്‍ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനോട് ഏകദൈവത്തില്‍ മാത്രം വിശ്വസിക്കുകയും തെറ്റുകളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യാന്‍ ബാധ്യസ്ഥനാണ് ഇസ്‌ലാം മതവിശ്വാസി എന്ന് കിരീടാവകാശി പ്രതിവചിച്ചു. തെറ്റ് ചെയ്താല്‍ പാരത്രിക ലോകത്ത് വിചാരണ നേരിടേണ്ടിവരുമെന്ന ചിന്ത വേണം. അല്ലാഹുവിന്റെ ഗ്രന്ഥം പ്രചരിപ്പിക്കുക എന്നതാണ് ഒരു മതവിശ്വാസിയുടെ രണ്ടാമത്തെ ബാധ്യത. മിഡില്‍ ഈസ്റ്റ്, ഉത്തരാഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കും ഇസ്‌ലാം വ്യാപിക്കാന്‍ 1400 വര്‍ഷം മുമ്പ് മുതല്‍ മുസ്‌ലിംകള്‍ ഈ ബാധ്യതയാണ് നിര്‍വഹിച്ചത്.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും മതപ്രചാരണത്തിന് മുസ്‌ലിംകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിന്മയുടെ ത്രയങ്ങളെന്ന് ഇറാന്‍, ഇസ്‌ലാമിക് ബ്രദര്‍ഹുഡ്, ഭീകര സംഘടനകള്‍ എന്നിവയെ വിശേഷിപ്പിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് കിരീടാവകാശിയുടെ മറുപടി ഇപ്രകാരമായിരുന്നു. ഇസ്‌ലാമിക രാഷ്ട്രം ബലപ്രയോഗത്തിലൂടെ സ്ഥാപിക്കണമെന്നതാണ് ഈ മൂന്ന് കക്ഷികളുടെയും വാദങ്ങളുടെ അടിസ്ഥാന തത്വം. എന്നാല്‍ ഇത് ഇസ്‌ലാമിന്റെ അധ്യാപനത്തിന് വിരുദ്ധമാണ്.

മറിച്ച്, ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കാനാണ് ദൈവിക കല്‍പന. അമുസ്‌ലിം രാജ്യങ്ങളിലെ ആളുകള്‍ക്കു മുഴുവന്‍ സത്യം മനസ്സിലാക്കാന്‍ അവസരം ഒരുക്കുകയാണ് വേണ്ടത്. ലോകത്ത് മുഴുവന്‍ മതഗ്രന്ഥങ്ങള്‍ വില്‍ക്കുന്നതിനും സന്ദേശം പ്രചരിപ്പിക്കുന്നതിനും സൗകര്യമുണ്ട്. ഇസ്‌ലാം പ്രചരിപ്പിക്കുന്നതിന് വേണ്ടി യുദ്ധം ചെയ്യുക എന്നത് തീര്‍ത്തും മതവിരുദ്ധമാണെന്നും കിരീടാവകാശി വ്യക്തമാക്കി. ഇസ്‌ലാമിക അധ്യാപനങ്ങളെ വികലമാക്കി ചിത്രീകരിച്ച് തങ്ങളുടെ ആശയങ്ങള്‍ക്ക് അനുകൂലമാക്കുന്നതിനാലാണ് ഇവരെ തിന്മയുടെ ത്രയം എന്ന് വിശേഷിപ്പിക്കുന്നതെന്നും കിരീടാവകാശി വിശദീകരിച്ചു.

1979 ന് മുമ്പ്, സൗദി അറേബ്യ എണ്ണയില്‍നിന്നും മറ്റുമുള്ള മുഴുവന്‍ വരുമാനവും ബ്രദര്‍ഹുഡിനോട് ആശയതലത്തില്‍ സാമ്യമുള്ള വഹാബിസം പ്രചരിപ്പിക്കുന്നതിനല്ലേ ഉപയോഗപ്പെടുത്തിയത് എന്ന ചോദ്യത്തിനോട് മറുചോദ്യമുന്നയിച്ചായിരുന്നു കിരീടാവകാശിയുടെ പ്രതികരണം. വഹാബിസം എന്ന സംജ്ഞയെ കുറിച്ചറിയില്ലെന്നും വിശദീകരിക്കാമോയെന്നുമുള്ള മുഹമ്മദ് സല്‍മാന്‍ രാജകുമാരന്റെ ചോദ്യത്തില്‍ ആദ്യമൊന്ന് പതറിയ ജെഫ്രി 18 ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് സ്ഥാപിച്ച, തീവ്ര സ്വഭാവമുള്ള സലഫീ, ഭീകര പ്രസ്ഥാനമാണെന്ന് പ്രതിവചിച്ചു.

വഹാബിസം എന്നത് കൃത്യമായി നിര്‍വചിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്നും സൗദിയില്‍ വഹാബിസം എന്നൊന്ന് ഇല്ലെന്നും തങ്ങളാരും ഇങ്ങനെ വിശ്വസിക്കുന്നില്ലെന്നും വ്യക്തമാക്കി. സൗദിയില്‍ സുന്നി, ശിയ എന്നിങ്ങനെ രണ്ട് വിഭാഗം മുസ്‌ലിംകളുമുണ്ട്. ഹമ്പലി, ഹനഫി, ശാഫി, മാലികി എന്നീ നാല് കര്‍മശാസ്ത്ര ചിന്താധാരകളുമുണ്ട്. ചില വിഷയങ്ങളില്‍ ഇവര്‍ക്കിടയില്‍ വ്യത്യാസമുണ്ടെന്നത് ശരിയാണ്. പക്ഷേ, ഇതിലെല്ലാം നന്മയുമുണ്ട്. തുടര്‍ന്ന് ആലുസഊദ് കുടുംബത്തിന്റെ താഴ്‌വഴികളെ കുറിച്ചും ഇത് സൗദി അറേബ്യയില്‍ അധികാരം കയ്യാളുന്നതിലേക്ക് നയിച്ച ഘടകങ്ങളെ കുറിച്ചും കിരീടാവകാശി വിശദമാക്കി.
സൗദി അറേബ്യയില്‍ പൊതുവായുള്ള ചില കാര്യങ്ങളുണ്ട്. എല്ലാവരും മുസ്‌ലിംകളാണ്. സംസാര ഭാഷ അറബിയാണ്. ചിലയാളുകള്‍ വഹാബിസത്തെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഇതേക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്നതാണ് യഥാര്‍ഥ്യം. സൗദി മന്ത്രിസഭയിലും ഉദ്യോഗ തലത്തിലും വരെ ശിയാ വിശ്വാസികളെ കണ്ടേക്കുമെന്നും രാജ്യത്തെ പ്രധാനപ്പെട്ട ഒരു യൂനിവേഴ്‌സിറ്റിയുടെ റെക്ടര്‍ സ്ഥാനത്ത് വരെ ശിയാ വിശ്വാസിയുണ്ടെന്നും കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved