Latest News :
Home » , , , » ലോക മുസ്‌ലിം സമ്മേളനം: വിശ്വാസികള്‍ സഹിഷ്ണുത മുഖമുദ്രയാക്കണം -കാന്തപുരം

ലോക മുസ്‌ലിം സമ്മേളനം: വിശ്വാസികള്‍ സഹിഷ്ണുത മുഖമുദ്രയാക്കണം -കാന്തപുരം

Written By Muhimmath News on Wednesday, 9 May 2018 | 11:09
അബുദാബി: യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്റെ ആതിഥ്യത്തില്‍ അബുദാബിയില്‍ സംഘടിപ്പിച്ച പ്രഥമ അന്തരാഷ്ട്ര മുസ്‌ലിം ന്യൂനപക്ഷ സമ്മേളനം അബുദാബിയില്‍ ആരംഭിച്ചു. ലോകത്തെ 130 രാജ്യങ്ങളെ പ്രതിനിധീകരിച്ചു. വിവിധ മത, സാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖരായ 400 രാഷ്ട്രീയ, വൈജ്ഞാനിക, സാംസ്‌കാരിക വ്യക്ത്വങ്ങളാണ് സമ്മേളനത്തില്‍ സംബന്ധിക്കുന്നത്.

'ലോകത്തെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഭാവി: അവസരങ്ങളും വെല്ലുവിളികളും' എന്ന ശീര്‍ഷകത്തിലാണ് പതിനൊന്നു സെഷനുകളിലായി നടക്കുന്ന ദ്വിദിന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

സമ്മേളനത്തില്‍  'അന്താരാഷ്ട്ര സാഹചര്യത്തിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ : സാധ്യതകളും പ്രശ്‌നങ്ങളും' എന്ന ശീര്‍ഷകത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ദേശങ്ങളില്‍ നിരവധി പ്രതിസന്ധികളുടെ മധ്യയാണ് അവരുടെ ജീവിതം. ലോകത്ത് വര്‍ധിച്ചു വരുന്ന ഇസ്‌ലാമോഫോബിയ ഏറിയും കുറഞ്ഞും മുസ്‌ലിം ന്യൂനപക്ഷങ്ങളെ ബാധിക്കുന്നു. അതോടൊപ്പം ചില രാഷ്ട്രങ്ങളില്‍ മുസ്‌ലിം പേരില്‍ തീവ്രവാദ സംഘടനകള്‍ വളരുന്നത് സമാധാനപരമായി  ജീവിക്കുന്ന മുസ്‌ലിംകളെ മറ്റുള്ളവര്‍ സംശയത്തോടെ വീക്ഷിക്കാന്‍ കാരണമാവുന്നു. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സഹിഷ്ണുതാപരവും ബഹുസ്വരവുമായ  ജീവിതം അനുവര്‍ത്തിക്കുന്നവരായി വിശ്വാസികള്‍ മാറണം. മറ്റു മത സമൂഹങ്ങളുമായി സൗഹൃദം ശക്തമാക്കണം. കുഴപ്പങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നവരെ കരുതിയിരിക്കണം. ചെറിയൊരു വിഭാഗം ചെയുന്ന പാതകങ്ങള്‍ക്ക് മുസ്ലിംകളെ മുഴുവന്‍ അധിക്ഷേപിക്കുന്നത് ശരിയല്ല. എല്ലാ മത പ്രത്യയ ശാസ്ത്രങ്ങളിലുമുണ്ട്
ശരിയല്ലാത്ത മാര്‍ഗത്തില്‍ സഞ്ചരിക്കുന്നവര്‍. അവരെ നേരായ വഴിലേക്ക് കൊണ്ടുവരിക എന്നതാണ് ഭരണകൂടങ്ങളുടെ പ്രധാന കര്‍ത്തവ്യം: കാന്തപുരം പറഞ്ഞു. വിവിധ മതന്യൂനപക്ഷങ്ങള്‍ക്ക് സമാധാന പൂര്‍ണ്ണവും സുസ്ഥിരവുമായ ജീവിതത്തിനു അവസരം നല്‍കുന്ന യു.എ.ഇ ഭരണകൂടത്തിന്റെ നിലപാടുകള്‍ പ്രശംസനീയമാണെന്നും ന്യൂനപക്ഷ സമ്മേളനം സംഘടിപ്പിച്ചു അന്തരാഷ്ട്ര മുസ്‌ലിംകളുടെ മുന്നോട്ടുള്ള പ്രയാണം സുഭദ്രമാക്കാന്‍ നടത്തുന്ന യത്‌നങ്ങള്‍ മാതൃകാപരമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഉദാഹരിച്ചു ന്യൂനപക്ഷമായിരിക്കുമ്പോള്‍ തന്നെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് എങ്ങനെ മുസ്ലിംകള്‍ക്ക് ഉയര്‍ന്നുവരാമെന്നും അദ്ദേഹം പരാമര്‍ശിച്ചു.
  
സമ്മേളനം യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി  ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. അല്‍ബേനിയയുടെ മുന്‍ പ്രസിഡന്റ് റേക്‌സ്‌ഹെപ് മെയ്തീനി, ഐക്യരാഷ്ട്ര സഭ ന്യൂനപക്ഷ വിഭാഗ സമ്മേളന പ്രസിഡന്റ്  താരിഖ് അല്‍ ഖുര്‍ദി, ജപ്പാനിലെ അന്താരഷ്ട്ര ബുദ്ധിസ്റ്റ് പ്രസ്ഥാന പ്രസിഡന്റ്  കേഷോ നവാനോ, യൂറോപ്യന്‍ കൗണ്‍സില്‍ പ്രാദേശിക അതോറിറ്റി സെക്രട്ടറി ആന്‍ഡ്രിയാസ് ക്രാവര്‍, ന്യൂനപക്ഷ സമ്മേളന ചെയര്‍മാന്‍ ഡോ അലി റാഷിദ് അല്‍ നുഐമി  എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിച്ചു.  

സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ വിവിധ രാഷ്ട്രീയ വൈജ്ഞാനിക  പ്രമുഖരുമായി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍സംവദിച്ചു. 'മുസ്‌ലിം സമൂഹത്തിനിനിടയിലെ സുസ്ഥിത പ്രവര്‍ത്തനങ്ങള്‍' എന്ന  സമ്മേളനത്തിന്റെ അഞ്ചാം സെഷനില്‍ മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി സംസാരിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved