Latest News :
Home » , , , , , , , » സ്ഥാപന നിര്‍മാണങ്ങള്‍ മുസ്‌ലിംകളെ വൈജ്ഞാനികമാക്കി കരുത്തരാക്കി: ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി

സ്ഥാപന നിര്‍മാണങ്ങള്‍ മുസ്‌ലിംകളെ വൈജ്ഞാനികമാക്കി കരുത്തരാക്കി: ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി

Written By Muhimmath News on Friday, 11 May 2018 | 10:27
അബുദാബി: വിദ്യാഭ്യാസപരവും സാമൂഹികവുമായി മുസ്‌ലിംകള്‍ പിന്നാക്കം നില്‍ക്കുന്ന ദേശങ്ങളില്‍ വൈജ്ഞാനികആധ്യാത്മിക സ്ഥാപനങ്ങള്‍ നിര്‍മിച്ചു ശാസ്ത്രീയമായ സംവിധാനങ്ങളിലൂടെ വിദ്യാര്‍ത്ഥികളെ വളര്‍ത്തിക്കൊണ്ടുവന്നു സമുദായത്തിന് ശുഭകരമായ ഭാവി സമ്മാനിക്കുന്നതില്‍ ആധുനിക കാലത്തെ മുസ്‌ലിം നേതൃത്വങ്ങള്‍  ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി. 

ഇങ്ങനെ പള്ളികള്‍, മദ്രസകള്‍, യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയ അറിവിനെ വ്യത്യസ്ത തലത്തില്‍ പ്രചരിപ്പിക്കുന്ന നിര്‍മ്മണാത്മക സംവിധാങ്ങള്‍ ശക്തമായത് സമുദായത്തെ വൈജ്ഞാനികമായി കരുത്തുറ്റതാക്കി എന്നും അദ്ദേഹം പറഞ്ഞു. 

യു.എ.ഇ ഭരണകൂടത്തിന് കീഴില്‍ അബുദാബിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ന്യൂന പക്ഷ സമ്മേളനത്തിലെ മുസ്‌ലിം സമൂഹത്തിനടയിലെ സ്ഥാപന പ്രവര്‍ത്തനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


          കൃത്യമായ ആസൂത്രണത്തോടെ മുസ്‌ലിംകള്‍ പ്രബലരായ പ്രദേശങ്ങളില്‍ നടത്തിയ സ്ഥാപനങ്ങള്‍ നിര്‍മിച്ചുള്ള നവോഥാന യത്‌നങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ ഫലമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രബല ഇസ്‌ലാമിക യൂണിവേഴ്‌സിറ്റിയായ മര്‍കസു സ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ ഇരുപത്തിരണ്ടു സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചു ആയിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആണ് കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയില്‍ നിര്‍മിച്ചിട്ടുള്ളത്. 

അതോടൊപ്പം, സാമ്പത്തികമായി ദുര്‍ബലരായവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വീടുകള്‍, ആശുപത്രികള്‍, തൊഴില്‍ കേന്ദ്രങ്ങള്‍, ശുദ്ധ ജല പദ്ധതികള്‍ തുടങ്ങി അനേകം സംരംഭങ്ങളും നിര്‍മിച്ചു നല്‍കി. ഒമ്പത് മില്യണ്‍ ആളുകള്‍ ഈ സംരംഭങ്ങളുടെ പ്രയോജകരായിട്ടുണ്ട്. പലയിടങ്ങളിലും ഗവണ്മെന്റുകള്‍ക്ക് പോലും കഴിയാത്തത്ര വിപുലമായി ഈ പദ്ധതികള്‍ പിന്നാക്ക സമൂഹങ്ങള്‍ക്ക് പ്രതീക്ഷാനിര്‍ഭരമായ ഭാവി നല്‍കുന്ന വിധത്തില്‍ വിജയകരമായിട്ടുണ്ട്.  

സമുദായത്തിലെ സാമപത്തികമായി ശേഷിയുള്ളവരുടെകൂടി പിന്തുണകളോടെയും വിവിധ ചാരിറ്റി സംഘടകളുടെ സഹായത്തോടെയും ഇന്ത്യയില്‍  മര്‍കസ്  നടത്തുന്ന ഇത്തരം സ്ഥാപന നിര്‍മാണ പദ്ധതികള്‍ ലോകത്തെ വിവിധ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്: ഡോ അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. 

     വഖ്ഫ് ചെയ്യുന്നവരും നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവരും മസ്ജിദുകള്‍ ഉണ്ടാക്കാനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ആവശ്യത്തിന് നിസ്‌കരിക്കാന്‍ പള്ളികള്‍ ഉള്ള സ്ഥലങ്ങളില്‍ സമുദായത്തിലെ സാമ്പത്തിക ശേഷിയുള്ളവര്‍  കാലഘട്ടത്തിന്റെ ആവശ്യകത മനസ്സിലാക്കി  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുവാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

     മൊറോക്കന്‍ അബ്രോഡ് കമ്മ്യൂണിറ്റി സെക്രട്ടറി അബ്ദുല്ല ബസൗഫ്,  പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബര്‍ക്കിനാ ഫാസോ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് ഡോ. അബൂബക്കര്‍ ദൗകരി, ഗുവേനിയ വികസന വകുപ്പ് മന്ത്രി ഖുതുബ് മുസ്തഫ,  ബ്രസീല്‍ കേന്ദ്രമായ ലാറ്റിനമേരിക്കന്‍ ഇസ്‌ലാമിക്  സെന്റര്‍ പ്രസിഡന്റ് അലി അഹ്മദ് സൈഫി, ബോസിനിയന്‍ മുന്‍ മുഫ്തി ഡോ. മുസ്തഫ കെറിക് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved