Wednesday, 2 May 2018

സഊദിയിലേക്കുള്ള സന്ദര്‍ശക വിസ 2000 റിയാലിന് പകരം 300 റിയാലാക്കി കുറച്ചു


ജിദ്ദ: സഊദിയിലേക്കുള്ള സന്ദര്‍ശക വിസകള്‍ക്കുള്ള തുക കുത്തനെ കുറച്ചതായി ട്രാവല്‍സ് ഏജന്റുമാര്‍. നിലവിലുള്ള 2000 റിയാലിന് പകരം 300 റിയാലാണ് പുതിയ വിസ സ്റ്റാമ്പിങ് ചാര്‍ജായി ഈടാക്കുക. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ലഭിച്ചതായും ബുധനാഴ്ച മുതല്‍ പുതിയ തുക ഈടാക്കുമെന്നും വിവിധ ഏജന്‍സികള്‍ പറഞ്ഞു.

2016 ഒക്ടോബറിലാണ് സഊദിയിലേക്കുള്ള സന്ദര്‍ശക വിസ കൂട്ടിയത്. മൂന്ന് മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി സന്ദര്‍ശക വിസക്ക് അന്നുമുതല്‍ 2000 റിയാലായിരുന്നു തുക. ട്രാവല്‍ ഏജന്റുമാര്‍ക്ക് ലഭിച്ച അറിയിപ്പനുസരിച്ച് ഇനി മുതല്‍ 300  350 റിയാലാകും ഇതിനുള്ള തുക. കേരളത്തില്‍ സഊദിയിലേക്ക് മൂന്ന് മാസത്തേക്ക് ഫാമിലി വിസ സ്റ്റാമ്പിങിന് ഇന്‍ഷൂറന്‍സും ജി.എസ്.ടിയുമടക്കം 45,000 രൂപ വരെയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ഒറ്റയടിക്ക് 10,000 രൂപയിലേക്കെത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മുംബൈയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ചതായി ട്രാവല്‍ ഏജന്റുകള്‍ അറിയിച്ചു.

മെയ് ദിന അവധിയായതിനാല്‍ ബുധനാഴ്ച മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയെന്നും ട്രാവല്‍സുകള്‍ അറിയിച്ചു. ആറുമാസ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് നിലവില്‍ 3000 റിയാലാണ് തുക. ഇത് 450 റിയാലാകുമെന്നും ട്രാവല്‍ ഏജന്റുമാര്‍ വിശദീകരിക്കുന്നു. പുതിയ നിരക്ക് സംബന്ധിച്ച വ്യക്തത ബുധനാഴ്ച വിസ തുകയടയ്ക്കുമ്പോള്‍ കൃത്യപ്പെടുത്താനാകുമെന്ന് ഏജന്റുമാര്‍ അറിയിച്ചു. വിസ നിരക്ക് കൂടിയതോടെ  2016 നെ അപേക്ഷിച്ച് 20  ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ്. ഇതാകാം പുതിയ നിരക്ക് മാറ്റത്തിന് കാരണമെന്നാണ് സൂചന.

അതേ സമയം ടൂറിസ്റ്റ് വിസ ചട്ടങ്ങള്‍ ലഘൂകരിക്കുമെന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സഊദി ടൂറിസം മന്ത്രാലയം അധികൃതര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: