Latest News :
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു
Home » , , , » കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

കര്‍ണാടകയില്‍ ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേക്ക്

Written By Muhimmath News on Tuesday, 15 May 2018 | 18:30



ബംഗളൂരു: കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അധികാരത്തില്‍ എത്തുന്നത് തടയുന്നതിന് വേണ്ടി കോണ്‍ഗ്രസ് ജനതാദള്‍ എസുമായി സഖ്യധാരണിയിലെത്തി. തനിച്ച് ഭരിക്കാന്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ 39 സീറ്റുള്ള ജനതാദള്‍ എസിനെ കൂട്ടുപിടിച്ച് ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റി നിറുത്തകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി.കുമാരസ്വാമിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയെ അറിയിച്ചു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് ആയിരിക്കും. ഒരു ദളിത് നേതാവായിരിക്കും ഉപമുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയെന്ന് അറിയുന്നു.

ഇന്ന് വൈകിട്ട് തന്നെ കോണ്‍ഗ്രസ് ജെ.ഡി.എസുമൊത്ത് ഗവര്‍ണര്‍ വജുഭായ് വാലയെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും. അതേസമയം, ഗുജറാത്തിലെ മുന്‍ സ്പീക്കറും മുന്‍ മന്ത്രിയുമായ വജുഭായ് വാല ഏത് കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നതാണ് നിര്‍ണായകമാവും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സാധാരണ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവിനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് പതിവ്. ഇവിടെ എന്ത് നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏറ്റവും കൂടുതല്‍ എം.എല്‍.എമാരുള്ള കക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ചരിത്രം മുമ്പുണ്ട്. എ.ബി.വാജ്‌പേയ് പ്രധാനമന്ത്രിയായത് അങ്ങനെ ആയിരുന്നു. എന്നാല്‍ അന്ന് 13 ദിവസത്തിന് ശേഷം വാജ്‌പേയി രാജിവെക്കുകയായിരുന്നു. എന്നാല്‍, അന്തിമ ഫലം വരുന്നത് വരെ ഗവര്‍ണര്‍ ഒരു കക്ഷിയേയും കാണില്ലെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം തങ്ങളുടെ വാഗ്ദാനം കുമാരസ്വാമി അംഗീകരിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസിന് 20ഉം ദളിന് 14 മന്ത്രിമാരും ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യം തുടരാനും ഇരു നേതാക്കളും തമ്മില്‍ ധാരണയായിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 76 സീറ്റാണ് കിട്ടിയത്. ജെ.ഡി.എസിന്റെ 39 സീറ്റ് കൂടി ലഭിച്ചാല്‍ കോണ്‍ഗ്രസിന് ആകെ 115 സീറ്റാവും. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ട് സ്വതന്ത്രന്മാരെയും കൂടെ നിറുത്താനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് 104 സീറ്റാണുള്ളത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved