Tuesday, 1 May 2018

പോസ്റ്ററില്ല, ബാനറില്ല, സോഷ്യല്‍ മീഡിയ പ്രചരണമില്ല; എസ് എസ് എഫ് സമ്മേളനത്തില്‍ അണിനിരന്നത് പതിനായിരങ്ങള്‍

കോഴിക്കോട്: പോസ്റ്ററും ബാനറും സോഷ്യല്‍ മീഡിയ പ്രചരണങ്ങളൊന്നുമില്ലാതെ പതിനായിരങ്ങളെ അണിനിരത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫിന്റെ സമ്മേളനം ശ്രദ്ധേയമായി. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിലാണ് മലപ്പുറം കൂരിയാട് വെച്ച് സമ്മേളനം നടത്തിയത്. എസ്.എസ്.എഫിന്റെ 45 ാം സ്ഥാപകദിനത്തോടനുബന്ധിച്ചായിരുന്നു സമ്മേളനം.

സമ്മേളനവുമായി ബന്ധപ്പെട്ട് ഒരൊറ്റ പോസ്റ്ററോ ബാനറോ എവിടെയും പതിക്കാതെയും സോഷ്യല്‍ മീഡിയയില്‍ സമ്മേളനത്തെ കുറിച്ച് ഒരു വരിപോലും എഴുതാതെയുമായിരുന്നു സമ്മേളനം. നേതാക്കള്‍ നേരിട്ട് പ്രവര്‍ത്തകരിലേക്കിറങ്ങി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രവര്‍ത്തകരില്‍ നിന്നും പ്രവര്‍ത്തകരിലേക്ക് വിവരം എത്തിച്ചായിരുന്നു പ്രചരണം. ഒരു മാസക്കാലം. യൂണിറ്റുകളിലും സെക്ടറുകളിലും ഡിവിഷനുകളിലും പ്രവര്‍ത്തകര്‍ മാത്രം ഒത്തുകൂടിയായിരുന്നു പ്രചരണം.

കൂരിയാട്ടുകാര്‍ക്ക് പോലും സമ്മേളനത്തെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ആരെയും മറച്ചുവെക്കാനായിരുന്നില്ല ഈ സ്വകാര്യ സമ്മേളനം എന്നും പ്രവര്‍ത്തകരെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു സമ്മേളനമെന്നും സോഷ്യല്‍ മീഡിയ കാലത്തും ഇങ്ങനെയൊക്കെ സാധ്യമാണ് എന്ന് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താനാണെന്നും എസ്.എസ്.എഫ് സംസ്ഥാന നേതാവ് മുഹമ്മദലി കിനാലൂര്‍ പറയുന്നു.

അതേസമയം കാമ്പസുകളിലെ അരികുവത്കരണത്തിനും ദലിത്‌ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ക്കെതിരെയുള്ള സമരങ്ങള്‍ ശക്തിപ്പെടുത്താന്‍ സമ്മേളനം ആഹ്വാനം ചെയ്തു. വ്യക്തിസ്വാതന്ത്ര്യത്തെ മറയാക്കി മൂല്ല്യങ്ങള്‍ കൈയേറ്റം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു.


SHARE THIS

Author:

0 التعليقات: