Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , , » മര്‍കസ് നോളേജ് സിറ്റിയില്‍ പൗരാണിക ഗ്രന്ഥശേഖരം ഒരുക്കുന്നു

മര്‍കസ് നോളേജ് സിറ്റിയില്‍ പൗരാണിക ഗ്രന്ഥശേഖരം ഒരുക്കുന്നു

Written By Muhimmath News on Saturday, 12 May 2018 | 10:59

കോഴിക്കോട്: പൊതുസമൂഹത്തിന്റെ പങ്കാളിത്തത്തോടെ പൗരാണിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരം മര്‍കസ് നോളേജ് സിറ്റിയില്‍ തയ്യാറാക്കുന്നു. നഷ്ടപ്പെടുന്ന ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കാനും ചരിത്ര പഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഉപകാരപ്പെടുന്ന വിധത്തില്‍ കേരളത്തിലെ മുസ്‌ലിം വൈജ്ഞാനിക പാരമ്പര്യത്തിലെ വ്യത്യസ്ത സ്രോതസുകള്‍ ,ലഭ്യമാക്കാനും  ഉദ്ദേശിച്ചാണ് ഈ പദ്ധതി. 

        വിവിധ നൂറ്റാണ്ടുകളില്‍ എഴുതപ്പെട്ട കയ്യെഴുത്തു പ്രതികള്‍, ഇസ്‌ലാമിക വിജ്ഞാന ശാഖയിലെ വ്യത്യസ്ത കൃതികള്‍, അറബി മലയാളത്തില്‍ പുറത്തു വന്ന പദ്യ, ഗദ്യ സമാഹാരങ്ങള്‍, മാപ്പിള മുസ്ലിം ജീവിത സംസ്‌കാരവുമായി ബന്ധപ്പെട്ടു പുറത്തുവന്ന പ്രകാശിതവും അപ്രകാശിതവുമായ ഗ്രന്ഥങ്ങള്‍, ഇസ്‌ലാമിക പഠനത്തില്‍ പുതുതായി ലോകത്ത് പ്രസിദ്ധീകരിച്ച  അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിലെ അക്കാദമിക ഗ്രന്ഥങ്ങള്‍ തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി  മര്‍കസ് നോളേജ് സിറ്റി ലൈബ്രറിയില്‍ ശേഖരിക്കും. 

കൂടാതെ, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വിപുലമായ ശേഖരണത്തിലേക്ക് ആധുനികവും പുതിയതുമായ ഗ്രന്ഥങ്ങളും സ്വീകരിക്കുന്നുണ്ട്. ഗ്രന്ഥശേഖരണത്തില്‍ പങ്കാളികളാവാന്‍ താല്‍പര്യമുള്ളവര്‍ക്ക്  നോളേജ് സിറ്റി പ്രത്യേക സ്‌കീമുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 
       ലോകത്തു അറിവിന്റെ വിവിധ സഞ്ചയങ്ങളെ ഉല്‍പാദിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട് ഇസ്ലാമികമായ രചനകളെന്ന് മര്‍കസ് നോളേജ് സിറ്റി ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. 

വിവിധ ഭാഷകളില്‍ രചിക്കപ്പെട്ട പഴയതും പുതിയതുമായ ഗ്രന്ഥങ്ങള്‍ നോളേജ് സിറ്റിയിലെ ശരീഅ സിറ്റി, യൂനാനി മെഡിക്കല്‍ കോളേജ്, ക്വീന്‍സ് ലാന്‍ഡ്, ലോ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഡിഗ്രി, പി.ജി , ഗവേഷക വിദ്യാര്‍ത്ഥികളുടെ പഠന മുന്നേറ്റത്തിന് സഹായകമാവും വിധം സജ്ജീകരിക്കും. പഴക്കം ചെന്ന കിതാബുകള്‍ ആധുനിക ശാസ്ത്രീയ  സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിഷ്‌കരിച്ചു പാരായണ യോഗ്യമാക്കും. 
ചരിത്രത്തെ നിര്‍വ്വചിക്കുകയും, അതോടൊപ്പം ഭാവിയിലേക്ക് ധൈഷണിക സഞ്ചാരം നടത്താന്‍ പഠിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യന്ന പുസ്തക ശേഖരമാണ് നോളേജ് സിറ്റിയില്‍ ഉയര്‍ന്നു വരുന്നെതെന്നും അദ്ദേഹം പറഞ്ഞു. 

         ഗ്രന്ഥ ശേഖരത്തിന്റെ ഉദ്ഘാടനം മര്‍കസില്‍ നടന്ന ചടങ്ങില്‍ നടന്നു. സമസ്ത മുശാവറ അംഗം വി.പി.എം ഫൈസി വില്ല്യാപ്പള്ളി തന്റെ 75 അറബി പൗരാണിക കൃതികള്‍ മര്‍കസിനു നല്‍കി നിര്‍വ്വഹിച്ചു.

 മര്‍കസ് ചാന്‍സലര്‍  കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി. 
ഇസ്‌ലാമിക കര്‍മശാസ്ത്രം, ചരിത്രം, ആധ്യാത്മികത തുടങ്ങിയ വിഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അച്ചടിക്കപ്പെട്ട പുസ്തകങ്ങളാണ് വി.പി.എം ഫൈസി മര്‍കസ് നോളജ് സിറ്റിക്ക് കൈമാറിയത്. ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ശരീഅ സിറ്റി ഡീന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി പദ്ധതി വിശദീകരിച്ചു സംസാരിച്ചു. 

സി മുഹമ്മദ് ഫൈസി, ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രസംഗിച്ചു. പുസ്തകങ്ങള്‍ മര്‍കസ് നോളേജ് സിറ്റിക്ക് നല്‍കാന്‍ താല്പര്യമുള്ളവര്‍ക്ക് പദ്ധതിയുടെ വിശദാംശം അറിയാന്‍ 9995260392 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved