Latest News :
Home » , , » ശൈഖ് സായിദ് ലോകം മുഴുവന്‍ സമാധാനം പുലരാന്‍ ആഗ്രഹിച്ച നേതാവ്: കാന്തപുരം

ശൈഖ് സായിദ് ലോകം മുഴുവന്‍ സമാധാനം പുലരാന്‍ ആഗ്രഹിച്ച നേതാവ്: കാന്തപുരം

Written By Muhimmath News on Friday, 1 June 2018 | 17:56


അബുദാബി: യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ലോകം മുഴുവനും സമാധാനം പുലരാന്‍ ആഗ്രഹിക്കുകയും അതിന്നായി പരിശ്രമിക്കുകയും ചെയ്ത നേതാവായിരുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അബുദാബി നാഷനല്‍ തിയേറ്ററില്‍ നടന്ന
റമസാന്‍ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം മുറുകെപ്പിടിച്ച ശൈഖ് സായിദ് പരസ്പര സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയേണ്ടതിന്റെ പ്രാധാന്യം അടിക്കടി ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു. യുദ്ധങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പരിണിതി അദ്ദേഹം നന്നായി മനസ്സിലാക്കിയിരുന്നു. പുരോഗതിക്കും വികസനത്തിനും എതിരാണതെന്നും രാജ്യപുരോഗതി ആഗ്രഹിക്കുന്നവര്‍ സമാധാനപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിക്കുകയും ജനങ്ങളുടെ താല്പര്യം ഉള്‍ക്കൊള്ളണമെന്നും ഉണര്‍ത്തി.
ശൈഖ് സായിദിന്റെ നൂറാം ജന്മദിന വര്‍ഷത്തില്‍ രാജ്യം അവരുടെ സ്മരണ പുതുക്കുകയും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത് സന്തോഷം നല്‍കുന്ന കാഴ്ചയാണ്. പ്രാര്‍ഥനക്ക് ഏറ്റവും കുടതല്‍ ഉത്തരകിട്ടുന്ന ഈ വിശുദ്ധ റമസാനില്‍ ശൈഖ് സായിദിനായി പത്ത് ലക്ഷം ഫാത്തിഹ ഹദിയ ചെയ്യുന്ന പദ്ധതി മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ നടത്തുകയാണ്. 

വിദേശങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കായ ആളുകള്‍ക്ക് തൊഴില്‍ അവസരം നല്‍കുകയും ലോകത്തിനു എല്ലാ നിലയിലും സഹായവും നല്‍കുന്ന ഈ രാജ്യത്തിന്റെ നടപടികള്‍ ശ്ലാഘനീയമാണ്. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസ സാംസ്‌കാരിക വാണിജ്യ മേഖലയില്‍ ഉണ്ടായ ഉയര്‍ച്ചയില്‍ ഇമാറാത് നല്‍കുന്ന സഹായ സഹകരണം മഹത്തരമാണ് കാന്തപുരം പറഞ്ഞു.

പുണ്യങ്ങള്‍ നിറഞ്ഞ ദിനരാത്രങ്ങളാണ് റമസാന്റേത്. അതിന്റെ ആദ്യ പത്ത് കഴിഞ്ഞു പോയി. പാപ മോചനത്തിന്റെയും നരകമോചനത്തിന്റെയും ദിനങ്ങളാണിനിയുള്ളത്. ഈ ദിനങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ നമുക്ക് സാധിക്കണം. മനുഷ്യന്‍ ഏറ്റവുമധികം ആഗ്രഹിക്കേണ്ടത് നരകമുക്തിയാണ്. റമസാനില്‍ ഇതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. വിശ്വാസികള്‍ ഈ സുവര്‍ണ ദിനങ്ങള്‍ പരമാവധി വിനിയോഗിക്കണം. ഖുര്‍ആനുമായി കൂടുതല്‍ അടുക്കാന്‍ ഈ അവസരം വിനിയോഗിക്കണം. മനുഷ്യന്റെ മനസില്‍ സത്യവിശ്വാസത്തിന്റെയും കര്‍മങ്ങളില്‍ നന്‍മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ തുറന്നുവെച്ച വെളിച്ചം അന്ധതയുടെ ഇരുട്ട് ബാധിച്ച ജനകോടികളുടെ മനസില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പ്രവാചകരെയും തുച്ഛം അനുയായികളെയും വധിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഉമര്‍ (റ) അപ്രതീക്ഷിതമായി കേട്ട ഖുര്‍ആന്‍ പാരായണത്തില്‍ ആകൃഷ്ടനായി മനം മാറിയത് മുതല്‍ ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഖുര്‍ആന്‍ വിതറിയ വെളിച്ചത്തിലൂടെ സത്യവിശ്വാസത്തിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു 
.പത്മശ്രീ യൂസഫ് അലി എം എ, സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, പി എ മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി, കുറ്റൂര്‍ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഇ പി മൂസ ഹാജി, മുസ്തഫ ദാരിമി കടാങ്കോട് എന്നിവര്‍ പങ്കെടുത്തു.      

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved