ദുബായ്: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് അമേരിക്കക്കാരന് വിദ്യാര്‍ഥി അഹമ്മദ് ബുര്‍ഹാന്‍ സ്വന്തമാക്കി. നൂറ്റി നാല് രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് ഈ പതിനാറുകാരന് ഒന്നാമതെത്തിയത്. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പൌരന് രണ്ടര ലക്ഷം ദിര്‍ഹംസ് – ഏകദേശം നാല്പത്തിയാറു ലക്ഷം ഇന്ത്യന്‍ രൂപ സമ്മാനത്തുകയുള്ള ഈ അവാര്‍ഡ് സ്വന്തമാക്കുന്നത്. ദുബായ് കള്‍ച്ചറല്‍ ആന്‍ഡ് സൈന്റെഫിക് ഓഡിറ്റൊറിയത്തില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ വിജയികള്‍ക്ക് അവാര്‍ഡ് കൈമാറി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള ഹംസ അല്‍ ബഷീര്‍ (ലിബിയ) മുഹമ്മദ് മാരിഫ് (ടുണിഷ്യ) എന്നിവര്‍ കരസ്ഥമാക്കി.. രണ്ട് ലക്ഷം ദിര്‍ഹംസാണ് സമ്മാനത്തുക. നാലാം സ്ഥാനം അള്‍ജീരിയയില്‍ നിന്നുള്ള അഹമ്മദ് ഹെര്ക്കത് അഞ്ചാം സ്ഥാനം സൗദിയില്‍ നിന്നുള്ള അല്സാവിദ് ഇബ്രാഹീം എന്നിവര്‍ സ്വന്തമാക്കി. മൂന്നു വിഭാഗമായിട്ടാണ് ഹോളി ഖുര്‍ആന്‍ വാര്‍ഷിക അവാര്‍ഡ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഒന്നാം ഘട്ടം ഇസ്ലാമിക പണ്ഡിതരുടെ പ്രഭാഷണങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പണ്ഡിതര്‍ റമദാനിലെ ആദ്യ ഏഴു ദിവസം യുഎയുടെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് ഇസ്ലാമിക വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. തുടര്‍ന്ന് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ ഖുര്‍ആന്‍ പാരായണ മത്സരാര്‍ത്ഥികളുടെ പാരായണ മത്സരമാണ്. ഇത് പന്ത്രണ്ട് ദിവസം നീണ്ട് നില്ക്കും. മത്സരത്തിന്റെ തുടര്‍ച്ചയായിട്ടാണ് മുസ്ലിം പേര്‍സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിക്കുന്നത്.
ഈ വര്‍ഷത്തെ പാരായണ മത്സരത്തിന് നൂറ്റി നാല് മത്സരാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി ഈ വര്‍ഷവും കേരളത്തില്‍ നിന്നായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഖുര്‍ആന്‍ പഠിതാക്കളുടെ സ്വപ്നമാണ് ദുബായ് ഹോളി ഖുര്‍ആന്‍ സമ്മാനം. രണ്ടര ലക്ഷം ദിര്‍ഹം സമ്മാനവും സര്‍റ്റിഫിക്കറ്റും മറ്റു നിരവധി സൌകര്യങ്ങളും വിജയികള്‍ക്ക് ലഭിക്കുന്നു. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും കാഷ് സമ്മാനവും സര്‍റ്റിഫിക്കറ്റും മറ്റ് ചിലവുകളും കമ്മറ്റി നല്കുന്നു. എണ്‍പത് ശതമാനത്തിനു മുകളില്‍ സ്കോര്‍ ചെയ്യുന്നവര്‍ക്ക് മുപ്പതിനായിരം ദിര്‍ഹംസും എഴുപതിനു മുകളില്‍ സ്കോര്‍ നേടിയവര്‍ ഇരുപത്തി അയ്യായിരവും അതിനു താഴെ മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഇരുപതിനായിരവും യുഎഇ ദിര്‍ഹം സമ്മാനം ലഭിക്കും. കഴിഞ്ഞ വര്‍ഷം സമ്മാനം കരസ്ഥമാക്കിയത് ബംഗ്ലാദേശില്‍ നിന്നുള്ള പതിമൂന്ന് വയസ്സുകാരന് മുഹമ്മദ് താരിഖ് ഇസ്ലാം ആയിരുന്നു. ദുബായ് ഭരണാധികാരിയുടെ നിര്‍ദ്ദേശപ്രകാരം 1997 ലാണ് മുസ്ലിം ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഈ മത്സരം ആരംഭിച്ചത്.