Latest News :
...
Home » , , , » ഫഹദ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ഫഹദ് വധക്കേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

Written By Muhimmath News on Saturday, 16 June 2018 | 17:20


കാസര്‍കോട്: കാസര്‍കോട് ഫഹദ് വധകേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. തെങ്ങുകയറ്റ തൊഴിലാളിയായ ഇരിയ കണ്ണോത്തെ വിജയനാണ്(31) ഫഹദ് വധക്കേസിലെ പ്രതി. കാസര്‍കോട് അഡി. സെഷന്‍ കോടതി(ഒന്ന് ) ജഡ്ജി ശശികുമാറാണ് കുറ്റകാരനെന്ന് കണ്ടെത്തിയത്. 2015 ജൂലൈ ഒമ്പതിന്റെ റമദാന്‍ ദിനത്തിലാണ് പെരിയ കല്യോട്ടിനുസമീപം കണ്ണോത്തെ ഓട്ടോഡ്രൈവര്‍ അബ്ബാസ്-ആയിഷ ദമ്പതികളുടെ മകനും കല്യോട്ട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാംതരം വിദ്യാര്‍ഥിയുമായ ഫഹദിനെ കൊലപ്പെടുത്തിയത്.

കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും തുരുതുരാ വെട്ടുകയുമായിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ കുട്ടിക്ക് കാലിന് അസുഖമുണ്ട്. കത്തി വീശുമ്പോള്‍ ഓടി രക്ഷപ്പെടുന്നതിനിടയില്‍ വീണ ഫഹദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചോര പുരണ്ട കത്തിയുമായി നില്‍ക്കുകയായിരുന്ന വിജയനെ നാട്ടുകാര്‍ പിടികൂടി മരത്തില്‍ കെട്ടിയിട്ടു. പിന്നീട് ബേക്കല്‍ പോലിസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.

വിജയനെതിരെ ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താന്‍ വിജയന് പ്രേരണയായതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

60ഓളം സാക്ഷികളുണ്ടായിരുന്ന കേസില്‍ ഫഹദിന്റെ സഹോദരിയടക്കം 36 സാക്ഷികളെ വിസ്തരിച്ചതില്‍ നിന്നാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍ രാഘവനാണ് ഹാജരായത്. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യപിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved