Latest News :
...
Home » , , , » ഫഹദ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

ഫഹദ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം

Written By Muhimmath News on Monday, 18 June 2018 | 17:01



കാസര്‍കോട്: സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന എട്ടുവയസുകാരനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇരിയ കണ്ണോത്തെ വിജയകുമാറിനെ(34)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. ഓട്ടോഡ്രൈവര്‍ കണ്ണോത്തെ അബ്ബാസിന്റെ  മകന്‍ മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് പ്രതിക്കുള്ള ശിക്ഷ പ്രഖ്യാപിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പിഴ തുക കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവ അനുഭവിക്കണം. മറ്റൊരു വകുപ്പില്‍ വിജയകുമാറിനെതിരെ ഒരുമാസം  തടവുമുണ്ട്. 
      
2015 ജൂലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചാന്തന്‍മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാംതരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തിയുമായി ഇവര്‍ക്ക് സമീപമെത്തിയത്. ഭയചകിതനായി ഓടുന്നതിനിടെ ഒരുകാലിന് സ്വാധീനക്കുറവുള്ള കുട്ടി വീഴുകയും തുടര്‍ന്ന് കുട്ടിയെ വിജയന്‍ വാക്കത്തി കൊണ്ട് കഴുത്തിനും പുറത്തും വെട്ടുകയുമായിരുന്നു. നാട്ടുകാരെത്തി ഫഹദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.
വിജയനെതിരെ ബേക്കല്‍ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഫഹദിന്റെ പിതാവിനോടുണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ഫഹദിനെ കൊലപ്പെടുത്താന്‍ വിജയന് പ്രേരണയായതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്നത്തെ ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന യു പ്രേമനാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്.പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണക്കായി ജില്ലാകോടതിയിലേക്ക് മാറ്റുകയായിരുന്നു. കേസില്‍ 50 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി രാഘവന്‍ ഹാജരായി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved